മികച്ച ജോലി, ഒടുപാട് പ്രതീക്ഷകൾ; ഒടുവിൽ ഭക്ഷണംപോലും കിട്ടാതെ ദുരിതം! ഒമാനിൽ മലയാളി യുവതികളെ കുടുക്കിയത് ആ ‘അശ്രദ്ധ’

Spread the love

വിദേശത്ത് മികച്ച ജോലി എന്ന സ്വപ്നവുമായി ഒമാനിലെത്തി വ്യാജ റിക്രൂട്ട്മെന്റിന്റെ പേരിൽ മാസങ്ങളോളം ദുരിതത്തിലായ റാന്നി സ്വദേശികളായ രണ്ട് യുവതികൾക്ക് ഒടുവിൽ നാട്ടിലേക്ക് മടക്കയാത്ര. സാമൂഹിക പ്രവർത്തകൻ ഡോ. സജി ഉതുപ്പാന്റെ സമയോചിതമായ ഇടപെടലിലൂടെയാണ് യുവതികളെ സുരക്ഷിതമായി നാട്ടിലെത്തിച്ചത്.

 

പത്തനംതിട്ട ജില്ലയിലെ റാന്നി സ്വദേശികളായ 25 വയസ്സിനടുത്ത് പ്രായമുള്ള യുവതികളാണ് ജോലി തേടി കഴിഞ്ഞ നവംബറിൽ ഒമാനിലെത്തിയത്. റാന്നിയിലെ ഒരു ഏജൻസി മുഖേന ജോലി വാഗ്ദാനം ലഭിച്ചതിനെ തുടർന്ന് വലിയ തുക നൽകിയായിരുന്നു ഇവരുടെ യാത്ര. എന്നാൽ മസ്കറ്റിലെത്തിയപ്പോഴാണ് തങ്ങൾ തൊഴിൽ വീസയിലല്ല, സന്ദർശക വീസയിലാണ് എത്തിയതെന്ന് മനസ്സിലായത്.

 

മസ്കറ്റിലെ മറ്റൊരു ഏജന്റിന്റെ താമസസ്ഥലത്താണ് പിന്നീട് ഇവരെ പാർപ്പിച്ചത്. ഉടൻ ജോലി ശരിയാക്കാമെന്ന് പലതവണ ഉറപ്പുനൽകിയെങ്കിലും ദിവസങ്ങൾ ആഴ്ചകളായും ആഴ്ചകൾ മാസങ്ങളായും മാറിയിട്ടും ജോലി ലഭിച്ചില്ല. ഇതിനിടെ സന്ദർശക വീസയുടെ കാലാവധിയും അവസാനിച്ചു. ഏകദേശം ഒൻപത് മാസത്തോളം നിയമപരമായും സാമ്പത്തികമായും വലിയ പ്രതിസന്ധിയിലായിരുന്നു തങ്ങളെന്ന് യുവതികൾ പറയുന്നു.

 

മതിയായ ഭക്ഷണവും താമസസൗകര്യവും പോലും ലഭിക്കാതെ വന്നതോടെ ദുരിതം അതിരൂക്ഷമായി. ഇതിനിടെ സർക്കാർ സ്ഥാപനത്തിൽ മെഡിക്കൽ ജോലി ശരിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് രഞ്ജിത് എന്ന ഏജന്റ് വീണ്ടും പണം വാങ്ങിയതായും യുവതികൾ ആരോപിക്കുന്നു. ഇരുവരിൽ നിന്നുമായി ഏകദേശം ഏഴു ലക്ഷം രൂപ വീതം വാങ്ങിയതായും ഒരാളുടെ കൈവശമുണ്ടായിരുന്ന സ്വർണമാലയും വാങ്ങിയതായും പരാതിയിലുണ്ട്. വീസയും ജോലിയും ശരിയാക്കാമെന്ന ഉറപ്പിലായിരുന്നു പണം കൈപ്പറ്റിയതെന്നും യുവതികൾ ആരോപിക്കുന്നു.

 

ഭക്ഷണത്തിനുപോലും ബുദ്ധിമുട്ടുന്ന സാഹചര്യം ഉണ്ടായതോടെയാണ് ഒടുവിൽ സഹായം തേടിയത്. നാട്ടിൽ നിന്നും റാന്നി എംഎൽഎ അഡ്വ. പഴകുളം മധുവിന്റെ ഓഫിസുമായി യുവതികളുടെ കുടുംബം ബന്ധപ്പെട്ടു. തുടർന്ന് എംഎൽഎയുടെ ഇടപെടലിനെത്തുടർന്ന് സാമൂഹിക പ്രവർത്തകൻ ഡോ. സജി ഉതുപ്പാനുമായി ബന്ധപ്പെടുകയായിരുന്നു. തുടർന്ന് ഡോ. സജി ഉതുപ്പാൻ ബന്ധപ്പെട്ടവരുമായി അടിയന്തരമായി ഏകോപനം നടത്തി. യുവതികളെ താമസസ്ഥലത്തുനിന്ന് സുരക്ഷിതമായി മാറ്റി പൊലീസ് ഷെൽട്ടർ ഹോമിലെത്തിച്ചു.

