ടിക്കറ്റില്ലാതെ യാത്ര ചെയ്തതിന് 7000 രൂപ പിഴ, പിടിവീണാൽ ഇനി പോക്കറ്റ് കാലിയാകും; കർശന നടപടിയുമായി റെയിൽവേ

Spread the love

തിരുവനന്തപുരം∙ ട്രെയിനില്‍ ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്താല്‍ കാത്തിരിക്കുന്നതു വന്‍ പിഴ. ജന വിശ്വാസ് നിയമം നിലവില്‍ വന്നതിനെ തുടര്‍ന്ന് ടിക്കറ്റിലാത്ത യാത്രക്ക് എതിരെ കര്‍ശനമായ നിയമനടപടിയാണ് നേരിടേണ്ടിവരുന്നത്. കഴിഞ്ഞ ദിവസം ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്തതിനു പിടിക്കപ്പെട്ട് കോടതിയില്‍ ഹാജരാക്കിയ വ്യക്തിക്ക് 7,000 രൂപ പിഴയും ഒരു ദിവസത്തെ തടവുശിക്ഷയുമാണ് നേരിടേണ്ടിവന്നത്. പരിശോധനയ്ക്കിടെ ടിക്കറ്റില്ലെന്നു കണ്ടെത്തിയ വ്യക്തി ജന വിശ്വാസ് ആക്ട് പ്രകാരമുള്ള 600 രൂപ പിഴ അടയ്ക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് നിയമനടപടികള്‍ക്കായി കൊല്ലം ആര്‍പിഎഫ് സ്റ്റേഷനിലേക്കു കൈമാറുകയായിരുന്നു. തുടര്‍ന്ന് ആര്‍പിഎഫ് 1989ലെ റെയില്‍വേ ആക്ട് സെക്‌ഷൻ 137, 145(ബി), 146 പ്രകാരം കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം പൂര്‍ത്തിയാക്കി കൊല്ലം സ്‌പെഷല്‍ ക്ലാസ് റെയില്‍വേ മജിസ്‌ട്രേട്ട് കോടതി മുമ്പാകെ ഹാജരാക്കി. കേസ് പരിഗണിച്ച സ്‌പെഷല്‍ ക്ലാസ് റെയില്‍വേ മജിസ്‌ട്രേട്ട് ജസ്റ്റിന്‍ മാര്‍ട്ടിന്‍ പ്രതിയെ കുറ്റക്കാരനെന്ന് കണ്ടെത്തി 7,000 രൂപ പിഴയും ഒരു ദിവസത്തെ തടവും ശിക്ഷ വിധിക്കുകയായിരുന്നു. ജന വിശ്വാസ് നിയമം നിലവില്‍ വന്നതോടെ ടിക്കറ്റില്ലാത്ത യാത്ര ഉള്‍പ്പെടെയുള്ള നിയമലംഘനങ്ങള്‍ക്കെതിരെ കൂടുതല്‍ കര്‍ശനമായ നടപടികളാണ് സ്വീകരിച്ചുവരുന്നതെന്നു റെയില്‍വേ അറിയിച്ചു.

 

