വിഴിഞ്ഞം ∙ കെഎസ്ആർടിസി വിഴിഞ്ഞം ഡിപ്പോയിലെ കുഴിയിൽ തെന്നിവീണ് പ്രിയദർശിനി സർവീസ് വനിതാ കണ്ടക്ടറുടെ കാലൊടിഞ്ഞു. ഡിപ്പോയിലെ ആദ്യ പ്രിയദർശിനി സൗജന്യ സർവീസിലെ കണ്ടക്ടറായിരുന്ന വെങ്ങാനൂർ സ്വദേശിനി എസ്.സിന്ധുവിന് (49) ആണ് ഇന്നലെ ഡ്യൂട്ടിക്കിടെ അപകടമുണ്ടായത്.
ആദ്യ ട്രിപ് കഴിഞ്ഞെത്തി ഡിപ്പോ ഓഫിസിലേക്ക് പോകാനായി ബസിൽനിന്ന് ഇറങ്ങുമ്പോൾ ഗ്രൗണ്ടിലെ കുഴികളിലൊന്നിൽ കാൽ അകപ്പെട്ടു തെന്നിവീഴുകയായിരുന്നുവെന്ന് സിന്ധു പറഞ്ഞു. ഇടതുകാലിന്റെ കണങ്കാലിനു താഴെയാണ് ഒടിഞ്ഞത്. ആശുപത്രിയിൽ ചികിത്സ തേടി. ഒന്നര മാസത്തേക്ക് ഡോക്ടർ വിശ്രമം നിർദേശിച്ചിരിക്കുകയാണ്.
ഡിപ്പോയുടെ പ്രവേശന കവാടം മുതൽ ഗ്രൗണ്ട് നിറയെ വലിയ കുഴികളാണ്. ഇവയിൽ ബസ് കയറിയിറങ്ങുമ്പോൾ പിൻസീറ്റിലടക്കം യാത്രികർക്ക് നടുവൊടിയുന്ന വേദനയാണ്. രണ്ടു വർഷത്തിലേറെയായി ഈ സ്ഥിതി തുടർന്നിട്ടും പരിഹാര നടപടിയില്ല.





