കള്ളാടിയിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ഉടൻ നഷ്ടപരിഹാരം; കമ്പനി നൽകുന്നത് 6 ലക്ഷം

Spread the love

കൽപറ്റ ∙ കള്ളാടി തുരങ്കപ്പാതയ്ക്കു സമീപം ഉണ്ടായ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കും പരുക്കേറ്റവർക്കും കരാർ കമ്പനിയിൽ നിന്ന് നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രിയും കൽപറ്റ എംഎൽഎയുമായ ടി.സിദ്ദീഖ്. മരിച്ചവരിൽ കമ്പനിയുടെ ജീവനക്കാരായ ഏഴു പേരുടെ കുടുംബാംഗങ്ങൾക്ക് ആറു ലക്ഷം രൂപ വീതവും കരാർ തൊഴിലാളിയുടെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപയും അടിയന്തര ധനസഹായം നൽകാനാണ് തീരുമാനമെന്ന് ഞായറാഴ്ച വൈകിട്ട് കലക്ടറേറ്റ് മിനി ഹാളിൽ ചേർന്ന അവലോകന യോഗത്തിനു ശേഷം ടി.സിദ്ദീഖ് മാധ്യമങ്ങളോടു പറഞ്ഞു. മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായ ബിക്രം സിങ് റാണയുടെ മൃതദേഹം ഞായറാഴ്ച രാവിലെ പ്രദേശത്ത് നടത്തിയ തിരച്ചിലിൽ കണ്ടെത്തിയിരുന്നു.

 

പരുക്കേറ്റ ഒൻപതു പേരിൽ ആറു പേർക്ക് രണ്ടര ലക്ഷം രൂപ വീതം കരാർ കമ്പനിയിൽ നിന്ന് നഷ്ടപരിഹാരമായി നൽകും. ഗുരുതരമായി പരുക്കേറ്റ മറ്റ് മൂന്നു പേർക്ക് രണ്ടര ലക്ഷത്തിൽ കൂടുതൽ രൂപ നൽകാൻ നിർദേശം നൽകിയതായും മന്ത്രി പറഞ്ഞു. മീനാക്ഷി പാലത്തിന്റെ ബലം പരിശോധിച്ച ശേഷം ഉടൻ ഗതാഗതം പൂർവസ്ഥിതിയിൽ അനുവദിക്കും.

 

മരിച്ചവരിൽ കമ്പനിയുടെ കരാർ തൊഴിലാളിയായ അൻമോൽ ദൊഡരായുടെ കുടുംബത്തിനാണ് 5 ലക്ഷം രൂപ ധനസഹായം നൽകുക. അടിയന്തര ധനസഹായം നൽകുന്നതിന് നിയമരേഖകൾക്കായി കാത്തു നിൽക്കേണ്ടെന്നും പത്തു ദിവസത്തിനകം അടുത്ത ബന്ധുവിന്റെ അക്കൗണ്ടിൽ പണം നിക്ഷേപിക്കണം എന്നുമാണ് നിർദേശിച്ചത്. കമ്പനി തൊഴിലാളികൾക്ക് ഇൻഷുറൻസ് ഉൾപ്പെടെയുള്ള സാമ്പത്തിക സഹായം കൂടി ലഭ്യമാക്കാൻ അടിയന്തര നടപടി സ്വീകരിക്കാനും കമ്പനിക്കു നിർദേശം നൽകി.

 

ഇതുപ്രകാരം കരാർ കമ്പനിയിലെ സർവേയറായ ബംഗാൾ ഈസ്റ്റ് മിഡ്നാപുർ ജില്ലയിലെ രാകേഷ് ഗുച്ചൈതിന്റെ കുടുംബത്തിന് ആറു ലക്ഷത്തിനൊപ്പം ഇൻഷുറൻസ് തുക കൂടി ചേർത്ത് 32 ലക്ഷം രൂപ ലഭിക്കും. ബിക്രം സിങ് റാണയുടെ കുടുംബത്തിന് ഏകദേശം 40 ലക്ഷം രൂപ ലഭിക്കും. അസ്ഹറുദ്ദീൻ അൻസാരിയുടെ കുടുംബത്തിന് 29 ലക്ഷം, എൻജിനീയറായ രാഹുൽ ശർമയുടെ കുടുംബത്തിന് 34 ലക്ഷം, ബികാസ് കുമാർ സിങ്ങിന്റെ കുടുംബത്തിന് 31 ലക്ഷം, മുഹമ്മദ് ഇമ്രാൻ – 29 ലക്ഷം, ചന്ദ്രബാൻ പാൽ – 28 ലക്ഷം എന്നിങ്ങനെയാകും കുറഞ്ഞത് ലഭിക്കുക. കരാർ തൊഴിലാളിയായ അൻമോലിന്റെ കുടുംബത്തിന് കരാർ കമ്പനി പ്രഖ്യാപിച്ച അഞ്ചു ലക്ഷം ഉൾപ്പെടെ 16 ലക്ഷം രൂപ ലഭിക്കുമെന്നും മന്ത്രി വിശദീകരിച്ചു.

