തിരുവനന്തപുരം∙ മെസ്സിയെ കേരളത്തിലേക്ക് കൊണ്ടുവരാൻ തീരുമാനിച്ചത് എൽഡിഎഫ് സർക്കാരാണെന്നും, ഇതിനായി സ്പെയിനിൽ പോയത് മുൻ കായിക മന്ത്രി വി.അബ്ദുറഹിമാനാണെന്നും ആന്റോ അഗസ്റ്റിന്റെ മൊഴി. ജിഎസ്ടി വകുപ്പിനാണ് ഓഗസ്റ്റ് മൂന്നിന് മൊഴി നൽകിയത്. മെസ്സിയുടെ പരിപാടിക്ക് സ്പോൺസർ ആകണമെന്ന് ആവശ്യപ്പെട്ട് സർക്കാർ ഇങ്ങോട്ട് സമീപിക്കുകയായിരുന്നു എന്നാണ് ആന്റോയുടെ മൊഴി. തനിക്ക് ഇതിൽ പ്രത്യേക താൽപര്യമുണ്ടായിരുന്നില്ല. സൽപേര് മാത്രമായിരുന്നു താൽപര്യമെന്നും മൊഴിയിൽ പറയുന്നു. മുൻ സർക്കാരിനെ വെട്ടിലാക്കുന്നതാണ് മൊഴി. മെസ്സി കരാറിൽ തങ്ങൾക്കു പങ്കില്ലെന്നാണ് മുൻ സർക്കാരിന്റെ വാദം. ഇതിനിടെ, അർജന്റീന ഫുട്ബോൾ ടീമിനെ കേരളത്തിലെത്തിക്കാനുള്ള നീക്കങ്ങളുടെ മറവിൽ നടന്ന വഞ്ചന, ഗൂഢാലോചനക്കേസുകളിൽ സ്പോൺസർ ആന്റോയ്ക്കെതിരെ പ്രത്യേക അന്വേഷണസംഘം വിശദമായ അന്വേഷണമാണ് നടത്തുന്നത്.
സ്പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയുടെ (ആർബിസി) മാനേജിങ് ഡയറക്ടർ സ്ഥാനത്ത് ആരെന്നതിൽ രേഖകളിൽ വൈരുദ്ധ്യമുള്ളതായി എസ്ഐടി കണ്ടെത്തി. അർജന്റീന ഇടപാടുമായി ബന്ധപ്പെട്ടുള്ള സർക്കാർ രേഖകളിൽ ആർബിസിയുടെ മാനേജിങ് ഡയറക്ടർ ആന്റോ അഗസ്റ്റിനാണ്. എന്നാൽ കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിലെ രേഖകൾ പ്രകാരം സുൽത്താൻ ബത്തേരി സ്വദേശി കെ.ജെ.ജോസാണ് ആർബിസിയുടെ എംഡിയെന്ന് എസ്ഐടി പറയുന്നു. ആന്റോ അഗസ്റ്റിന്റെ ഭാര്യാപിതാവാണ് ഇദ്ദേഹം. കമ്പനിയുടെ മറ്റൊരു ഡയറക്ടറായ മെൽബി ജോസ് ആന്റോയുടെ സഹോദരഭാര്യയാണെന്നും കണ്ടെത്തി. ആന്റോയും സഹോദരങ്ങളും ഡയറക്ടർമാരല്ല. 2023ൽ റജിസ്റ്റർ ചെയ്ത കമ്പനിയുടെ മൂലധനം 10 ലക്ഷം രൂപ മാത്രമെന്നാണു രേഖകൾ.
∙ ധനകാര്യവകുപ്പിലേക്കും അന്വേഷണം
അർജന്റീന സന്ദർശനത്തിന്റെ മറവിൽ നടന്ന ക്രമക്കേടുകളിലെ എസ്ഐടി അന്വേഷണം ധനകാര്യ വകുപ്പിലേക്കും നീളുന്നു. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ജിഎസ്ടി സ്പെഷൽ കമ്മിഷണറായിരുന്ന ഐഎഎസ് ഉദ്യോഗസ്ഥ ആർ.ശ്രീലക്ഷ്മിയിൽനിന്ന് വിവരം തേടിയേക്കും. ഇവർ ഇപ്പോൾ അവധിയിലാണ്. നികുതി വെട്ടിപ്പിൽ സ്പോൺസർക്കെതിരായ അന്വേഷണം നിർത്തിവയ്ക്കാൻ ഇടപെട്ടത് സ്പെഷൽ കമ്മിഷണറുടെ നിർദേശപ്രകാരമാണെന്ന് ജിഎസ്ടി ഡപ്യൂട്ടി കമ്മിഷണർ വി.സുനിൽകുമാർ കഴിഞ്ഞ ദിവസം എസ്ഐടിക്ക് മൊഴി നൽകിയിരുന്നു. കേസ് അട്ടിമറിക്കുന്നതിൽ ധനകാര്യവകുപ്പ് ഇടപെട്ടോ എന്നും അന്വേഷിക്കുന്നുണ്ട്.






