തിരുവനന്തപുരം∙ സംസ്ഥാനത്തെ പാവപ്പെട്ട ലോട്ടറി വില്‍പനക്കാരും ഏജന്റുമാരും പെന്‍ഷന്‍ കിട്ടാനായി ക്ഷേമനിധി ബോര്‍ഡിലേക്ക് അടച്ചിരുന്ന തുകയില്‍നിന്നു തട്ടിയെടുത്ത ആറു കോടിയോളം രൂപ കത്തിച്ചു കളഞ്ഞുവെന്നാണ് ഒന്നാം പ്രതി സംഗീത് വിജിലന്‍സിനോടു വെളിപ്പെടുത്തിയിരിക്കുന്നത്. ലോട്ടറി ഏജന്റുമാരില്‍നിന്നു പ്രതിമാസം 50 രൂപ വീതം അംശദായമായി പിരിച്ചും സര്‍ക്കാരില്‍നിന്നു ഗ്രാന്റ് വാങ്ങിയും പ്രവര്‍ത്തിക്കുന്ന ക്ഷേമനിധി ബോര്‍ഡില്‍ വന്‍ വെട്ടിപ്പു നടക്കുന്നതായി കഴിഞ്ഞ വര്‍ഷം അവസാനത്തോടെയാണു വാര്‍ത്ത പുറത്തുവന്നത്. പരാതികളുടെ അടിസ്ഥാനത്തില്‍ സംസ്ഥാന ഓഡിറ്റ് വകുപ്പ് നടത്തിയ സ്‌പെഷല്‍ ഓഡിറ്റിന്റെ റിപ്പോര്‍ട്ടു പുറത്തുവന്നപ്പോള്‍ 15 കോടിയോളം രൂപയുടെ തട്ടിപ്പാണ് മറനീക്കിയത്. സര്‍ക്കാര്‍ വകുപ്പില്‍ അടുത്ത കാലത്തുണ്ടായ ഏറ്റവും വലിയ പണത്തട്ടിപ്പാണ് ഐഎഎസ് ഉദ്യോഗസ്ഥരുടെ ഉള്‍പ്പെടെ നിയന്ത്രണത്തിലുള്ള ബോര്‍ഡില്‍ വര്‍ഷങ്ങളായി നടന്നിരുന്നത്.
ഓഡിറ്റ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ലോട്ടറി വകുപ്പ് അധികൃതര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് അന്വേഷണം നടത്തി ബോര്‍ഡിലെ ക്ലര്‍ക്കായിരുന്ന ആറ്റിങ്ങല്‍ മാമം സ്വദേശി കെ.സംഗീതിനെയും സുഹൃത്ത് വഴുതക്കാട് സ്വദേശി അനില്‍കുമാറിനെയും അറസ്റ്റ് ചെയ്തത്. സംഗീതിന്റെ അനുജനും ഡെന്റല്‍ ഡോക്ടറുമായ കെ.സമ്പത്തിനെയും കേസില്‍ പ്രതിചേര്‍ത്തിരുന്നു. സംഗീതിന്റെ സഹോദരിയുടെ ഭര്‍ത്താവും സെക്രട്ടേറിയറ്റിലെ ജീവനക്കാരനുമായ വ്യക്തി വിജിലന്‍സിനു നല്‍കിയ പരാതിയാണ് തട്ടിപ്പു പുറത്തു വരാന്‍ കാരണം. സംഗീതിന്റെ തട്ടിപ്പിനെക്കുറിച്ച് അറിയാമായിരുന്ന ബന്ധു, ഇരുവരും തമ്മില്‍ തെറ്റിയതോടെ അധികൃതര്‍ക്കു പരാതി നല്‍കുകയായിരുന്നു.
