300 പൊലീസുകാർ, 47 ഇടങ്ങളിൽ പരിശോധന; സ്കോട്ട്ലൻഡിൽ വൻ ലഹരി-മനുഷ്യക്കടത്ത് സംഘം പിടിയിൽ

Spread the love

എഡിൻബറ/ലണ്ടൻ ∙ സ്കോട്ട്ലൻഡിൽ മനുഷ്യക്കടത്തും കഞ്ചാവ് കൃഷിയുമടക്കം നിരവധി കുറ്റകൃത്യങ്ങളുമായി ബന്ധമുള്ള വിയറ്റ്നാമീസ് സംഘടിത ക്രിമിനൽ സംഘത്തിനെതിരെ വൻ പൊലീസ് നടപടി. ഒരേസമയം നടത്തിയ റെയ്ഡുകളിൽ 36 പേരെ അറസ്റ്റ് ചെയ്യുകയും 14 കഞ്ചാവ് കൃഷിയിടങ്ങൾ കണ്ടെത്തുകയും ചെയ്തു.

 

ഏകദേശം 300 പൊലീസ് ഉദ്യോഗസ്ഥർ പങ്കെടുത്ത ഓപ്പറേഷനിൽ അബർഡീൻ, ഡണ്ടി, ഫാൽകിർക്ക്, എഡിൻബറ, ഗ്ലാസ്ഗോ, അയർഷയർ, ലനാർക്ക്ഷയർ, മിഡ്ലോതിയൻ, സ്കോട്ടിഷ് ബോർഡേഴ്സ് എന്നിവിടങ്ങളിലായി 47 വിലാസങ്ങളിൽ പരിശോധന നടത്തി. മനുഷ്യക്കടത്ത്, ലഹരിമരുന്ന് ഉൽപാദനം, തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ, സംഘടിത ഇമിഗ്രേഷൻ കുറ്റകൃത്യങ്ങൾ തുടങ്ങിയ വിവിധ കുറ്റകൃത്യങ്ങളിൽ സംഘം ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് സ്കോട്ട്ലൻഡിന്റെ ആരോപണം.

 

കഴിഞ്ഞ വർഷം സ്കോട്ട്ലൻഡിൽ കണ്ടെത്തിയ 150 കഞ്ചാവ് ഫാമുകളുമായി ബന്ധപ്പെട്ട അന്വേഷണമാണ് പുതിയ നടപടിയിലേക്ക് നയിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഏകദേശം 120 പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ പലരെയും കഞ്ചാവ് കൃഷിക്ക് നിയോഗിക്കപ്പെട്ട തൊഴിലാളികളായാണ് പൊലീസ് വിശേഷിപ്പിച്ചത്. പിടിച്ചെടുത്ത ലഹരിമരുന്നിന്റെ മൂല്യം ഏകദേശം 2.6 കോടി പൗണ്ട് വരും. തുടർന്നുള്ള അന്വേഷണത്തിൽ കണ്ടെത്തിയ കഞ്ചാവ് ഫാമുകളിൽ ഏകദേശം മൂന്നിലൊന്നിനും ഒരേ വിയറ്റ്നാമീസ് ക്രിമിനൽ സംഘവുമായി ബന്ധമുണ്ടെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. മനുഷ്യക്കടത്ത് സംബന്ധിച്ച അന്വേഷണത്തിൽ പൊലീസ് സ്കോട്ട്ലൻഡ് ഇതുവരെ നടത്തിയതിൽ ഏറ്റവും വലിയ ഓപ്പറേഷനാണിതെന്ന് ഡിറ്റക്ടീവ് സൂപ്രണ്ട് സ്റ്റീവി ബെർട്രാം പറഞ്ഞു. സംഘത്തിന്റെ പ്രവർത്തനം തടസ്സപ്പെടുത്തുകയും തകർക്കുകയുമായിരുന്നു ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

 

