തിരുവനന്തപുരം ∙ ആണ്‍കുട്ടികള്‍ക്കും ലിംഗനിര്‍ണയം നടത്താത്ത കുട്ടികള്‍ക്കും അവരുടെ ഇഷ്ടപ്രകാരം തലമുടി വളര്‍ത്തുന്നതിനു സ്വാതന്ത്ര്യമുണ്ടെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍. മുടിയുടെ നീളത്തിന്റെയോ അതുമായി ബന്ധപ്പെട്ട കാര്യങ്ങളുടെയോ പേരില്‍ സ്‌കൂള്‍ അധികൃതര്‍, ആണ്‍കുട്ടികളെയും ട്രാന്‍സ്‌ജെന്‍ഡര്‍ കുട്ടികളെയും മാനസികമായി ബുദ്ധിമുട്ടിക്കാനോ, ക്ലാസില്‍ നിന്ന് മാറ്റി നിര്‍ത്താനോ, വിവേചനപരമായി പെരുമാറുന്നതിനോ ശിക്ഷാ നടപടികള്‍ക്ക് വിധേയമാക്കുന്നതിനോ പാടില്ലെന്നും കമ്മിഷന്‍ അംഗം പി ഷാജേഷ് ഭാസ്‌കര്‍ ഉത്തരവിട്ടു. വിദ്യാര്‍ഥികളുടെ ബാഹ്യരൂപത്തേക്കാള്‍ അവരുടെ പഠനപുരോഗതിക്കും വ്യക്തിത്വവികാസത്തിനുമാണ് വിദ്യാലയങ്ങള്‍ മുന്‍ഗണന നല്‍കേണ്ടതെന്നും കമ്മിഷന്‍ ചൂണ്ടിക്കാട്ടി. തലമുടി നീട്ടി വളര്‍ത്തുന്ന ആണ്‍കുട്ടികളെ കുറ്റവാളികളായി സ്‌കൂള്‍ അധികൃതര്‍ നേരിടുന്നുവെന്നു കാട്ടി രാമനാട്ടുകര സ്വദേശി ഇന്ദു മേനോന്‍ നല്‍കിയ ഹര്‍ജിയിലാണു നടപടി.
അതേസമയം, കണ്ണുകളോ, മുഖമോ മറയാത്തരീതിയിലും വൃത്തിയായും സുരക്ഷിതമായും മുടി സൂക്ഷിക്കുവാനുളള ചുമതല കുട്ടികള്‍ക്കുണ്ടെന്നും കമ്മിഷന്‍ വ്യക്തമാക്കി. ലബോറട്ടറി പ്രവര്‍ത്തനങ്ങള്‍, കായിക മത്സരങ്ങള്‍, പ്രാക്ടിക്കല്‍ ക്ലാസുകള്‍ എന്നിവയില്‍ പങ്കെടുക്കുമ്പോള്‍ സുരക്ഷ മുന്‍നിര്‍ത്തി, നിര്‍ബന്ധമായും മുടി കെട്ടിവയ്ക്കുകയോ ഹെയര്‍ ബാന്റ് ഉപയോഗിച്ച് ഒതുക്കി വയ്ക്കുകയോ ചെയ്യണം. മുടിയില്‍ ആരോഗ്യത്തിനു ഹാനികരമാകുന്ന തരത്തിലുളള രാസവസ്തുക്കള്‍, കളറുകള്‍ എന്നിവ ഉപയോഗിക്കുന്നത് ഗുണകരമല്ല. ലിംഗ നിര്‍ണയം നടത്തിയിട്ടില്ലാത്ത കുട്ടികള്‍ക്ക് അവരുടെ താല്‍പര്യത്തിന് അനുസൃതമായി മുടി പരിപാലിക്കുന്നതിനും ഡ്രസ് കോഡ് തിരഞ്ഞെടുക്കുന്നതിനും പൂര്‍ണമായ അവകാശം ഉണ്ടായിരിക്കും.
വിദ്യാഭ്യാസ വകുപ്പോ സിബിഎസ്ഇയോ ആണ്‍കുട്ടികളെയും ലിംഗനിര്‍ണയം നടത്താത്ത കുട്ടികളെയും കേട്ട ശേഷം മുടി വളര്‍ത്തുന്നതുമായി ബന്ധപ്പെട്ട മാര്‍ഗ നിർദേശങ്ങള്‍ വിദ്യാലയങ്ങള്‍ക്ക് നല്‍കണമെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടു. കമ്മിഷന്റെ ശുപാര്‍ശയില്‍ 45 ദിവസത്തിനകം ബന്ധപ്പെട്ട കക്ഷികള്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. പതിനൊന്നാം ക്ലാസില്‍ പഠിക്കുന്ന ആണ്‍കുട്ടിയോട് മുടി വെട്ടി വരണമെന്ന് പല തവണ ആവശ്യപ്പെട്ടിട്ടും കുട്ടി തയാറാകുന്നില്ലെന്നും ഇത്തരം സാഹചര്യങ്ങളില്‍ എന്തു തീരുമാനം കൈക്കൊള്ളണമെന്ന മാര്‍ഗ നിര്‍ദേശങ്ങള്‍ ആവശ്യമാണെന്നും സൂചിപ്പിച്ച് കോട്ടക്കല്‍ സേക്രഡ് ഹാര്‍ട്ട് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പ്രിന്‍സിപ്പലും ഹര്‍ജി സമര്‍പ്പിച്ചിരുന്നു. രണ്ട് ഹര്‍ജികളും പരിഗണിച്ച ശേഷമാണ് കമ്മിഷന്റെ ഉത്തരവ്.