സംഗീതിനും തട്ടിപ്പിനു കൂട്ടുനിന്ന അനില്‍കുമാറിനും എതിരെ പൊലീസ്, വിജിലന്‍സ്, ഇ.ഡി, ആദായനികുതി വകുപ്പുകളുടെ അന്വേഷണത്തിന് ഓഡിറ്റ് വകുപ്പ് ശുപാര്‍ശ ചെയ്തിരുന്നു. ബോര്‍ഡ് സിഇഒമാരായി പ്രവര്‍ത്തിച്ചിരുന്ന ഐഎഎസ് ഉദ്യോഗസ്ഥരായ എസ്.ഷാനവാസ്, എ.അഞ്ജന, ഡോ.എസ്.കാര്‍ത്തികേയന്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെയും ഉത്തരവാദിത്തത്തില്‍ വീഴ്ച വരുത്തിയതിന് ആഭ്യന്തര അന്വേഷണത്തിനും നിര്‍ദേശിച്ചിട്ടുണ്ട്. വര്‍ഷങ്ങളോളം ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ ആരുടെയും ശ്രദ്ധയില്‍പെടാതെ കോടികള്‍ സംഗീത് എങ്ങനെ തട്ടിച്ചുവെന്ന ചോദ്യവും ഉയര്‍ന്നിരുന്നു.
2014 മുതല്‍ 2020 വരെ ബോര്‍ഡില്‍ ഡപ്യൂട്ടേഷനില്‍ പ്രവര്‍ത്തിച്ചിരുന്ന കാലയളവിലാണ് സംഗീത് തട്ടിപ്പുനടത്തിയത്. മേലുദ്യോഗസ്ഥരുടെ വിശ്വാസ്യത പിടിച്ചുപറ്റി രേഖകള്‍ മുഴുവന്‍ സംഗീതാണു കൈകാര്യം ചെയ്തിരുന്നത്. ക്ഷേമനിധി ബോര്‍ഡില്‍നിന്നു ലോട്ടറി ഡയറക്ടറേറ്റിലെത്തി അവിടെയും വ്യാജരേഖ സൃഷ്ടിച്ചു പണം തട്ടിയെടുത്തു. ക്ഷേമനിധി ബോര്‍ഡിന്റെ അക്കൗണ്ടില്‍നിന്ന് സംഗീത് സ്വന്തം അക്കൗണ്ടിലേക്കും കരാറുകാരനായ സുഹൃത്തിന്റെ അക്കൗണ്ടിലേക്കും പണം മാറ്റിയും ചെക്കുകള്‍ കള്ള ഒപ്പിട്ടു നല്‍കിയുമാണ് തട്ടിപ്പു നടത്തിയത്. ഇതിനു പുറമേ ക്ഷേമനിധി ബോര്‍ഡിലെ മറ്റു ജീവനക്കാരുടെ പേരില്‍ ചെക്കുവഴി പണം പിന്‍വലിക്കുകയും ചെയ്തു. ബാങ്ക് സ്‌റ്റേറ്റ്‌മെന്റ് എഡിറ്റ് ചെയ്ത് വിവിധ തീയതികളിലെ വരവ്, ചെലവ് തുകയില്‍ മാറ്റം വരുത്തി. ക്ഷേമനിധിയുടെ ചെലവുകള്‍ക്കല്ലാതെ വ്യാജരേഖകള്‍ ചമച്ച് ക്യാഷ് ബുക്ക്, ചെക്ക് ഇഷ്യൂ റജിസ്റ്റര്‍ എന്നിവയില്‍ രേഖപ്പെടുത്താതെ വന്‍തുകകള്‍ ആര്‍ടിജിഎസ്, ലെറ്റര്‍ ഓഫ് ക്രെഡിറ്റ് എന്നിവ മുഖേന സംഗീതിന്റെയും ക്ഷേമനിധിയുമായി യാതൊരു ബന്ധവുമില്ലാത്ത അനില്‍കുമാറിന്റെയും അക്കൗണ്ടുകളിലേക്കും മാറ്റി. വാര്‍ഷിക ഓഡിറ്റില്‍ പിടിക്കപ്പെടാതിരിക്കാന്‍ 2013-14 മുതല്‍ 2019-20 വരെ കാഷ്ബുക്കിലും ബാങ്ക് സ്റ്റേറ്റ്‌മെന്റിലും കൃത്രിമം കാട്ടി. 2017 മുതല്‍ സംഗീതിന്റെയും അനില്‍കുമാറിന്റെയും അക്കൗണ്ടുകളിലേക്ക് 14.93 കോടി രൂപ മാറ്റിയതായി ഓഡിറ്റില്‍ കണ്ടെത്തിയിരുന്നു. തട്ടിയെടുത്ത തുക നിയമവിധേയമാക്കാനായി 70 ലക്ഷം രൂപ ലോട്ടറിയടിച്ചെന്നു സംഗീത് രേഖയുണ്ടാക്കി. ഈ തുകയ്ക്ക് ആദായനികുതിയായി 30 ലക്ഷം രൂപ അടച്ചതും ക്ഷേമനിധി ബോര്‍ഡിന്റെ അക്കൗണ്ടില്‍നിന്നായിരുന്നു.
