ബിഹാർ ഷരീഫിൽ ജ്വല്ലറി ഷോറൂം ഉദ്ഘാടനത്തിനെത്തിയ ഭോജ്പുരി നടി കാജൽ രാഘ്വാനി സഞ്ചരിച്ച വാഹനത്തിന് നേരെ ജനക്കൂട്ടത്തിന്റെ ആക്രമണം. താരത്തെ കാണാൻ തടിച്ചുകൂടിയ ആളുകൾ വാഹനം വളയുകയും പിന്തുടരുകയുമായിരുന്നു. നടിയുടെ ടൊയോട്ട ഫോർച്യൂണർ കാറിന്റെ ചില്ലുകൾ തകർന്നു. അതേസമയം, സുരക്ഷിതയാണെന്ന് കാജൽ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.
ജ്വല്ലറി ഉദ്ഘാടനത്തിനായി ബിഹാർ ഷരീഫിൽ എത്തിയതായിരുന്നു കാജൽ രാഘ്വാനി. താരത്തെ കാണാനായി വൻ ജനക്കൂട്ടമാണ് സ്ഥലത്ത് തടിച്ചുകൂടിയത്. നടി കാറിനുള്ളിലുണ്ടെന്ന് കരുതി ആൾക്കൂട്ടം വാഹനത്തിന്റെ ചില്ലുകൾ തകർക്കുകയായിരുന്നു. പരിഭ്രാന്തരായ ആളുകൾക്കിടയിലൂടെ വാഹനം മുന്നോട്ട് എടുക്കാൻ ശ്രമിക്കുന്നതിനിടെ ഒരു കൂട്ടം ആളുകൾ കാറിന് പിന്നാലെ ഓടുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
ആൾക്കൂട്ടം നിയന്ത്രണാതീതമായതോടെ ഷോറൂം ഉടമയും സംഘവും ചേർന്ന് ഡ്രൈവേഴ്സ് ഗേറ്റ് വഴി രഹസ്യമായാണ് നടിയെ പുറത്തെത്തിച്ചത്. തുടർന്ന് വാഹനം വേഗത്തിൽ അവിടെനിന്ന് ഓടിച്ചുപോവുകയായിരുന്നു. പിന്നീട് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിലൂടെ താൻ പൂർണ സുരക്ഷിതയാണെന്ന് താരം ആരാധകരെ അറിയിച്ചു.
അതേസമയം, പരിപാടി നടത്താൻ സംഘാടകർ അനുമതി തേടിയിരുന്നില്ലെന്ന് പോലീസ് അറിയിച്ചു. സംഘാടകർക്ക് നോട്ടീസ് അയക്കുമെന്നും പോലീസ് വ്യക്തമാക്കി. എന്നാൽ പരിപാടിയെക്കുറിച്ച് ജില്ലാ ഭരണകൂടത്തെ കത്ത് മുഖേന അറിയിച്ചിരുന്നുവെന്നും സെപ്റ്റംബർ 17-ന് തന്നെ അനുമതിക്കായി അപേക്ഷ സമർപ്പിച്ചിരുന്നുവെന്നും ഷോറൂം ഉടമ അവകാശപ്പെട്ടു.
ചെറുപ്പത്തിൽ തന്നെ അഭിനയരംഗത്തെത്തിയ കാജൽ രാഘ്വാനി ഗുജറാത്തി ചിത്രങ്ങളിലൂടെയാണ് തുടക്കം കുറിച്ചത്. 2013-ൽ പുറത്തിറങ്ങിയ ‘രിഹായ്’ എന്ന ചിത്രത്തിലൂടെയാണ് ഭോജ്പുരി സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ‘പട്‌ന സേ പാകിസ്താൻ’, ‘മെഹന്ദി ലഗാ കെ രഖ്‌നാ’, ‘ഭോജ്പുരിയ രാജ’, ‘സംഗ്രാം’ തുടങ്ങി അമ്പതിലധികം ചിത്രങ്ങളിൽ കാജൽ അഭിനയിച്ചിട്ടുണ്ട്.






