നാദാപുരം: വൈദ്യുതി ബിൽ അടയ്ക്കാത്തത് ചോദ്യം ചെയ്ത മാതാവിനെ മകൻ ക്രൂരമായി മർദിച്ചതായി പരാതി. കോഴിക്കോട് നാദാപുരത്തിനടുത്ത് ഇരിങ്ങണ്ണൂരിലാണ് സംഭവം. പോത്തേരി വീട്ടിൽ പി. സുഹറയുടെ (59) പരാതിയിൽ മകൻ യാസിറിനെതിരെ നാദാപുരം പൊലീസ് കേസെടുത്തു. വീട്ടിലെ വൈദ്യുതി ബിൽ അടയ്ക്കാനായി സുഹറ യാസിറിന്റെ കയ്യിൽ പണം നൽകിയിരുന്നു. എന്നാൽ ബില്ലടയ്ക്കാതെ യാസിർ ഈ പണം സ്വന്തം ആവശ്യങ്ങൾക്കായി ചെലവാക്കി.
തുടർന്ന് ബിൽ കുടിശ്ശികയായതിനെക്കുറിച്ച് കെ.എസ്.ഇ.ബി ഓഫീസിൽ നിന്ന് വിളി വന്നതോടെ സുഹറ ഇക്കാര്യം മകനോട് ചോദിച്ചു. ഇതിൽ പ്രകോപിതനായ യാസിർ നവംബർ 17-ന് രാത്രി ഒൻപത് മണിയോടെ മാതാവിനെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. അശ്ലീല ഭാഷയിൽ അസഭ്യം പറഞ്ഞ പ്രതി, സുഹറയുടെ ഇടത് കൈ പിടിച്ച് തിരിക്കുകയും തല ചുമരിൽ ഇടിപ്പിക്കുകയും വയറ്റിൽ ചവിട്ടുകയും ചെയ്തതായാണ് എഫ്.ഐ.ആറിൽ പറയുന്നത്. ആക്രമണത്തിൽ പരിക്കേറ്റ സുഹറ ആശുപത്രിയിൽ ചികിത്സ തേടി. യാസിർ വീട്ടിൽ സ്ഥിരം പ്രശ്നക്കാരനാണെന്നും മദ്യപിച്ചെത്തി വീട്ടുകാരെ മർദിക്കാറുണ്ടെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയതായി നാദാപുരം പൊലീസ് അറിയിച്ചു.