ഏഴു കോടി സര്‍ക്കാര്‍ ഗ്രാന്റായി എത്തിയപ്പോള്‍ സ്റ്റേറ്റ്‌മെന്റില്‍ 6 കോടിയെന്നു തിരുത്തി. ഓഡിറ്റ് സംഘം ബാങ്കില്‍നിന്നു സ്റ്റേറ്റ്‌മെന്റ് വാങ്ങി പരിശോധിച്ചപ്പോഴാണ് തട്ടിപ്പു കണ്ടെത്തിയത്. വ്യാജമായി സൃഷ്ടിച്ച എല്ലാ രേഖകളും സിഇഒ അടക്കമുള്ള മേലുദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തിയെങ്കിലും തട്ടിപ്പ് തിരിച്ചറിഞ്ഞില്ല. ബോര്‍ഡ് യോഗം, നിര്‍ത്തലാക്കാന്‍ നിര്‍ദേശിച്ച ബാങ്ക് അക്കൗണ്ട് നിര്‍ത്തിയതായി രേഖയുണ്ടാക്കിയശേഷം അതിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്തു പിന്‍വലിച്ചു. ചില ഉദ്യോഗസ്ഥര്‍ സ്ഥലംമാറിപ്പോയതിനുശേഷവും അവരുടെ പേരില്‍ പണം പിന്‍വലിച്ചിട്ടുണ്ട്. ഐഎഎസ് ഉദ്യോഗസ്ഥരുടെ സീലുകളും തട്ടിപ്പിനായി ഉപയോഗിച്ചു. ശമ്പളബില്ലില്‍ കൃത്രിമം കാട്ടിയും ലക്ഷങ്ങള്‍ തട്ടിയിട്ടുണ്ട്.
ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥരാരും അംശദായം ബാങ്കിലേക്ക് അടയ്ക്കുന്ന കാര്യങ്ങളോ സര്‍ക്കാര്‍ ഗ്രാന്റ് കൈകാര്യം ചെയ്യുന്ന കാര്യമോ മേല്‍നോട്ടം വഹിക്കാതിരുന്നതാണ് സംഗീത് മുതലെടുത്തത്. ക്ലര്‍ക്കായ സംഗീതാണ് മുഴുവന്‍ പണവും കൈകാര്യം ചെയ്ത്. ബാങ്കുകളില്‍നിന്നും ജില്ലാ ഓഫിസുകളില്‍നിന്നും വന്ന പണം പല ഘട്ടങ്ങളിലായി സംഗീത് സ്വന്തം അക്കൗണ്ടിലേക്കും സുഹൃത്തായ അനില്‍കുമാറിന്റെ അക്കൗണ്ടിലേക്കും മാറ്റിക്കൊണ്ടിരുന്നു. ഓഡിറ്റുകള്‍ നടന്നപ്പോള്‍ വ്യാജ ബാങ്ക് സ്റ്റേറ്റ്‌മെന്റുകളാണ് സംഗീത് സമര്‍പ്പിച്ചത്. ഒരു പൊതുമേഖല ബാങ്കില്‍ ബോര്‍ഡിനുണ്ടായിരുന്ന അക്കൗണ്ടുകള്‍ നിര്‍ത്തലാക്കാനും പുതിയ ബാങ്കില്‍ അക്കൗണ്ട് തുടങ്ങാനും തീരുമാനിച്ചപ്പോള്‍ ഉപേക്ഷിച്ച അക്കൗണ്ടില്‍നിന്നും പുതിയ അക്കൗണ്ടിലേക്ക് പണം മാറ്റാനുള്ള ചുമതലയുണ്ടായിരുന്ന സംഗീത് ആ പണവും തട്ടിയെടുത്തു. എന്നിട്ടും ബോര്‍ഡ് അധികൃതര്‍ ആരും അറിഞ്ഞില്ല. ഉന്നത ഉദ്യോഗസ്ഥരുടെ പേരിലും ക്യാഷ് ചെക്കുകള്‍ വ്യാജ ഒപ്പും സീലും പതിച്ച് സംഗീത് മാറിയെടുത്തു.
