സ്വർണവില കനത്ത ഇടിവിനു തൽക്കാലം വിരാമമിട്ട് വീണ്ടും കൂടുന്നു. രാജ്യാന്തര സ്വർണവില ഔൺസിന് 3503 ഡോളറിലേക്ക് താഴ്ന്നശേഷം ഇന്നു 3629 ഡോളറിലേക്ക് കുതിച്ചുയർന്നു. 3604 ഡോളറിലാണ് ഇപ്പോൾ വ്യാപാരം. ഇതോടെ കേരളത്തിലും ഇന്നു വില വമ്പൻ തിരിച്ചുകയറ്റം നടത്തി.
സംസ്ഥാനത്ത് ഗ്രാമിന് 135 രൂപ വർധിച്ച് വില 11,600 രൂപയായി. പവൻവില 1080 രൂപ ഉയർന്ന് 92,800 രൂപ. 18 കാരറ്റ് സ്വർണവിലയും ഗ്രാമിന് 165 രൂപ മുന്നേറി 9495 രൂപയായി. വെള്ളിവില മാറിയില്ല; ഗ്രാമിന് 175 രൂപ.
യുഎസിൽ അടിസ്ഥാന പലിശനിരക്ക് കൂടാനുള്ള സാധ്യതകളും യുഎസ് ഡോളർ സൂചികയുടെയും യുഎസ് സർക്കാരിന്റെ ബോണ്ട് യീൽഡിന്റെയും എന്നിവയുടെ കുതിപ്പുമാണ് കഴിഞ്ഞയാഴ്ച സ്വർണ വിലത്തകർച്ചയ്ക്കു വഴിവച്ചത്. കേരളത്തിൽ പവൻവില 91,720 രൂപയിലേക്കും ഗ്രാം വില 11,465 രൂപയിലേക്കും ഇടിഞ്ഞിരുന്നു. എന്നാൽ, സ്വർണത്തെ സ്വാധീനിച്ചുകൊണ്ട് ‘പുതിയൊരു വില്ലൻ’ കളത്തിലിറങ്ങിയതാണ് ഇപ്പോൾ വില തിരിച്ചുകയറാൻ കാരണം.
വീണ്ടും സ്വർണവില കൂടിയത് എന്തുകൊണ്ട്?
യുഎസ്, ജപ്പാൻ, ദക്ഷിണ കൊറിയ, തായ്‍വാൻ ഓഹരി വിപണികളിൽ നിർമിതബുദ്ധി (എഐ) അധിഷ്ഠിത കമ്പനികളുടെ ഓഹരികൾ കഴിഞ്ഞയാഴ്ച കനത്ത നഷ്ടത്തിലേക്ക് തകർന്നടിഞ്ഞിരുന്നു. എഐയുടെയും ഡേറ്റ സെന്ററുകളുടെയും വികസനത്തിന് ഭീമമായതുക നിക്ഷേപിച്ച കമ്പനികളുടെ ഓഹരികളാണ് നിലംപൊത്തിയത്. ഇത്ര വമ്പൻ നിക്ഷേപം ന്യായീകരിക്കാവുന്നതാണോ എന്ന സംശയം ഉയർന്നതും നഷ്ടമുണ്ടാകുമോ എന്ന ഭീതിയും ഓഹരിവില ഇടിയാൻ വഴിയൊരുക്കി. ഇതിനിടെ, എൻവിഡിയ ഓഹരികൾ നേരിട്ട തളർച്ചയും തിരിച്ചടിയായി.
ഇങ്ങനെ ഓഹരി വിപണികൾ കൂട്ടത്തകർച്ച നേരിട്ടപ്പോൾ നിക്ഷേപകർ ‘സുരക്ഷിത താവളം’ തേടി പരക്കംപാഞ്ഞു. ഒട്ടുമിക്കവരും സ്വർണത്തിൽ അഭയംതേടി. നിക്ഷേപകർ ഓഹരികളിൽ നിന്ന് പണംപിൻവലിച്ച് ഗോൾഡ് ഇടിഎഫ് പോലുള്ള നിക്ഷേപങ്ങളിലേക്ക് ഒഴുക്കിത്തുടങ്ങി. ഇതോടെ സ്വർണവില തിരിച്ചുകയറുകയായിരുന്നു. യുഎസിൽ ഡിസംബറിൽ അടിസ്ഥാന പലിശനിരക്ക് കുത്തനെ കൂട്ടില്ലെന്നും 0.25% മാത്രം വർധനയ്ക്കേ സാധ്യതയുള്ളൂ എന്ന വിലയിരുത്തലും ഡോളറിനും ബോണ്ട് യീൽഡിനും ക്ഷീണമായി. ഇതും സ്വർണവിലയുടെ കരകയറ്റത്തിന് ഇടവരുത്തി.
ഇനി വില കൂടുതൽ മേലോട്ടോ?
രാജ്യാന്തര സ്വർണവില ഇനി എങ്ങോട്ട് നീങ്ങുമെന്നത് സംബന്ധിച്ച് രണ്ടുവാദങ്ങളുണ്ട്. വില 3900 ഡോളർ ഭേദിച്ചേക്കാമെന്നാണ് ചിലർ വാദിക്കുന്നത്. നിലവിലെ എഐ പ്രതിസന്ധികൾ അതിനു വഴിയൊരുക്കുമത്രേ.
എന്നാൽ യുഎസിൽ പലിശനിരക്ക് കൂടാനുള്ള സാധ്യത, വീണ്ടും കലുഷിതമായേക്കാവുന്ന ഇറാൻ-യുഎസ് സംഘർഷം, അതുവഴി തിരിച്ചുകയറുന്ന എണ്ണവില, പണപ്പെരുപ്പഭീതി എന്നിവ സ്വർണവിലയെ വൈകാതെ വീണ്ടും താഴേക്കുനയിക്കുമെന്നാണ് മറ്റുചിലരുടെ വാദം.
3500-3600 ഡോളറിനുള്ളിൽ സ്വർണം തുടരും. ഇന്നത്തെ തിരിച്ചുകയറ്റം നേട്ടത്തിന്റെ പാതയിലേക്കുള്ള സ്വർണത്തിന്റെ തിരിച്ചുവരവാണെന്ന് പറയാനാവില്ലെന്നും അവർ പറയുന്നു.






