കൊച്ചി ∙ വ്യാജപരാതി ഉന്നയിച്ച് കെട്ടിട ഉടമയിൽ നിന്ന് ലക്ഷങ്ങൾ കൈക്കൂലി തട്ടാൻ ശ്രമിച്ച കൊച്ചി കോർപറേഷൻ ഓവർസിയറും കൂട്ടാളിയും വിജിലൻസ് പിടിയിൽ. കാലടി കാഞ്ഞാർ സ്വദേശി സീന പി.ആർ (45), ഇടനിലക്കാരനായ ആലുവ പള്ളിക്കുന്ന് സ്വദേശി ഷാനവാസ് പി.എ (44) എന്നിവരെയാണ് ‘പ്രോജക്ട് സീറോ’യുടെ ഭാഗമായി വിജിലൻസ് എറണാകുളം യൂണിറ്റ് പിടികൂടിയത്. 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലാണ് സീന പിടിയിലായത്.
കതൃക്കടവിലുള്ള വാണിജ്യ കെട്ടിടത്തിലെ അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ടായിരുന്നു സംഭവം. പരാതിക്കാരൻ കെയർടേക്കറായി ചുമതല വഹിച്ചിരുന്ന കലൂർ കതൃക്കടവിലുള്ള കെട്ടിടത്തിനു 2009ൽ കെട്ടിട നമ്പർ അനുവദിച്ച് പ്രവർത്തിച്ചു വരികയായിരുന്നു. വാടകക്കാർ ഒഴിഞ്ഞതിനെ തുടർന്ന് പുതിയ വാടകക്കാർക്ക് നൽകുന്നതിനു മുൻപായി ചില അറ്റകുറ്റപ്പണികൾ നടത്തി. ഈ സമയം കെട്ടിടത്തിനെതിരെ ‘ലാൻഡ് ആന്റ് ബിൽഡിങ് സേഫ്റ്റി കൗൺസിൽ’ എന്ന സംഘടനയുടെ പേരിൽ ബിൽഡിങ് നിർമാണത്തിൽ മതിയായ മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ലെന്നും മറ്റും കാണിച്ച് ഷാനവാസ്, കൊച്ചി കോർപറേഷനു പരാതി നൽകി. പരാതി പരിഹരിക്കുന്നതിനായി കെട്ടിട ഉടമ കോർപറേഷൻ ഓവർസിയറായ സീനയെ നേരിൽ കണ്ട് രേഖകൾ സമർപ്പിക്കുകയും സ്ഥലം സന്ദർശിക്കുകയും ചെയ്തു.
കെട്ടിട ഉടമയുടെ ബന്ധുവിനെ ഫോണിൽ വിളിച്ച് ഷാനവാസിനെ ‘സെറ്റിൽ’ ചെയ്യണമെന്ന് പറഞ്ഞതിനെ തുടർന്ന് കെട്ടിടയുടമയ്ക്ക് വേണ്ടി കെയർടേക്കറായ പരാതിക്കാരൻ കോർപറേഷൻ ഓഫിസിൽ എത്തി. തുടര്‍ന്ന് സീന പരാതിക്കാരനു ഷാനവാസിന്റെ ഫോൺ നമ്പർ നൽകി പരാതി സെറ്റിൽ ചെയ്യാൻ നിർദേശിക്കുകയായിരുന്നു. ഷാനവാസിനെ ഫോണിൽ വിളിച്ചപ്പോൾ പരാതി പിൻവലിക്കുന്നതിന് ആദ്യം 5 ലക്ഷം രൂപ ആവശ്യപ്പെടുകയും അത്രയും രൂപ നൽകാൻ കഴിയില്ലെന്ന് പറഞ്ഞപ്പോൾ ഒടുവിൽ 2 ലക്ഷം രൂപയായി കുറയ്ക്കുകയും ചെയ്തു. ഇതിനു പുറമെ സീനയ്ക്ക് 25,000 രൂപ കൈക്കൂലി നൽകണമെന്നും പറഞ്ഞു. പരാതി പരിഹരിച്ച വിവരം സീനയെ വാട്സാപ്പ് കോൾ ചെയ്ത് അറിയിക്കണമെന്നും നോർമൽ കോൾ ചെയ്യരുതെന്നും പരാതിക്കാരനോട് ഷാനവാസ് നിർദേശിച്ചു. തുടർന്ന് പരാതിക്കാരൻ സീനയെ വാട്സാപ്പ് കോളിൽ വിളിച്ച് ഷാനവാസിനെ സെറ്റിൽ ചെയ്തെന്നും പരാതി പിൻവലിക്കാമെന്ന് ഷാനവാസ് സമ്മതിച്ചെന്നും അറിയിച്ചു. ബിൽഡിങ് യു.എ. നമ്പർ ആയി കഴിഞ്ഞാൽ നികുതിയായും പിഴയായും മൂന്ന് ഇരട്ടിയിൽ കൂടുതൽ തുക അടയ്ക്കേണ്ടി വരുമെന്നും കെട്ടിട ഉടമയോട് ചോദിച്ചിട്ട് ഷാനവാസ് പറഞ്ഞ 25,000 രൂപ നൽകാനും സീന നിർദേശിക്കുകയായിരുന്നു.
തുക ഇന്ന് വൈകിട്ട് കലൂർ മെട്രോ സ്റ്റേഷൻ പരിസരത്ത് വച്ച് തന്നാൽ മതിയെന്നായിരുന്നു സീനയുടെ നിർദേശം. തുടർന്ന് പരാതിക്കാരൻ ഈ വിവരം എറണാകുളം വിജിലൻസ് യൂണിറ്റിനെ അറിയിച്ചു. വിജിലൻസ് സംഘം കെണിയൊരുക്കി നിരീക്ഷിച്ചു. വൈകിട്ട് 5.10ന് കലൂർ ബസ് സ്റ്റാൻഡിനു സമീപം പരാതിക്കാരനിൽ നിന്നും 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് സംഘം സീനയെ പിടികൂടുകയായിരുന്നു. തുടർന്ന് ഷാനവാസും അറസ്റ്റിലായി. അറസ്റ്റിലായ പ്രതികളെ നാളെ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കും.