സര്‍ക്കാര്‍ ഗ്രാന്റുകള്‍ അനുവദിച്ചതിന്റെ ഉത്തരവുകളില്‍ തിരുത്തല്‍ വരുത്തുകയും പ്രസ്തുത തുക വരുന്ന അക്കൗണ്ടിന്റെ ബാങ്ക് സ്‌റ്റേറ്റ്‌മെന്റിലെ അക്കങ്ങള്‍ തിരുത്തുകയോ ഉള്‍പ്പെടുത്താതിരിക്കുകയോ ചെയ്തിട്ടുണ്ട്. ബാങ്ക് സ്‌റ്റേറ്റ്‌മെന്റുകള്‍ പ്രത്യേകമായി നിര്‍മിച്ച് എല്ലാ അനുബന്ധ രേഖകളും വ്യാജമായി തയാറാക്കിയാണ് ക്ഷേമനിധി ബോര്‍ഡ് ഓഫിസില്‍ സൂക്ഷിച്ചിരുന്നത്. ഈ വ്യാജരേഖകളാണ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍, സംസ്ഥാന ക്ഷേമനിധി ഓഫിസര്‍ എന്നിവര്‍ സാക്ഷ്യപ്പെടുത്തി ഓഡിറ്റ് ഏജന്‍സികള്‍ക്കു നല്‍കിയിരുന്നതെന്നും സ്‌പെഷല്‍ ഓഡിറ്റില്‍ കണ്ടെത്തിയിരുന്നു. കറന്റ് അക്കൗണ്ടിന്റെ ചെക്ക് ബുക്കുകള്‍ കൈവശം വച്ച് കിട്ടുന്ന അവസരത്തില്‍ ക്യാഷ് ചെക്ക് മുഖനെയോ ബാങ്ക് ട്രാന്‍സ്ഫര്‍ മുഖേനെയോ പണം കൈക്കലാക്കുകയായിരുന്നു. ക്ഷേമനിധി ആസ്ഥാനത്തു ജോലി ചെയ്യാത്ത ജീവനക്കാരുടെ പേരിലും ക്യാഷ് ചെക്ക് ഉപയോഗിച്ച് പണം മാറിയെടുത്തിട്ടുണ്ട്.
വീണ്ടും തട്ടിപ്പും മനോരോഗ തട്ടിപ്പും
ക്ഷേമനിധി ഓഫിസിലെ തട്ടിപ്പു സംബന്ധിച്ച് അധികൃതര്‍ക്ക് സംശയം തോന്നിയപ്പോള്‍ സംഗീതിനെ ലോട്ടറി ഡയറക്ടറേറ്റിലേക്കു സ്ഥലംമാറ്റിയെങ്കിലും അവിടെയും സംഗീത് തട്ടിപ്പു നടത്തിയതായി വിജിലന്‍സ് കണ്ടെത്തിയിരുന്നു. സഹപ്രവര്‍ത്തകനു 36,600 രൂപ ശമ്പള ബില്‍ അനധികൃതമായി പാസാക്കി നല്‍കിയത് ഓഡിറ്റില്‍ കണ്ടെത്തിയതോടെ തുക തിരിച്ചടയ്ക്കാന്‍ സംഗീതിനു നിര്‍ദേശം നല്‍കി. എന്നാല്‍, ട്രഷറിയില്‍ 3,660 രൂപ അടച്ചശേഷം ഒരു പൂജ്യം കൂടി രേഖപ്പെടുത്തി രസീത് ഇയാള്‍ ഓഫിസില്‍ ഹാജരാക്കുകയായിരുന്നു.
