തിരുവനന്തപുരം ∙ സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ആവശ്യമായി വന്നേക്കാമെന്ന് കെഎസ്ഇബി. വൈകിട്ട് 6.15 മുതൽ രാത്രി 12.45 മണി വരെ ഉള്ള സമയങ്ങളിൽ വൈദ്യുത നിയന്ത്രണം ആവശ്യമായി വന്നേക്കാമെന്നാണ് മുന്നറിയിപ്പ്. എൽനിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവും അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതും മൂലം സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം മുൻകാലങ്ങളെ അപേക്ഷിച്ച് ഗണ്യമായി വർധിച്ചിരിക്കുകയാണ്. ഇതോടൊപ്പം രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വർധിച്ചതിനാൽ പവർ എക്സ്ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ് അനുഭവപ്പെടുന്നുണ്ടെന്ന് കെഎസ്ഇബി അറിയിച്ചു.
ദേശീയ തലത്തിൽ ഗ്രിഡ് കൺട്രോളർ ഓഫ് ഇന്ത്യ അറിയച്ചതുപ്രകാരമുള്ള 12000 മെഗാവാട്ടിന്റെ കുറവ് പൂർണമായും പരിഹരിക്കാത്ത സാഹചര്യം നിലനിൽക്കുന്നുണ്ട്. സെൻട്രൽ ജനറേറ്റിങ് സ്റ്റേഷനിൽ നിന്നുള്ള വൈദ്യുതി ലഭ്യതയിൽ അപ്രതീക്ഷിത കുറവും അനുഭവപ്പെടുന്നുണ്ട്. ഇന്നലെ രാത്രി 10.30 ന് രേഖപ്പെടുത്തിയ 5349 മെഗാവാട്ട് അനിയന്ത്രിത ഡിമാൻഡ് സാധാരണ വേനൽ കാലങ്ങളിൽ രേഖപ്പെടുത്തിയ ഡിമാൻഡിനു തുല്യമാണ്. മുൻകാലങ്ങളിലെ സെപ്റ്റംബർ മാസത്തെ ഡിമാൻഡിൽനിന്നു ഏകദേശം 1100 മെഗാവാട്ട് വരെ ഇത് കൂടുതലാണ്.
മധ്യപ്രദേശിൽ നിന്നും കൈമാറ്റകരാര്‍ വഴി ലഭ്യമായിരുന്ന 200 മെഗാവാട്ട് വൈദ്യുതി ഇന്ന് ലഭിക്കില്ല. ആയതിനാൽ ഇന്ന് 200 മെഗാവാട്ടിന്റെ അധികകുറവുകൂടി നേരിടുന്നുണ്ട്. സംസ്ഥാനത്ത് മഴ മാറിനിൽക്കുന്ന സാഹചര്യത്തിൽ ഉയർന്ന വൈദ്യുതി ഉപഭോഗം മൂലം മുൻ ദിവസങ്ങളെ അപേക്ഷിച്ച് ഏകദേശം 900 മുതൽ 1000 മെഗാവാട്ടിന്റെ ലഭ്യതക്കുറവ് അനുഭവപ്പെടാൻ സാധ്യതയുണ്ടെന്നും കെഎസ്ഇബി അറിയിച്ചു.