 

ഗുരുതരമായി പരുക്കേറ്റവർക്ക് രണ്ടര ലക്ഷത്തിലേറെ തുക നിശ്ചയിക്കാൻ കമ്പനിയോട് നിർദേശിച്ചിട്ടുണ്ട്. ഇക്കാര്യം രണ്ടു ദിവസത്തിനകം തീരുമാനിക്കും. ദുരന്തത്തെ തുടർന്ന് ഒറ്റപ്പെട്ടു പോയ മേഖലകളിലുള്ള ആളുകൾക്ക് ഒരാഴ്ചത്തേക്ക് സൗജന്യ റേഷൻ നൽകും. ഈ പട്ടിക ലഭ്യമാക്കാൻ പഞ്ചായത്ത് സെക്രട്ടറിയെയും തഹസിൽദാരെയും കലക്ടർ ചുമതലപ്പെടുത്തി. തുരങ്കപ്പാത സംബന്ധിച്ച തുടർനടപടികൾ വിദഗ്ധ സമിതിയുടെ റിപ്പോർട്ട് പ്രകാരമാകും കൈക്കൊള്ളുക. തിങ്കളാഴ്ചയോടെ വിദഗ്ധ സമിതി മേഖലയിൽ നിരീക്ഷണം ആരംഭിക്കുമെന്നാണു കരുതുന്നത്. വിദഗ്ധ സമിതി എത്തിയ ശേഷം മേഖലയിലെ മണ്ണ് പരിശോധിച്ച് ഏത് രീതിയിൽ, ഏത് സമയത്ത്, എവിടെ നിന്നും മണ്ണ് നീക്കം ചെയ്യണം, സുരക്ഷ ക്രമീകരണങ്ങൾ സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കും.

 

കള്ളാടി തുരങ്കപ്പാത നിർമാണ മേഖലയിലെ മണ്ണിടിച്ചിലിൽ രൂപപ്പെട്ട മണ്ണ് മൂന്ന് ദിവസത്തിനകം മാറ്റാൻ കമ്പനിക്ക് നിർദേശം നൽകി. റോഡിന് ഇരുവശത്തേക്കും ഇടിഞ്ഞ മണ്ണ്, കൂട്ടിയിട്ട മണ്ണ് എന്നിവ മാറ്റാനാണ് കമ്പനിക്ക് നിർദേശം നൽകിയത്. മണ്ണിടിച്ചിലിൽ മീനാക്ഷി പാലത്തിനു താഴെ ഭാഗത്തുള്ള വീട് ഭാഗികമായി തകർന്നതിനാൽ ഉടമസ്ഥർക്ക് പകരം വീട് കണ്ടെത്താൻ മേപ്പാടി ഗ്രാമ പഞ്ചായത്ത് പ്രതിനിധികളെ ചുമതലപ്പെടുത്തി. മഴ ശക്തമാകുന്ന സാഹചര്യങ്ങളിൽ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരെ മാറ്റിപ്പാർപ്പിക്കാൻ ആവശ്യമായ ക്രമീകരണങ്ങൾ ഉറപ്പാക്കാൻ പദ്ധതി തയാറാക്കി സമർപ്പിക്കാൻ പഞ്ചായത്ത് ഭരണ സമിതിക്കു നിർദേശം നൽകി.

