കോട്ടയം ∙ കേരളത്തിലെ ലഹരിമരുന്ന് കടത്ത് കേസുകളിൽ വിദേശികളുടെ സാന്നിധ്യം വർധിക്കുന്നതിൽ ആശങ്കയറിയിച്ച് സംസ്ഥാന സർക്കാർ വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചു. കഴിഞ്ഞ സെപ്റ്റംബറിൽ മാത്രം എംബസികൾ, കോൺസുലേറ്റുകൾ, വിദേശകാര്യ മന്ത്രാലയം എന്നിവയുമായി ആറു തവണ ചർച്ച നടത്തി. ലഹരിക്കടത്തിനെതിരായ ബോധവൽക്കരണ പരിപാടിയായ ഓപ്പറേഷൻ തൂഫാൻ വിദേശരാജ്യങ്ങളിലേക്കു വ്യാപിപ്പിക്കുന്നതും പരിഗണനയിലാണ്.
ലഹരിമരുന്ന് വിൽപനയും അനുബന്ധ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകളിലാണ് കേരളത്തിലെ ജയിലുകളിൽ കഴിയുന്ന വിദേശികളിൽ ഭൂരിഭാഗവും ഉൾപ്പെട്ടിരിക്കുന്നത്. വിവിധ കേസുകളിലായി 268 വിദേശികളാണ് സംസ്ഥാനത്തെ ജയിലുകളിലുള്ളത്. ഇതിൽ 233 പേർ പുരുഷന്മാരും 35 പേർ സ്ത്രീകളുമാണ്.
രാജ്യാടിസ്ഥാനത്തിൽ പരിശോധിച്ചാൽ ബംഗ്ലദേശിൽ നിന്നുള്ളവരാണ് ഏറ്റവും കൂടുതൽ–175 പേർ. ശ്രീലങ്കയിൽ നിന്ന് 22 പേരും നൈജീരിയയിൽനിന്ന് 17 പേരും നേപ്പാളിൽനിന്ന് 14 പേരും ഇറാനിൽനിന്ന് ആറുപേരും ജയിലുകളിലുണ്ട്. ആകെ 26 വിദേശരാജ്യങ്ങളിൽ നിന്നുള്ളവരാണ് വിവിധ കേസുകളിൽ പിടിയിലായിട്ടുള്ളത്.
ജയിലിലുള്ള 268 പേരിൽ 73 പേർ ശിക്ഷിക്കപ്പെട്ടവരാണ്. റിമാൻഡിലും വിചാരണത്തടവിലുമായി കഴിയുന്നവർ 195 പേർ. സാധുവായ പാസ്പോർട്ടോ അനുബന്ധ യാത്രാരേഖകളോ ഇല്ലാത്ത 71 പേരും വ്യാജരേഖകൾ ഉപയോഗിച്ച് രാജ്യത്തെത്തിയ 29 പേരും തടവിലുണ്ട്.
ലഹരിക്കേസുകൾക്കു പുറമേ വധശ്രമം, കവർച്ച, സ്ത്രീകളെയും കുട്ടികളെയും തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം, ആയുധക്കടത്ത് തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട വിദേശികളുമുണ്ട്.







