ഹൈദരാബാദ് ∙ ദേശീയപാതയിൽ കാർ ഡിവൈഡറിലിടിച്ച് തീപിടിച്ച് പ്രമുഖ ന്യൂറോ സർജൻ വെന്തുമരിച്ചു. സൂര്യപേട്ട് ജില്ലയിലെ പിള്ളലമർറിക്ക് സമീപം ദേശീയപാത 365BB യിൽ ഇന്ന് രാവിലെ ആയിരുന്നു അപകടം. ഖമ്മത്തെ സ്വകാര്യ മെഡിക്കൽ കോളജിലെ ന്യൂറോ സർജറി വിഭാഗം മേധാവിയായ ഡോ.കെ. ജഗദീഷ് ബാബുവാണ് മരിച്ചത്. ഖമ്മത്ത് നിന്നും തന്റെ കുടുംബം താമസിക്കുന്ന ഹൈദരാബാദിലേക്ക് കാറോടിച്ച് പോവുകയായിരുന്നു അദ്ദേഹം.
യാത്രാമധ്യേ ജഗദീഷ് ബാബു ഉറങ്ങിപോയതാകാം കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ഡിവൈഡറിലേക്ക് ഇടിച്ചുകയറാൻ കാരണമെന്ന് സംശയിക്കുന്നതായി ഖമ്മം റൂറൽ സിഐ ജി. രാജശേഖർ അറിയിച്ചു. ഇടിയുടെ ആഘാതത്തിൽ കാറിനു തീപിടിക്കുകയും മിനിറ്റുകൾക്കകം വാഹനം പൂർണമായും കത്തിയമരുകയുമായിരുന്നു. കാറിനുള്ളിൽ കുടുങ്ങിപോയ ജഗദീഷിനു പുറത്തുകടക്കാനായില്ല. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
ശരീരം പൂർണമായും വെന്തുപോയതിനാൽ തുടക്കത്തിൽ മൃതദേഹം തിരിച്ചറിയാൻ പൊലീസിനു ബുദ്ധിമുട്ട് നേരിട്ടിരുന്നു. പിന്നീട് നടത്തിയ പരിശോധനയിലാണ് മരിച്ചത് ജഗദീഷ് ബാബുവാണെന്ന് സ്ഥിരീകരിച്ചത്. അപകടവിവരമറിഞ്ഞ് അദ്ദേഹത്തിന്റെ സഹപ്രവർത്തകരായ ഡോക്ടർമാരും സ്ഥലത്തെത്തിയിരുന്നു. തുടർന്ന് മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി സൂര്യപേട്ട് ജനറൽ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിലേക്ക് നയിച്ച സാഹചര്യങ്ങളെ കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.





