ഒഹായോ∙ നവജാതശിശുവിന്റെ മൃതദേഹം ചവറ്റുകുട്ടയിൽ ഉപേക്ഷിച്ച സംഭവത്തിൽ യുഎസിൽ ഇന്ത്യൻ വംശജയ്ക്ക് ശിക്ഷ. കേസിൽ അനുരാധ മണുകോണ്ട (27) കുറ്റം സമ്മതിച്ചതിനെ തുടർന്ന് മൂന്ന് മാസത്തെ തടവുശിക്ഷയും അഞ്ച് വർഷത്തെ പ്രൊബേഷനും കോടതി വിധിച്ചു. ഈ മാസം ഏഴിന് മാഡിസൺ കൗണ്ടി കോമൺ പ്ലീസ് കോടതി ജഡ്ജി ഈമൺ കോസ്റ്റല്ലോയാണ് വിധി പ്രഖ്യാപിച്ചത്. മൂന്ന് വർഷത്തിലേറെ നീണ്ട അന്വേഷണത്തിനൊടുവിലാണ് കേസിൽ വിധി വരുന്നത്.
മൃതദേഹത്തോട് ഗുരുതരമായ അനാദരവ് കാണിച്ചെന്ന കുറ്റം അനുരാധ കോടതിയിൽ സമ്മതിച്ചു. 2023 ജൂണിലാണ് ഒഹായോയിലെ പ്ലെയിൻ സിറ്റിയിൽ ബ്ലൂസ്റ്റെം ലെയ്‌നിലെ മാലിന്യ ശേഖരണത്തിനിടെ മാലിന്യങ്ങൾ കൊണ്ടുപോകുന്ന വാഹനത്തിനുള്ളിൽ നിന്നാണ് നവജാതശിശുവിന്റെ മൃതദേഹം തൊഴിലാളികൾ കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയതിനു പിന്നാലെ കുഞ്ഞിന് ‘മാഡിസൺ ബേബി ഡോ’ എന്ന് പേരുനൽകി. കുഞ്ഞിന്റെ ഓർമയ്ക്കായി നൂറിലേറെ പേർ പങ്കെടുത്ത സംസ്കാരച്ചടങ്ങും സംഘടിപ്പിച്ചു. 2023 ജൂൺ നാലിന് ഫോറസ്റ്റ് ഗ്രോവ് സെമിത്തേരിയിലാണ് കുഞ്ഞിനെ സംസ്കരിച്ചത്.
അന്വേഷണത്തിനൊടുവിൽ 2025ൽ കുഞ്ഞിന്റെ അമ്മയെ പൊലീസ് കണ്ടെത്തി കസ്റ്റഡിയിലെടുത്തു. മാലിന്യത്തിനിടയിൽനിന്ന് ലഭിച്ച ബിയർ കുപ്പിയും പഞ്ഞിക്കഷണവും ഉൾപ്പെടെയുള്ളവയിൽനിന്ന് ശേഖരിച്ച ഡിഎൻഎ തെളിവുകളാണ് പ്രതിയിലേക്ക് അന്വേഷണ സംഘത്തെ നയിച്ചത്. 2025 മാർച്ചിലാണ് അനുരാധ മണുകോണ്ടയ്ക്കെതിരെ കുറ്റം ചുമത്തിയത്. എന്നാൽ മാലിന്യവാഹനം ഇടിച്ചുണ്ടായ പരുക്കുകളും മൃതദേഹം കണ്ടെത്താൻ വൈകിയതും കാരണം കുഞ്ഞിന്റെ മരണകാരണം കണ്ടെത്താനായില്ലെന്ന് അധികൃതർ അറിയിച്ചു.
∙ ‘ഗർഭിണിയാണെന്ന് അറിയില്ലായിരുന്നു ’
പ്രത്യുത്പാദന വ്യവസ്ഥയെ ബാധിക്കുന്ന ആരോഗ്യപ്രശ്നം ഉണ്ടായിരുന്നതിനാൽ താൻ ഗർഭിണിയാണെന്ന് പ്രതിക്ക് അറിയില്ലായിരുന്നുവെന്നാണ് പ്രതിയുടെ അഭിഭാഷകൻ വാദിച്ചത്. അനുരാധ ഒരു വീട്ടിൽ പരിചയക്കാരെ സന്ദർശകനായി എത്തിയതായിരുന്നു. വീട്ടിൽ വച്ച് ജീവനില്ലാത്ത കുഞ്ഞിന് ജന്മം നൽകി. ഇതോടെ പരിഭ്രാന്തയായ പ്രതി കുഞ്ഞിന്റെ മൃതദേഹം ചവറ്റുകുട്ടയിൽ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് അഭിഭാഷകന്റെ വിശദീകരണം.
സംഭവം മാലിന്യ ശേഖരണത്തിനെത്തിയ രണ്ട് തൊഴിലാളികളെയും ഗുരുതരമായി മാനസികമായി ബാധിച്ചതായി പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. സംഭവത്തിനുശേഷം ഇരുവരും ആ റൂട്ടിലെ ജോലി ഉപേക്ഷിക്കുകയും പിന്നീട് ആ ജോലി ഉപേക്ഷിക്കുകയും ചെയ്തതായി പ്രോസിക്യൂട്ടർ പറഞ്ഞു.






