ഗുവാഹത്തി ∙ ഇരുപത്തിയഞ്ചുകാരിയായ നവവധു അപ്പാർട്ട്മെന്റിൽ കൊല്ലപ്പെട്ട നിലയിൽ . ഗുവാഹത്തി സ്വദേശിനിയായ റിയ താലൂക്ദാർ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിനു ശേഷം ഒളിവിൽ പോയ ഭർത്താവ് പൊലീസിൽ കീഴടങ്ങി.
അപ്പാർട്ട്മെന്റിൽ നിന്നു ദുർഗന്ധം വമിച്ചതിനെ തുടർന്ന് ഇന്നലെ അയൽവാസികളാണ് പൊലീസിൽ വിവരമറിയിച്ചത്. രണ്ടുദിവസമായി ദമ്പതികളെ പുറത്തുകണ്ടിരുന്നില്ലെന്നും ഇവരുടെ ഫോണുകൾ സ്വിച്ച് ഓഫ് ആണെന്നും അയൽവാസികൾ പൊലീസിനോട് പറഞ്ഞു. പൊലീസ് വീടിന്റെ പൂട്ട് പൊളിച്ച് അകത്തുകയറിയപ്പോഴാണ് റിയയുടെ മൃതദേഹം കണ്ടെത്തിയത്. അഴുകിത്തുടങ്ങിയ മൃതദേഹം തലയില്ലാത്ത നിലയിലായിരുന്നു. കൈവിരലുകൾ പകുതിയോളം മുറിച്ചുമാറ്റിയിരുന്നു.
തുടർന്ന് നടത്തിയ തിരച്ചിലിലാണ് റിയയുടെ തല ഫ്രിജിൽ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയത്. ഒളിവിൽ പോയ ഭർത്താവിനെ വെള്ളിയാഴ്ചയാണ് അയൽവാസികൾ അവസാനമായി കണ്ടത്. ഇയാൾക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കിയിരിക്കെയാണ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ വിവാഹം കുറച്ചു മാസം മുൻപായിരുന്നു.
മൃതദേഹവും തലയും പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പ്രതിയെ ചോദ്യം ചെയ്ത് വരുന്നതായും കൊലപാതകത്തിലേക്ക് നയിച്ച കാരണമെന്താണെന്ന് വ്യക്തമല്ലെന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.







