‘ദൈവദൂത’യെപ്പോലെ ഒരു മലയാളി നഴ്‌സ്; യുകെയിൽ കുഴഞ്ഞുവീണ അയൽവാസിക്ക് പുതുജീവൻ, അഭിന്ദനപ്രവാഹം

Spread the love

വെസ്റ്റ് സസെക്സ്∙ ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞുവീണ 50 വയസ്സുകാരനായ തദ്ദേശീയന് സിപിആർ നൽകി ജീവൻ രക്ഷിച്ച് മലയാളി നഴ്‌സ് ലിജി ജോസഫ്. ചൊവ്വാഴ്ച വെസ്റ്റ് സസെക്സിലെ വർത്തിങിന് സമീപമുള്ള ലാൻസിങ്ങിലാണ് സംഭവം.

 

തൊട്ടടുത്ത ഫ്ലാറ്റിൽ ഒറ്റയ്ക്ക് താമസിക്കുന്ന നീൽ ക്രോസ് വുഡ് (50) ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞുവീണതറിഞ്ഞ് അയൽവാസികൾ ഓടിക്കൂടുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ലിജി, ആംബുലൻസ് ജീവനക്കാരുടെ നിർദേശപ്രകാരം ഉടൻ സിപിആർ നൽകുകയായിരുന്നു. തുടർന്നാണ് നീലിന്റെ ജീവൻ രക്ഷിക്കാനായത്.

 

യൂണിവേഴ്സിറ്റി ഹോസ്പിറ്റൽസ് സസെക്സ് എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റിന് കീഴിലുള്ള വർത്തിങ് ഹോസ്പിറ്റലിലെ ബോട്ടോൾഫ്സ് സ്ട്രോക്ക് വാർഡിൽ സ്റ്റാഫ് നഴ്‌സായി ജോലി ചെയ്യുകയാണ് ലിജി ജോസഫ്. അടിയന്തര സാഹചര്യങ്ങളിൽ സിപിആർ നൽകുന്നതിനുള്ള പരിശീലനവും ലിജി നേടിയിട്ടുണ്ട്. നഴ്‌സിങ് ജോലിക്കൊപ്പം കലാരംഗത്തും സജീവമായ ലിജി അറിയപ്പെടുന്ന ഒരു നർത്തകി കൂടിയാണ്. മുമ്പ് കെയർ ഹോമിൽ ജോലി ചെയ്തിരുന്ന സമയത്തും ലിജിക്ക് സമാനമായൊരു അനുഭവമുണ്ടായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഒരു വയോധിക കുഴഞ്ഞുവീണപ്പോൾ ലിജി സിപിആർ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല. ആ സംഭവത്തിന്റെ ദുഃഖം ഇന്നും ലിജിയെ അലട്ടുന്നുണ്ട്. മരണമടഞ്ഞ വയോധികയുടെ ഭർത്താവും കുടുംബാംഗങ്ങളും പിന്നീട് കെയർ ഹോമിലെത്തി ലിജിയുടെ പരിശ്രമത്തിന് നന്ദി അറിയിക്കുകയും ചെയ്തിരുന്നു. ഇത്തവണ ഒരു ജീവൻ രക്ഷിക്കാനായതിന്റെ വലിയ സന്തോഷത്തിലാണ് ലിജി.

 

സംഭവത്തിന് പിന്നാലെ അയൽവാസികൾ ലിജിയോടും കുടുംബത്തോടും നന്ദി അറിയിക്കുകയും സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു. “നിങ്ങൾ ഇവിടെ നിന്ന് മാറിപ്പോകരുത്” എന്ന് സ്നേഹപൂർവം പറയുകയും ചെയ്തു. ഏകദേശം നാല് മാസം മുമ്പാണ് ലിജിയും കുടുംബവും നിലവിലെ താമസസ്ഥലമായ ലാൻസിങ്ങിലേക്ക് എത്തിയത്. അതിന് മുമ്പ് ഗ്ലോസ്റ്റർഷയറിലെ ട്യൂക്സ്ബറിയിലായിരുന്നു താമസം. നാല് വർഷം മുമ്പ് ജോലിക്കായി യുകെയിലെത്തിയ ലിജി നേരത്തെ ഖത്തറിലും മുംബൈയിലെ റിലയൻസ് ഹോസ്പിറ്റലിലും നഴ്‌സായി ജോലി ചെയ്തിട്ടുണ്ട്. എറണാകുളം നെടുമ്പാശ്ശേരി തുരുത്ത്ശ്ശേരി സ്വദേശിയായ ലിജി കന്നപ്പള്ളി ദേവസി ഔസേപ്പിന്റെയും പയ്യപ്പിള്ളി ഔസേപ്പ് ലിസിയുടെയും മകളാണ്. എറണാകുളം കടമക്കുടി സ്വദേശിയായ ഭർത്താവ് ജയ്സൺ മണവാളനും മക്കളായ കെയ്റിൻ, കൈഡൻ, കെയ്ലിൻ എന്നിവർക്കുമൊപ്പമാണ് ലിജിയുടെ താമസം. ജയ്സൺ ഷോർഹാം-ബൈ-സീയിലെ കിങ്സ് ലാൻഡ് ഹൗസ് കെയർ ഹോമിൽ ജോലി ചെയ്യുന്നു. ലിജിയുടെ സഹോദരൻ ലിജോയും യുകെയിലാണ് ജോലി ചെയ്യുന്നത്.

