ചങ്ങനാശേരി ∙ ബൈക്ക് സ്റ്റാർട്ടാക്കാൻ മൊട്ടുസൂചി. സോളർ പോസ്റ്റിൽ നിഷ്പ്രയാസം വലിഞ്ഞു കയറി ബാറ്ററി മോഷ്ടിക്കും. ചങ്ങനാശേരി പൊലീസിന്റെ പിടിയിലായ വെളിയനാട് സ്വദേശി രാഹുൽ രാജേഷിന്റെ (23) മോഷണ വിശേഷണങ്ങളാണിത്. വിവിധ റെയിൽവേ സ്റ്റേഷനുകളിൽ നിന്നായി ഒട്ടേറെ ബൈക്കുകളാണ് ഇയാൾ മോഷ്ടിച്ചതെന്ന് പൊലീസ് പറയുന്നു. റബർ ഷീറ്റ്, നിർമാണം നടക്കുന്ന കെട്ടിടങ്ങളിലെ കേബിളുകൾ വയറുകൾ തുടങ്ങിയ സാധനങ്ങളും മോഷണ ലിസ്റ്റിലുണ്ട്. ചങ്ങനാശേരി കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനം. പാലമറ്റം ഭാഗത്തെ റബർ തോട്ടത്തിനു നടുവിലെ ആളൊഴിഞ്ഞ വീട്ടിലാണ് പകൽ തങ്ങുന്നത്. രാത്രി മോഷണത്തിനു പുറത്തേക്കിറങ്ങും. ചങ്ങനാശേരിയിലുള്ള ഇയാളുടെ സുഹൃത്തുക്കളും പൊലീസ് നിരീക്ഷണത്തിലാണ്. കൂടുതൽ ചോദ്യം ചെയ്യലിനായി രാഹുലിനെ ഉടനെ കസ്റ്റഡിയിൽ വാങ്ങുമെന്നും പൊലീസ് പറയുന്നു.
വഴുതും വിരുതൻ
പൊലീസിന്റെ കയ്യിൽ നിന്നു വഴുതി പോകാൻ വിരുതനാണ്. കൃത്യമായ വ്യായാമ മുറകളിലൂടെ നല്ല ശാരീരിക ക്ഷമതയും നേടിയിരുന്നതായി പൊലീസ് പറയുന്നു. ഒട്ടേറെ തവണ പൊലീസിനെ കബളിപ്പിച്ച് കടന്നു. ഒരിക്കൽ ചിങ്ങവനം പൊലീസ് വാഹനപരിശോധനയ്ക്കിടെ കൈകാട്ടി നിർത്തിയെങ്കിലും ഓടി രക്ഷപ്പെട്ടു. പൊലീസിനു എത്തിപ്പിടിക്കാൻ കഴിയാത്ത വേഗത്തിലാണ് ഓട്ടം. റെയിൽവേ സ്റ്റേഷനുകളിലെ ബൈക്കുകളിലാണ് പ്രധാന നോട്ടം. ഹാൻഡിൽ ലോക്ക് പൊട്ടിച്ച് മുട്ടു സൂചിയുടെയോ സേഫ്റ്റി പിന്നിന്റെയോ സഹായത്തോടെ ബൈക്ക് സ്റ്റാർട്ട് ചെയ്യും.
വിവിധ സ്ഥലങ്ങളിലൂടെ കറങ്ങി നടന്ന് കിട്ടുന്നതൊക്കെ മോഷ്ടിക്കുകയാണ് പതിവെന്നും പൊലീസ് പറയുന്നു. പാലമറ്റത്തെ റബർ തോട്ടത്തിനു നടുവിലെ വീട്ടിൽ നിന്നു ഏറെ സാഹസികമായാണ് പൊലീസ് പിടികൂടുന്നത്. പൊലീസിനെ കണ്ടതും ഇയാൾ തോട്ടത്തിലൂടെ ഓടി. വലിയ കൽക്കെട്ടുകൾ നിഷ്പ്രയാസം ചാടി കടന്നു. തോട്ടത്തിന്റെ പല ഭാഗത്തായി നിലയുറപ്പിച്ചിരുന്ന പൊലീസ് ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നു.






