വ്യാജ ആയുധ നിർമാണ റാക്കറ്റ്: കേരളത്തിൽ നടത്തിയത് മണിചെയിൻ തട്ടിപ്പ്, ചുക്കാൻ പിടിച്ചത് എസ്പി റാങ്കിൽ വിരമിച്ച ഉദ്യോഗസ്ഥർ

Spread the love

കൊച്ചി ∙ യുഎസ് പ്രതിരോധ വകുപ്പിന്റെ ആയുധനിർമാണ കരാർ ലഭിച്ചെന്നു നിക്ഷേപകരെ വിശ്വസിപ്പിച്ച് 700 കോടി രൂപ തട്ടിയെടുത്ത രാജ്യാന്തര റാക്കറ്റ് കേരളത്തിൽ പയറ്റിയതു മണിചെയിൻ മാതൃകയിലുള്ള തട്ടിപ്പുരീതി. 2025 മുതൽ കമ്പനിയുടെ ലാഭ വിഹിതവും ആജീവനാന്ത അമേരിക്കൻ വീസയും ഗ്രീൻ കാർഡും യുഎസിൽ മികച്ച ജോലിയും വാഗ്ദാനം ചെയ്താണ് ആദ്യഘട്ടത്തിൽ ഇരകളെ സ്വാധീനിച്ചത്. ഇവരെ പിന്നീടു കമ്മിഷൻ ഏജന്റുമാരാക്കി കൂടുതൽ പേരെ കുടുക്കി.

 

ഓരോ പുതിയ ഇരയും കമ്പനിക്ക് ‘ഏണസ്റ്റ് മണി ഡിപ്പോസിറ്റ്’ (ഇഎംഡി) എന്ന പേരിൽ നൽകുന്ന തുകയുടെ 20% അവരെ കൊണ്ടുവരുന്ന നിക്ഷേപകനു നൽകിയിരുന്നു. രണ്ടാമത്തെ ഇര കൈമാറുന്ന തുകയുടെ 25 ശതമാനവും മൂന്നാമത്തെ ഇര നൽകുന്ന തുകയുടെ 30 ശതമാനവും ഇവരെ കൂട്ടിക്കൊണ്ടു വരുന്ന നിക്ഷേപകർക്കു നൽകും. ഇങ്ങനെ മൂന്നു പുതിയ നിക്ഷേപകരെ തട്ടിപ്പു കമ്പനിയിലേക്ക് എത്തിക്കുമ്പോൾ മണിചെയിനിലെ ഒരു റൗണ്ട് പൂർത്തിയാവും. നാലാമത്തെ ഇരയെ രണ്ടാമത്തെ റൗണ്ടിന്റെ ആദ്യ അംഗമായി കണക്കാക്കി കമ്മിഷൻ ക്രമം ആവർത്തിക്കും. ഇത്തരത്തിൽ മൂന്നു വീതം പുതിയ അംഗങ്ങളെ തട്ടിപ്പു കമ്പനിയുടെ കെണിയിൽ വീഴ്ത്തി അഞ്ചും ആറും റൗണ്ട് പൂർത്തിയാക്കി കോടികൾ കമ്മിഷൻ കൈപ്പറ്റിയവരും നിക്ഷേപകരുടെ കൂട്ടത്തിലൂണ്ട്. ഇവരിൽ ചിലരെ കമ്പനി ജീവനക്കാരായും നിയമിച്ചിട്ടുണ്ട്.

 

ഇത്തരത്തിലുള്ള കമ്മിഷൻ കെണിയിൽ വീണ തൃശൂരിലെ ഗ്ലാസ് വ്യാപാരി 2023 മേയ് 16നും ഒക്ടോബർ 17നും ഇടയിൽ 15 തവണയായി വിപിവിവി ടെക്നോ കൺസ്ട്രക്‌ഷൻ ലിമിറ്റഡിൽ നിക്ഷേപിച്ചത് 5.25 കോടി രൂപയാണ്. കോഴിക്കോട് സ്വദേശി സ്വന്തം വീടും പറമ്പും വിറ്റ് 2.50 കോടി രൂപയും നിക്ഷേപിച്ചു. ന്യൂഡൽഹിയിലെ വ്യവസായി വിജയ് കാസയുടെ 40 കോടി രൂപയുടെ നിക്ഷേപം കൊണ്ടുവന്ന ഏജന്റിനു കമ്പനി നൽകിയ കമ്മിഷൻ 12 കോടി രൂപയാണ്.