ഡയറക്ടറേറ്റില്‍ ജൂനിയര്‍ സൂപ്രണ്ടും സീനിയര്‍ സൂപ്രണ്ടും ജോയിന്റ് ഡയറക്ടറും കണ്ടിട്ടാണ് ഉത്തരവുകള്‍ ഇറക്കേണ്ടത്. എന്നാല്‍, ഇയാള്‍ ഇവരുടെയെല്ലാം ഒപ്പ് സ്വയം രേഖപ്പെടുത്തി ഫയല്‍ സൃഷ്ടിച്ച് 36 ഉത്തരവുകള്‍ സ്വന്തമായി ഇറക്കിയതായും കണ്ടെത്തി. തുടര്‍ന്ന് കാന്‍സര്‍ രോഗിയാണെന്നറിയിച്ച് ആശുപത്രി രേഖകള്‍ ഹാജരാക്കി. എന്നാല്‍, ആശുപത്രിയില്‍ നടത്തിയ അന്വേഷണത്തില്‍ രേഖകളെല്ലാം വ്യാജമാണെന്നു തിരിച്ചറിഞ്ഞു. തട്ടിപ്പിനു സാധ്യതയുള്ള ക്ലാര്‍ക്ക് തസ്തികയില്‍നിന്നു സ്ഥാനക്കയറ്റം ലഭിക്കാതിരിക്കാനായി ഇയാള്‍ വകുപ്പുതല പരീക്ഷകളും എഴുതിയിരുന്നില്ല. ചെക്കില്‍ ഒപ്പിടേണ്ട മേലുദ്യോഗസ്ഥരുടെ സ്‌പെസിമെന്‍ ഒപ്പ് ബാങ്കില്‍ നല്‍കിയപ്പോഴും സ്വന്തമായിത്തന്നെ ഒപ്പിട്ടു നല്‍കുകയായിരുന്നു. പിന്നാലെ യഥേഷ്ടം ചെക്ക് ഹാജരാക്കി പണം കൈപ്പറ്റി. തട്ടിയെടുത്ത പണത്തില്‍ ഒരു പങ്ക് വീടുകള്‍ നിര്‍മിക്കാന്‍ ഉപയോഗിച്ചു. ബാക്കി പണം ഓഹരി വിപണിയില്‍ നിക്ഷേപിച്ചു. പിടിക്കപ്പെടുമെന്നായതോടെ പണം പിന്‍വലിച്ചു. തുടര്‍ന്ന് മാനസികാസ്വാസ്ഥ്യമുണ്ടെന്നും ചികിത്സയിലാണെന്നും വ്യാജ രേഖയുണ്ടാക്കി. മനോദൗര്‍ബല്യമുണ്ടെന്നു കാട്ടി പല ആശുപത്രികളിലായി മാറിമാറി കഴിയുകയായിരുന്നു സംഗീത്. അതിനിടയിലാണ് ഇയാളെയും സുഹൃത്തിനെയും അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തത്. വിചാരണ വേളയില്‍ ഇയാളുടെ മാനസികനില പരിശോധിക്കുകയും കുഴപ്പമൊന്നുമില്ലെന്ന് വിദഗ്ധ സംഘം റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു.
കോടികള്‍ ഒഴുകിയത് റിയല്‍ എസ്‌റ്റേറ്റിലേക്ക്
വെട്ടിച്ചെടുത്ത കോടികള്‍ ഉപയോഗിച്ച് പ്രതികള്‍ വന്‍തോതിലുള്ള റിയല്‍ എസ്റ്റേറ്റ് ഇടപാടുകളാണ് തലസ്ഥാനത്ത് നടത്തിയത്. കഴക്കൂട്ടം സബ് റജിസ്ട്രാര്‍ ഓഫിസില്‍ മാത്രം 45 വസ്തു ഇടപാടുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് വിജിലന്‍സ് കണ്ടെത്തി. തട്ടിയെടുത്ത പണം ഉപയോഗിച്ച് അനില്‍ കുമാര്‍ സ്വന്തമായി ഒരു നിര്‍മാണ കമ്പനി ആരംഭിക്കുകയും ബാക്കി വരുന്ന വന്‍തുക വിവിധ ബാങ്കുകളില്‍ സ്ഥിര നിക്ഷേപമായി സൂക്ഷിക്കുകയും ചെയ്തു. വിജിലന്‍സ് കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ പ്രതികളുടെയും ബന്ധുക്കളുടെയും സ്വത്തു കണ്ടുകെട്ടാന്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടിരുന്നു. കഴക്കൂട്ടം, ആറ്റിപ്ര, കുടപ്പനകുന്ന്, കടകംപള്ളി, കിഴുവിള, ഉള്ളൂര്‍ എന്നീ സബ് റജിസ്ട്രാര്‍ ഓഫിസുകള്‍ക്കു കീഴിലുള്ള 15 ഭൂമികളാണ് കണ്ടുകെട്ടാന്‍ കോടതി ഉത്തരവിട്ടത്.