 

രാജ്യത്ത് കുടിയേറ്റവുമായി ബന്ധപ്പെട്ട് വ്യത്യസ്ത ചർച്ചകൾ നടക്കുന്നതിനിടെയാണ് ലിജിയുടെ സമയോചിതമായ ഇടപെടലിന് ലഭിച്ച ഈ സ്നേഹപൂർവമായ പ്രതികരണം ശ്രദ്ധേയമാകുന്നത്. ഒരു മനുഷ്യന്റെ ജീവൻ രക്ഷിക്കാനുള്ള സമയോചിതമായ ഇടപെടലിന് ഭാഷയുടെയും രാജ്യത്തിന്റെയും അതിരുകളില്ലെന്ന് തെളിയിക്കുന്നത് കൂടിയാണ് ഈ സംഭവം. സ്വന്തം കഴിവും സേവന മനോഭാവവും ഉപയോഗിച്ച് സമൂഹത്തിന് കൈത്താങ്ങാകുന്ന പ്രവാസികൾക്ക് തദ്ദേശീയ സമൂഹത്തിൽ എത്രമാത്രം ആത്മബന്ധം സൃഷ്ടിക്കാനാകുമെന്നതിന്റെ മനോഹരമായ ഉദാഹരണമായും ലിജിയുടെ ഇടപെടലിനെ കാണാം.

  • Related Posts

    ‘തിന്മയ്ക്കുമേല്‍ നന്മയുടെ വിജയം’; ദീപാവലി ആഘോഷ നിറവില്‍ രാജ്യം

    Spread the love

    Spread the loveഇരുളിനെ അകറ്റി വെളിച്ചം നിറയ്ക്കുന്ന ദീപങ്ങളുടെ ഉത്സവമായ ദീപാവലി ആഘോഷത്തിന്റെ നിറവില്‍ രാജ്യം. പ്രത്യാശയുടെയും ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും സന്ദേശം പകരുന്ന ഈ ആഘോഷം തിന്മയ്ക്കുമേല്‍ നന്മയും അജ്ഞാനത്തിനുമേല്‍ ജ്ഞാനവും അനീതിക്കുമേല്‍ നീതിയും വിജയിക്കുന്നതിന്റെ പ്രതീകമാണ്. കുടുംബബന്ധങ്ങള്‍ പുതുക്കാനും സ്‌നേഹവും…

    ഭാര്യയുടെ ശരീരത്തെ പരിഹസിച്ചു; ഭർത്താവിന്റെ വിഡിയോ സമൂഹമാധ്യമത്തിൽ പങ്കുവച്ചു, ‘വൈറലായി കുടുംബവഴക്ക്’

    Spread the love

    Spread the loveയൂട്ടാ∙ ഭാര്യയുടെ ശരീരത്തെ പരിഹസിക്കുന്ന റിയാലിറ്റി ടെലിവിഷൻ താരം സാക് അഫ്ലെക്കിന്റെ (30) വിഡിയോ പുറത്തുവിട്ട് റിയാലിറ്റി ടെലിവിഷൻ താരവും ഭാര്യയുമായ ജെൻ അഫ്ലെക്ക് (27) രംഗത്ത്. ഈ മാസം മൂന്നിന് വിവാഹമോചനത്തിന് അപേക്ഷ നൽകിയതിന് പിന്നാലെ ജെൻ…

    Leave a Reply

    Your email address will not be published. Required fields are marked *