 

കേരള പൊലീസിൽനിന്ന് എസ്പി റാങ്കിൽ വിരമിച്ച 2 ഉദ്യോഗസ്ഥരാണു തട്ടിപ്പ് കമ്പനിയുടെ മണിചെയിൻ കെണിക്കു ചുക്കാൻ പിടിച്ചത്. കബളിപ്പിക്കപ്പെട്ടവർ പൊലീസിനെ സമീപിച്ചു പരാതി നൽകിയപ്പോൾ അന്വേഷണം മരവിപ്പിക്കാനും എഫ്ഐആർ റജിസ്റ്റർ ചെയ്യേണ്ടി വന്നപ്പോൾ ചുമത്തിയ വകുപ്പുകൾ ലഘൂകരിക്കാനും ഇവർ സ്വാധീനം ചെലുത്തിയതിന്റെ തെളിവുകൾ പരാതിക്കാർ കേന്ദ്ര ഏജൻസികൾക്കു കൈമാറിയിട്ടുണ്ട്. കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു ഹൈക്കോടതിയെ സമീപിച്ചപ്പോൾ ഹർജി നടപടികൾ ബോധപൂർവം മന്ദഗതിയിലാക്കിയെന്നാരോപിച്ച് ഒരു അഭിഭാഷകനെതിരെ ഹൈക്കോടതി റജിസ്ട്രാർ ജനറലിനും പരാതി നൽകി.

 

തട്ടിപ്പു നടത്തിയ കടലാസ് കമ്പനി ‘വിപിവിവി’യുടെ പേരിന്റെ പൂർണ രൂപം ‘വിനോദ് വാരിയർ– പ്രദീപ്കുമാർ– വെങ്കിട്ട വെങ്കിട്’ എന്നാണ്. പിൽക്കാലത്ത് ആദ്യ രണ്ടു പേരുകാർ കമ്പനിയുടെ പ്രവർത്തനങ്ങളിൽനിന്നു വിട്ടുനിന്ന് വെങ്കിട്ട വെങ്കിടിനെ ചെയർമാനും കമ്പനിയുടെ മുഖവുമായി അവതരിപ്പിക്കുകയായിരുന്നു. തട്ടിപ്പിന്റെ മുഖ്യ സൂത്രധാരൻ ‘ഡോക്ടർ സാബ്’ ആണ് കമ്പനിയുടെ രക്ഷാധികാരിയും ആത്മീയ ഗുരുവും. അമേരിക്കയുടെയും ഇന്ത്യയുടെയും അതീവ രഹസ്യസ്വഭാവമുള്ള ആയുധനിർമാണ പദ്ധതികളാണു കമ്പനി ഏറ്റെടുത്തിരിക്കുന്നതെന്നും കമ്പനിയുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും രണ്ടു രാജ്യങ്ങളുടെയും ‘ഔദ്യോഗിക രഹസ്യമാണെന്നും’ അതു പുറത്തുപോകാതെ സൂക്ഷിക്കണമെന്നും അംഗങ്ങളെ റാക്കറ്റ് ധരിപ്പിച്ചിരുന്നു. ഇതിനു വേണ്ടിയുള്ള ‘സത്യപ്രതിജ്ഞ’ പുതിയ അംഗങ്ങളെക്കൊണ്ടു ചൊല്ലിച്ചിരുന്നത് ‘ഡോക്ടർ സാബാ’ണ്.

  • Related Posts

    വിദ്യാർഥികൾക്ക് എംഡിഎംഎ വിൽപന: കോളേജ് അധ്യാപകൻ ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ

    Spread the love

    Spread the loveനിലമ്പൂർ: കലാലയങ്ങളിലെ വിദ്യാർഥികൾക്കും യുവാക്കൾക്കും എംഡിഎംഎ വിൽപന നടത്തിവന്ന കോളജ് അധ്യാപകൻ ഉൾപ്പെടെ നാലംഗ സംഘം പൊലീസിന്റെ പിടിയിലായി. മമ്പാട് എം.ഇ.എസ്. കോളേജിലെ സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗം താത്കാലിക അധ്യാപകനായ മോങ്ങം അരിമ്പ്ര സ്വദേശി സുഹൈൽ പെരിങ്ങോടൻ, എടവണ്ണ സ്വദേശിനി…

    മൈക്രോ ഫിനാ‍ന്‍സ് തട്ടിപ്പു കേസ്: പ്രോസിക്യൂഷൻ അനുമതിയിൽ വ്യത്യസ്ത നിലപാട്; വിമർശിച്ച് കോടതി

    Spread the love

    Spread the loveകൊച്ചി ∙ എസ്എൻഡിപി യോഗം മൈക്രോ ഫിനാ‍ന്‍സ് തട്ടിപ്പു കേസിലെ പ്രോസിക്യൂഷൻ അനുമതി സംബന്ധിച്ച് സർക്കാരും പ്രോസിക്യൂട്ടറും സ്വീകരിച്ച വ്യത്യസ്ത നിലപാടുകളില്‍ ഹൈക്കോടതി വിമർശനം. സ്വാധീനമുള്ള വ്യക്തികൾ ഉൾപ്പെടുന്ന ഇത്തരം കേസുകളിൽ അനാസ്ഥയും വിചിത്രമായ തന്ത്രങ്ങളും കാണുന്നത് അംഗീകരിക്കാനാവില്ലെന്നു…

    Leave a Reply

    Your email address will not be published. Required fields are marked *