സ്കോട്ട്ലൻഡിന് പുറമെ ഇംഗ്ലണ്ടിലെ ബർമിങ്ങാമിലും പൊലീസ് അറസ്റ്റ് നടത്തി. ഹോം ഓഫിസ് ഇമിഗ്രേഷൻ എൻഫോഴ്സ്മെന്റും എച്ച്എംആർസിയും നടപടിയിൽ പങ്കെടുത്തു. സംഘം ബ്രിട്ടനിലുടനീളവും രാജ്യാന്തര തലത്തിലും പ്രവർത്തിക്കുന്നതായാണ് പൊലീസിന്റെ വിലയിരുത്തൽ. റെയ്ഡ് നടത്തിയ സ്ഥലങ്ങളിൽ ഗ്ലാസ്ഗോയിലെ ഒരു നെയിൽ സലൂണും ഉൾപ്പെടുന്നു. എഡിൻബറയിലെ സൗത്ത് ക്ലർക്ക് സ്ട്രീറ്റിലെ ഒരു ഫ്ലാറ്റിൽ മൂന്ന് മുറികളിലായി ടാർപോളിൻ മറകൾക്കുള്ളിൽ ശക്തമായ ലൈറ്റുകൾ ഉപയോഗിച്ച് കഞ്ചാവ് ചെടികൾ വളർത്തിയിരുന്നതായി കണ്ടെത്തി. ഡണ്ടിയിൽ രണ്ട് സമീപ ഫ്ലാറ്റുകളിലായി നടത്തിയ കഞ്ചാവ് കൃഷി പിന്നീട് പങ്കിട്ട ലോഫ്റ്റിലേക്കും വ്യാപിപ്പിച്ചിരുന്നതായി പൊലീസ് കണ്ടെത്തി.

 

അറസ്റ്റിലായവരിൽ മനുഷ്യക്കടത്തിന്റെ ഇരകളുണ്ടോയെന്നും പൊലീസ് പരിശോധിക്കും. വിയറ്റ്നാമീസ് പൗരന്മാരാണ് സ്കോട്ട്ലൻഡിൽ ചൂഷണത്തിന് ഇരയാകുന്നവരിൽ ഇപ്പോഴും ഏറ്റവും കൂടുതലുള്ള ദേശീയതയെന്ന് ഡിറ്റക്ടീവ് സൂപ്രണ്ട് ബെർട്രാം പറഞ്ഞു. അറസ്റ്റിലായവരുടെ മൊബൈൽ ഫോണുകൾ, ഡിജിറ്റൽ വിവരങ്ങൾ, രേഖകൾ എന്നിവ പരിശോധിച്ച് മനുഷ്യക്കടത്തിന് ഇരയായവരെ വേഗത്തിൽ തിരിച്ചറിയാനുള്ള നടപടികളും പൊലീസ് ആരംഭിച്ചിട്ടുണ്ട്.

  • Related Posts

    ‘തിന്മയ്ക്കുമേല്‍ നന്മയുടെ വിജയം’; ദീപാവലി ആഘോഷ നിറവില്‍ രാജ്യം

    Spread the love

    Spread the loveഇരുളിനെ അകറ്റി വെളിച്ചം നിറയ്ക്കുന്ന ദീപങ്ങളുടെ ഉത്സവമായ ദീപാവലി ആഘോഷത്തിന്റെ നിറവില്‍ രാജ്യം. പ്രത്യാശയുടെയും ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും സന്ദേശം പകരുന്ന ഈ ആഘോഷം തിന്മയ്ക്കുമേല്‍ നന്മയും അജ്ഞാനത്തിനുമേല്‍ ജ്ഞാനവും അനീതിക്കുമേല്‍ നീതിയും വിജയിക്കുന്നതിന്റെ പ്രതീകമാണ്. കുടുംബബന്ധങ്ങള്‍ പുതുക്കാനും സ്‌നേഹവും…

    ഭാര്യയുടെ ശരീരത്തെ പരിഹസിച്ചു; ഭർത്താവിന്റെ വിഡിയോ സമൂഹമാധ്യമത്തിൽ പങ്കുവച്ചു, ‘വൈറലായി കുടുംബവഴക്ക്’

    Spread the love

    Spread the loveയൂട്ടാ∙ ഭാര്യയുടെ ശരീരത്തെ പരിഹസിക്കുന്ന റിയാലിറ്റി ടെലിവിഷൻ താരം സാക് അഫ്ലെക്കിന്റെ (30) വിഡിയോ പുറത്തുവിട്ട് റിയാലിറ്റി ടെലിവിഷൻ താരവും ഭാര്യയുമായ ജെൻ അഫ്ലെക്ക് (27) രംഗത്ത്. ഈ മാസം മൂന്നിന് വിവാഹമോചനത്തിന് അപേക്ഷ നൽകിയതിന് പിന്നാലെ ജെൻ…

    Leave a Reply

    Your email address will not be published. Required fields are marked *