പാലാ: കോട്ടയം പാലാ ടൗണിൽ നാല് വ്യാപാര സ്ഥാപനങ്ങളുടെ ഷട്ടർ തകർത്ത് ലക്ഷങ്ങൾ കവർന്ന കേസിലെ പ്രധാന പ്രതിയെ പോലീസ് പിടികൂടി. പശ്ചിമ ബംഗാൾ സ്വദേശിയായ സുഗത് ചന്ദ് ആണ് പാലാ പോലീസിന്റെ നിർണ്ണായക നീക്കത്തിൽ വലയിലായത്.
പാലാ ടൗണിൽ പ്രവർത്തിക്കുന്ന നാല് കടകളിൽ നിന്നായി 3,75,000 രൂപയാണ് ഇയാളും സംഘവും ചേർന്ന് കവർന്നത്. മോഷണം നടത്തിയ ഉടൻ തന്നെ പ്രതി സ്വന്തം സംസ്ഥാനമായ പശ്ചിമ ബംഗാളിലേക്ക് കടന്നുകളയുകയായിരുന്നു.
പ്രതികൾ സഞ്ചരിച്ച വഴികളിലെ സിസിടിവി ദൃശ്യങ്ങളും മൊബൈൽ ടവർ ലൊക്കേഷനുകളും കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തിയത്. തുടർന്ന് ഇയാളെ കേന്ദ്രീകരിച്ച് പോലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു.
നാട്ടിലേക്ക് കടന്ന സുഗത് ചന്ദ്, അടുത്ത മോഷണം ലക്ഷ്യമിട്ട് വീണ്ടും കേരളത്തിലേക്ക് തിരിച്ചെത്തിയപ്പോഴാണ് പോലീസിന്റെ പിടിയിലാകുന്നത്. പ്രതി എറണാകുളത്തുണ്ടെന്ന് കൃത്യമായ ലൊക്കേഷൻ വിവരങ്ങൾ ലഭിച്ചതോടെ പോലീസ് സംഘം നേരിട്ടെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കേസിൽ സുഗത് ചന്ദിനെക്കൂടാതെ മറ്റൊരു പശ്ചിമ ബംഗാൾ സ്വദേശി കൂടി ഉൾപ്പെട്ടിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി. ഇയാളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും എത്രയും വേഗം അറസ്റ്റ് രേഖപ്പെടുത്തുമെന്നും പോലീസ് അറിയിച്ചു.





