സ്വർണവില കനത്ത തകർച്ചയിൽ

Spread the love

സ്വർണവില ഇന്നും വലിയ തകർച്ചയിൽ. ഇന്നലെ രണ്ടുതവണയായി 4000 രൂപയ്ക്കടുത്ത് ഇടിവ് നേരിട്ട പവൻവില ഇന്ന് രാവിലെ 1560 രൂപ താഴ്ന്ന് 1,06,800 രൂപയിലെത്തി. ഇതോടെ ഇന്നലെയും ഇന്നുമായി മാത്രം പവന് 5520 രൂപ കുറഞ്ഞു. ഇതാണ് ട്രെൻഡ് എങ്കിൽ വരുംദിവസങ്ങളിൽ തന്നെ പവൻവില ഒരുലക്ഷം രൂപയ്ക്ക് താഴെയെത്താം.

 

ഗ്രാമിന് ഇന്ന് 195 രൂപ കുറഞ്ഞ് 13,350 രൂപയായി. ഈ വർഷം ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് പവന്റെ എക്കാലത്തെയും റെക്കോർഡ് വില. ഗ്രാമിന് അന്ന് 16,395 രൂപയായിരുന്നു. പിന്നീടാണ് പശ്ചിമേഷ്യ യുദ്ധകലുഷിതമായതും എണ്ണവില വർധിച്ചതും പണപ്പെരുപ്പപ്പേടി ഉയർന്നതും. ഇതോടെ ഡോളർ ശക്തമാവുകയും സ്വർണം തളരുകയുമായിരുന്നു.

 

ഇതിനിടെ, മാർച്ച് 23ന് ഒരുവേള പവൻവില 99,480 രൂപയിലേക്ക് താഴ്ന്നിരുന്നെങ്കിലും അന്നുതന്നെ വൈകിട്ട് 1,05,080 രൂപയിലേക്ക് കുതിച്ചുകയറുകയും ചെയ്തു. നിലവിൽ, രാജ്യാന്തര വില നേരിടുന്ന കനത്ത തകർച്ചയാണ് കേരളത്തിലെ വിലയെയും സ്വാധീനിക്കുന്നത്. ഔൺസിന് 200 ഡോളറിലധികം ഇടിഞ്ഞ് ഒരുവേള രാജ്യാന്തരവില ഇന്ന് 6-മാസത്തെ താഴ്ചയായ 4025 ഡോളറിലെത്തി. ഇപ്പോൾ 4080ലേക്ക് നില അൽപം മെച്ചപ്പെടുത്തി. അല്ലായിരുന്നെങ്കിൽ ഇന്ന് കേരളത്തിൽ‌ വില പവന് 2000 രൂപയിലധികം ഇന്ന് ഇടിയേണ്ടതായിരുന്നു.

 

പശ്ചിമേഷ്യയിൽ ഇറാനും യുഎസും തമ്മിലെ സംഘർഷം കൂടുതൽ കലുഷിതമായതും ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധി കനത്തതും ക്രൂഡോയിൽ വിലയെ മുന്നോട്ട് നയിക്കുകയാണ്. ഇതിനുപുറമേ, അമേരിക്കയിലെ പണപ്പെരുപ്പം കഴിഞ്ഞമാസം 3 വർഷത്തെ ഉയരത്തിലെത്തിയെന്ന റിപ്പോർട്ടും സ്വർണവില തകർച്ചയുടെ ആക്കംകൂട്ടി. ഇതോടെ, ഡോളർ സൂചികയും ബോണ്ട് യീൽഡും കരുത്താർ‌ജ്ജിച്ചതും സ്വർണത്തിന് തിരിച്ചടിയായി.

 

പണപ്പെരുപ്പത്തെ പിടിച്ചുകെട്ടാൻ യുഎസ് കേന്ദ്രബാങ്ക് ഫെഡറൽ‌ റിസർവ് വൈകാതെ അടിസ്ഥാന പലിശനിരക്ക് കൂട്ടിയേക്കും. അങ്ങനെയെങ്കിൽ യുഎസ് സർക്കാരിന്റെ കടപ്പത്ര ആദായനിരക്ക് (ബോണ്ട് യീൽഡ്), ബാങ്ക് നിക്ഷേപ പലിശനിരക്ക് എന്നിവയും ഉയരും. ഇവയിലെ നിക്ഷേപത്തിൽ നിന്ന് മികച്ച നേട്ടം കിട്ടുന്നസ്ഥിതിയാകും. നിക്ഷേപം വർധിക്കുന്നത് ഡോളറിനെ കൂടുതൽ ശക്തമാക്കും. ഇത് ആഭരണം, നിക്ഷേപം എന്നീ നിലകളിൽ സ്വർണത്തിന്റെ ഡിമാൻഡിനെ ബാധിക്കുമെന്നതും വിലയിടിവിന് വഴിവയ്ക്കുന്നു.

