കൽപറ്റ ∙ നിയമവിരുദ്ധമായ അളവിൽ മദ്യം സൂക്ഷിച്ച കേസിൽ പ്രതിയായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി എംഡി ആന്റോ അഗസ്റ്റിന്റെ വാഴവറ്റയിലെ വീട് അനധികൃതമായി നിർമിച്ചതെന്ന് എക്സൈസ് സംഘത്തിന്റെ കണ്ടെത്തൽ. കെട്ടിടനിർമാണവുമായി ബന്ധപ്പെട്ട് വയനാട് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നിർദേശങ്ങൾ പാലിക്കാതെയാണ് ആന്റോ അഗസ്റ്റിൻ വീടു നിർമിച്ചതെന്ന് അന്വേഷണസംഘത്തിന്റെ റിപ്പോർട്ടിലുണ്ട്. വീടിന്റെ തരം മാറ്റി ഹോംസ്റ്റേ, ടൂറിസ്റ്റ് ഹോം തുടങ്ങിയ കെട്ടിടങ്ങളുടെ വിഭാഗത്തിലേക്കാക്കാൻ 2022ൽ ആന്റോ മുട്ടിൽ പഞ്ചായത്തിൽ അപേക്ഷ നൽകിയിരുന്നു.
എന്നാൽ, സ്ഥലപരിശോധന നടത്താനെത്തിയ അധികൃതർ കെട്ടിടത്തിൽ അനധികൃത നിർമാണം നടത്തിയതായി കാണിച്ച് 2022 മാർച്ച് 28ന് ആന്റോയ്ക്ക് നോട്ടിസ് നൽകി. പിന്നീട്, അനധികൃതനിർമാണം ക്രമവൽക്കരിക്കാൻ ആന്റോ നൽകിയ അപേക്ഷ തള്ളിയ പഞ്ചായത്ത് സെക്രട്ടറി സ്റ്റോപ് മെമ്മോ നൽകിയിരുന്നതായും പ്രത്യേക അന്വേഷണസംഘം തലവനായ അസി. എക്സൈസ് കമ്മിഷണർ ആർ.എൻ.ബൈജു തയാറാക്കിയ റിപ്പോർട്ടിൽ പറയുന്നു.
പരമാവധി 3 നിലകൾ, 10 മീറ്റർ എന്നിങ്ങനെയാണ് വാഴവറ്റ ഉൾപ്പെടുന്ന മുട്ടിൽ പഞ്ചായത്തിലെ കെട്ടിടങ്ങൾക്കു ജില്ലാ ദുരന്തനിവാരണ അതോറിറ്റി നിശ്ചയിച്ചിരിക്കുന്ന ഉയരം. എന്നാൽ, പഞ്ചായത്തിൽ നൽകിയ പ്ലാൻ പ്രകാരം, ആന്റോയുടെ വീടിനു 4 നിലകളുണ്ടെന്നും 10 മീറ്ററിലധികം ഉയരമുണ്ടെന്നും കാണിച്ചാണു പഞ്ചായത്ത് സെക്രട്ടറി സ്റ്റോപ് മെമ്മോ നൽകിയത്.