2026ലെ ജന്‍ വിശ്വാസ് നിയമത്തിലെ വ്യവസ്ഥകള്‍ അനുസരിച്ച് ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്യുന്നവര്‍ക്കുള്ള ഏറ്റവും കുറഞ്ഞ പിഴ 250 രൂപയില്‍ നിന്ന് 500 രൂപയാക്കി വര്‍ധിപ്പിച്ചിരുന്നു. ജനറല്‍ കോച്ചില്‍ പിടിക്കപ്പെട്ടാല്‍ അടക്കേണ്ട ചുരുങ്ങിയ ദൂരത്തിനുള്ള തുക 320 രൂപയില്‍നിന്ന് 570 ആയിട്ടുണ്ട്. സ്ലീപ്പര്‍ കോച്ചില്‍ (200 കി.മീ) പിഴത്തുക 530 രൂപയില്‍നിന്ന് 780 ആയി വര്‍ധിച്ചു. 1989ലെ റെയില്‍വേ ആക്ടിലെ സെക്ഷന്‍ 137, 138 പ്രകാരമാണ് ഉയര്‍ന്ന പിഴ ബാധകമാകുന്നത്. ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നതും ഉപയോഗിച്ചതോ അസാധുവായതോ അനുചിതമായതോ ആയ ടിക്കറ്റ് ഉപയോഗിച്ച് യാത്ര ചെയ്യുന്നതും ഈ വ്യവസ്ഥകളില്‍ ഉള്‍പ്പെടുന്നു. സാധുവായ ടിക്കറ്റ് ഇല്ലാതെ പിടിക്കപ്പെടുന്ന യാത്രക്കാര്‍ അധിക ചാര്‍ജിനൊപ്പം യഥാര്‍ഥ യാത്രാനിരക്കും നല്‍കേണ്ടി വരുമെന്ന് റെയില്‍വേ അധികൃതര്‍ വ്യക്തമാക്കുന്നു. കുറഞ്ഞ പിഴ 500 രൂപയായി നിശ്ചയിച്ചിട്ടുണ്ട്. പിഴ അടയ്ക്കാത്തവര്‍ റെയില്‍വേ ആക്ട് പ്രകാരം കുറ്റക്കാരായി കണ്ടെത്തിയാല്‍ കോടതി നടപടികളും ആറുമാസം വരെ തടവും നേരിടേണ്ടി വരാം.

 

മദ്യപിച്ച് ട്രെയിനില്‍ കയറി ബഹളമുണ്ടാക്കിയാല്‍ 1000 രൂപ പിഴയും ആറു മാസം വരെ തടവുശിക്ഷയും ലഭിക്കാം. കോച്ചുകള്‍ക്കുള്ളില്‍ പുകവലി പാടില്ല. പുകവലിച്ചാല്‍ 2000 രൂപയാണ് പിഴ. പിഴയടയ്ക്കാതെ കോടതിയില്‍ എത്തിയാല്‍ 5000 രൂപ വരെ പിഴ ലഭിക്കാം. വനിതകളുടെ കോച്ചില്‍ അതിക്രമിച്ചു കയറിയാല്‍ 2000-5000 രൂപ വരെ പിഴ ചുമത്തും. കോച്ചുകളുടെ മുകളിലും ചവിട്ടുപടിയിലും ഇരുന്നു യാത്ര ചെയ്യുന്നവരും ശ്രദ്ധിക്കണം. 2000 രൂപ പിഴ അടയ്‌ക്കേണ്ടിവരും.

  • Related Posts

    വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിച്ചു, സ്വകാര്യ ചിത്രങ്ങൾ ഫോണിൽ പകർത്തി; യുവാവ് പിടിയിൽ

    Spread the love

    Spread the loveകൊല്ലം ∙ രണ്ട് പോക്സോ കേസ് ഉൾപ്പെടെ അഞ്ചോളം കേസുകളിലെ പ്രതിയായ യുവാവ് വീണ്ടും പോക്സോ കേസിൽ പിടിയിൽ. പള്ളിത്തോട്ടം ഗലീലിയോ നഗറിൽ ഫിജോയ് ആണ് പിടിയിലായത്. 16 വയസ്സുകാരിയെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. വിവാഹ വാഗ്ദാനം നൽകി…

    യൂട്യൂബർ ഹെലൻ ഓഫ് സ്പാർട്ട അറസ്റ്റിൽ

    Spread the love

    Spread the loveതൃശ്ശൂർ: സോഷ്യൽ മീഡിയയിലൂടെ ട്രാൻസ്‌ജെൻഡറെ ലൈംഗികമായി അധിക്ഷേപിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്ത കേസിൽ പ്രമുഖ യൂട്യൂബറും ഇൻഫ്ലുവൻസറുമായ ‘ഹെലൻ ഓഫ് സ്പാർട്ട’ എന്ന ധന്യ ഹർഷിദിനെ തൃശ്ശൂർ സിറ്റി സൈബർ പോലീസ് അറസ്റ്റ് ചെയ്തു. പിന്നീട് ഇവരെ ജാമ്യത്തിൽ വിട്ടയച്ചു.…

    Leave a Reply

    Your email address will not be published. Required fields are marked *