 

രാജ്യാന്തരവില രണ്ടുമാസത്തിനകം 3500 ഡോളറിലേക്കുവരെ വീണേക്കാമെന്ന വിലയിരുത്തലുകൾ ഉയർന്നിട്ടുണ്ട്. അങ്ങനെയെങ്കിൽ, കേരളത്തിൽ പവൻവില 90,000 രൂപയ്ക്ക് താഴെയെത്താം. കേരളത്തിൽ ഇന്ന് ഓൾ കേരള ോഗൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (എകെജിഎസ്എംഎ) നിർണയപ്രകാരം 18 കാരറ്റ് സ്വർണവില ഗ്രാമിന് 160 രൂപ കുറഞ്ഞ് 11,030 രൂപയായി. വെള്ളി വിലയിൽ മാറ്റമില്ല; ഗ്രാമിന് 250 രൂപ.

 

കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (കെജിഎസ്എംഎ) 155 രൂപ കുറച്ച് 10,975 രൂപയാണ് 18 കാരറ്റിന് ഈടാക്കുന്നത്. വെള്ളിക്ക് ഗ്രാമിന് 10 രൂപ വർധിച്ച് 260 രൂപയായി. ഗ്രാമിന് 125 രൂപ കുറഞ്ഞ് 8545 രൂപയാണ് 14 കാരറ്റ് സ്വർണവില. വിപണിയിൽ പുതുതരംഗമായി മാറുന്ന 9 കാരറ്റ് സ്വർണത്തിന് വില ഗ്രാമിന് 5510 രൂപ; ഇന്ന് 80 രൂപ കുറഞ്ഞു.

  • Related Posts

    വിദ്യാർഥികൾക്ക് എംഡിഎംഎ വിൽപന: കോളേജ് അധ്യാപകൻ ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ

    Spread the love

    Spread the loveനിലമ്പൂർ: കലാലയങ്ങളിലെ വിദ്യാർഥികൾക്കും യുവാക്കൾക്കും എംഡിഎംഎ വിൽപന നടത്തിവന്ന കോളജ് അധ്യാപകൻ ഉൾപ്പെടെ നാലംഗ സംഘം പൊലീസിന്റെ പിടിയിലായി. മമ്പാട് എം.ഇ.എസ്. കോളേജിലെ സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗം താത്കാലിക അധ്യാപകനായ മോങ്ങം അരിമ്പ്ര സ്വദേശി സുഹൈൽ പെരിങ്ങോടൻ, എടവണ്ണ സ്വദേശിനി…

    മൈക്രോ ഫിനാ‍ന്‍സ് തട്ടിപ്പു കേസ്: പ്രോസിക്യൂഷൻ അനുമതിയിൽ വ്യത്യസ്ത നിലപാട്; വിമർശിച്ച് കോടതി

    Spread the love

    Spread the loveകൊച്ചി ∙ എസ്എൻഡിപി യോഗം മൈക്രോ ഫിനാ‍ന്‍സ് തട്ടിപ്പു കേസിലെ പ്രോസിക്യൂഷൻ അനുമതി സംബന്ധിച്ച് സർക്കാരും പ്രോസിക്യൂട്ടറും സ്വീകരിച്ച വ്യത്യസ്ത നിലപാടുകളില്‍ ഹൈക്കോടതി വിമർശനം. സ്വാധീനമുള്ള വ്യക്തികൾ ഉൾപ്പെടുന്ന ഇത്തരം കേസുകളിൽ അനാസ്ഥയും വിചിത്രമായ തന്ത്രങ്ങളും കാണുന്നത് അംഗീകരിക്കാനാവില്ലെന്നു…

    Leave a Reply

    Your email address will not be published. Required fields are marked *