റായ്പൂർ∙ ലൈംഗികാതിക്രമം തടയാൻ ശ്രമിച്ച 50 വയസ്സുകാരിയെ കൊലപ്പെടുത്തി 42കാരൻ. കൊലപാതകത്തിനു ശേഷം സ്ത്രീയുടെ മൃതദേഹം കഷ്ണങ്ങളാക്കി നദിയിൽ എറിഞ്ഞു. ഛത്തീസ്ഗഢിലെ ബേമെറ്റാര ജില്ലയിലാണ് സംഭവം. സംഭവത്തിൽ സോൻപുരി സ്വദേശിയായ രാംപ്രസാദ് സോൻവാനിയെ പൊലീസ് അറസ്റ്റ് ചെയ്തു.
ജൂലൈ 6നാണ് സംഭവം. രാത്രി പ്രതി സ്ത്രീയുടെ വീട്ടിൽ അതിക്രമിച്ച് കയറുകയായിരുന്നു. പിന്നാലെ പീഡിപ്പിക്കാൻ ശ്രമിച്ചു. പീഡനശ്രമം എതിർത്തതോടെ കൊലപ്പെടുത്തി. തുടർന്ന് മൃതദേഹം കഷ്ണങ്ങളാക്കി മുറിക്കുകയും ശിവ്നാദ് നദിയിൽ തള്ളുകയും ചെയ്തെന്ന് പൊലീസ് പറഞ്ഞു. ശിവ്നാദ് നദിക്കു സമീപമുള്ള തോട്ടിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടതിനു പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്.
കൊലപാതകത്തിനു ശേഷം പ്രതി സ്ത്രീയെ പീഡിപ്പിച്ചെന്നും പിന്നാലെയാണ് മൃതദേഹം കഷ്ണങ്ങളാക്കി മുറിച്ചതെന്നും പൊലീസ് പറഞ്ഞു. കസ്റ്റഡിയിലെടുത്ത പ്രതി കുറ്റം സമ്മതിച്ചു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധം കണ്ടെടുത്തു. സ്ത്രീയുടെ വീട്ടിൽ നിന്ന് പ്രതി 2500 രൂപ മോഷ്ടിച്ചെന്നും പൊലീസ് വ്യക്തമാക്കി.