 

ചൂരൽമലയിൽ നിന്നും മേപ്പാടി ഭാഗങ്ങളിലെ സ്കൂളുകളിലേക്ക് പോകുന്ന വിദ്യാർഥികളെ എത്തിക്കുന്നതിന് സ്കൂൾ ബസ്, കെഎസ്ആർടിസി സൗകര്യം ഉറപ്പാക്കും. ഇതിനുപുറമെ ചൂരൽമല ഭാഗത്ത് നിന്ന് ജീപ്പ് സർവീസുകളുടെ എണ്ണം വർധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. മണ്ണിടിച്ചിലുണ്ടായ മീനാക്ഷിപുഴയുടെ ഇരുവശങ്ങളിലും ചെക്ക് പോസ്റ്റ് ആരംഭിക്കും. പാലത്തിലൂടെ ഇരുവശങ്ങളിലേക്കും ആളുകളെ സുരക്ഷിതമായി കടത്തി വിടുന്നതിന് അഗ്നിശമന സേന – പൊലീസ് ഉദ്യോഗസ്ഥർ, കമ്പനി പ്രതിനിധികൾ എന്നിവരെ ചുമതലപ്പെടുത്തി.

 

അപകടത്തെ തുടർന്ന് താഴ്ന്ന പ്രദേശങ്ങളിൽ കുടിവെള്ളം തടസ്സപ്പെട്ട സാഹചര്യത്തിൽ ഭൂജല വകുപ്പിനോട് പ്രദേശത്ത് ആവശ്യമായ പരിശോധന നടത്താനും കുഴൽ കിണർ, അനുബന്ധ സൗകര്യങ്ങൾ ഉറപ്പാക്കുന്നത് വരെ ജല അതോറിറ്റി മുഖേന പ്രദേശത്തേക്ക് വെള്ളം ലഭ്യമാക്കുന്നതിന് കൃത്യമായ ഏകോപനം നടത്താൻ പഞ്ചായത്തിനും മന്ത്രി യോഗത്തിൽ നിർദേശം നൽകി. മീനാക്ഷി പാലത്തിന്റെ ബലക്ഷയം പരിശോധിച്ച് കൈവരികൾ സ്ഥാപിക്കാൻ പൊതുമരാമത്ത് വകുപ്പിനെ ചുമതലപ്പെടുത്തി. പുഴയുടെ നവീകരണ പ്രവൃത്തികൾ നടത്താൻ ജലസേചന വകുപ്പിന് ചുമതല നൽകി.

 

കലക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ ചേർന്ന അവലോകന യോഗത്തിൽ ജില്ലാ കലക്ടർ ഡി.ആർ. മേഘശ്രീ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, എഡിഎം കെ. അജീഷ്, സബ് കലക്ടർ അതുൽ സാഗർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, കമ്പനി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

  • Related Posts

    180 രൂപയുടെ ചെക്കിൽ 31,180 എന്നെഴുതി! അമ്പലവയൽ കൃഷി വിജ്ഞാന കേന്ദ്രത്തിൽ ലക്ഷങ്ങളുടെ തട്ടിപ്പ്

    Spread the love

    Spread the love    വയനാട് അമ്പലവയൽ കൃഷി വിജ്‌ഞാന കേന്ദ്രത്തിൽ വൻ സാമ്പത്തിക തട്ടിപ്പ്. ചെറിയ തുകകൾക്കുള്ള ചെക്കുകളിൽ സംഖ്യകൾ തിരുത്തി ലക്ഷങ്ങൾ തട്ടിയതായി വിജിലൻസ് കണ്ടെത്തി. തട്ടിപ്പുമായി ബന്ധപ്പെട്ട് 280 ലധികം ചെക്കുകൾ വിജിലൻസ് പിടിച്ചെടുത്തു. ബത്തേരി വിജിലൻസ്…

    ഓപ്പറേഷൻ തണ്ടർ’: വയനാട്ടിൽ മയക്കുമരുന്നുമായി നാല് യുവാക്കൾ അറസ്റ്റിൽ

    Spread the love

    Spread the love  കൽപ്പറ്റ: വയനാട് എക്‌സൈസ് ഡിവിഷൻ ലഹരിക്കെതിരെ നടത്തിവരുന്ന ശക്തമായ പരിശോധനകളുടെ ഭാഗമായി സംഘടിപ്പിച്ച ‘ഓപ്പറേഷൻ തണ്ടർ’ റെയ്ഡിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി നാല് യുവാക്കളെ മയക്കുമരുന്ന് കേസുകളിൽ അറസ്റ്റ് ചെയ്തു.   അറസ്റ്റിലായവരുടെ വിവരങ്ങൾ താഴെ…

    Leave a Reply

    Your email address will not be published. Required fields are marked *