 

ആവശ്യമായ നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം വിമാന ടിക്കറ്റ് ഉൾപ്പെടെയുള്ള യാത്രാസൗകര്യങ്ങൾ ഒരുക്കി ഇരുവരെയും നാട്ടിലേക്ക് മടക്കി അയക്കുന്നതിനുള്ള നടപടികളും പൂർത്തിയാക്കി. ഇതിനിടെ സമാനമായ മറ്റൊരു സംഭവത്തിലും അടിയന്തര ഇടപെടൽ ഉണ്ടായി. ബംഗളൂരുവിൽ നിന്നുള്ള 23 വയസ്സുകാരി സോഷ്യൽ മീഡിയയിലെ വ്യാജ പ്രൊഫൈലിലൂടെ ലഭിച്ച ജോലി വാഗ്ദാനത്തിൽ വിശ്വസിച്ച് ഒമാനിലെത്തി ദുരിതത്തിലായ സംഭവവും ഡോ. സജിയുടെ ശ്രദ്ധയിൽപ്പെട്ടു.

 

സാമൂഹിക പ്രവർത്തകൻ നിയാസ് ചെണ്ടയാടിനൊപ്പം നടത്തിയ അടിയന്തര ഇടപെടലിലൂടെ യുവതിയെ സുരക്ഷിതമായ സാഹചര്യത്തിലേക്ക് മാറ്റുകയും ബന്ധപ്പെട്ട നിയമസംവിധാനങ്ങളുടെ സംരക്ഷണത്തിലാക്കുകയും ചെയ്തു. മൂന്ന്, നാല് ദിവസത്തിനുള്ളിൽ ആവശ്യമായ നടപടികൾ പൂർത്തിയാക്കി വിമാന ടിക്കറ്റ് ഉൾപ്പെടെയുള്ള യാത്രാസൗകര്യങ്ങൾ ഒരുക്കി യുവതിയെയും സുരക്ഷിതമായി ബംഗളൂരുവിലേക്ക് മടക്കി അയച്ചു.

 

വിദേശ ജോലി എന്ന സ്വപ്നവുമായി എത്തുന്നവരെ വ്യാജ വാഗ്ദാനങ്ങളിലൂടെ ചൂഷണം ചെയ്യുന്ന സംഭവങ്ങളുടെ ഗൗരവം വ്യക്തമാക്കുന്നതാണ് ഈ സംഭവങ്ങളെന്ന് ഡോ. സജി ഉതുപ്പാൻ പറഞ്ഞു. വിദേശത്തേക്ക് യാത്ര ചെയ്യുന്നതിന് മുമ്പ് റിക്രൂട്ട്മെന്റ് ഏജൻസിയുടെ നിയമപരമായ അംഗീകാരം, തൊഴിൽ വീസ, തൊഴിലുടമ, ജോലി സംബന്ധമായ രേഖകൾ എന്നിവ കൃത്യമായി പരിശോധിക്കണം. വിദേശ ജോലി എന്ന സ്വപ്നം ദുരിതത്തിന്റെ വാതിലായി മാറാതിരിക്കാൻ ഓരോരുത്തരും അതീവ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം പറഞ്ഞു.

 

വ്യാജ റിക്രൂട്ട്മെന്റ് ശൃംഖലകൾക്കെതിരെ ഇന്ത്യയിലെയും കേരളത്തിലെയും ബന്ധപ്പെട്ട അധികാരികൾ ശക്തമായ പരിശോധനയും നിയമനടപടികളും സ്വീകരിക്കണമെന്നും ഡോ. സജി ഉതുപ്പാൻ ആവശ്യപ്പെട്ടു. വിദേശ ജോലി തേടുന്നവർ അംഗീകൃത റിക്രൂട്ട്മെന്റ് ഏജൻസികൾ വഴിയും ഔദ്യോഗിക സംവിധാനങ്ങൾ മുഖേനയും മാത്രം നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

  • Related Posts

    മൃഗശാലയിലെ സന്ദർശകൻ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു

    Spread the love

    Spread the loveലണ്ടൻ∙ യുകെയിലെ യോർക്ക്ഷയർ വൈൽഡ് ലൈഫ് പാർക്കിൽ കടുവയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. മരിച്ചയാളുടെ പേരും മറ്റ് വിവരങ്ങളും അധികൃതർ പുറത്തുവിട്ടിട്ടില്ല. കൊല്ലപ്പെടുന്നതിന് മുൻപ് കടുവയുടെ കൂടിന് സമീപത്ത് വച്ച് ഇയാൾ ചിത്രം പകർത്താൻ ആവശ്യപ്പെട്ടിരുന്നതായാണ് റിപ്പോർട്ട്. ശനിയാഴ്ച…

    എന്റെ ഭർത്താവ് 19 വർഷം മുൻപേ ‘ലോക ചാംപ്യൻ’: കരീനയുടെ ‘തള്ള്’ കേട്ട് അന്തംവിട്ട് എഫ്1 ചാംപ്യൻ

    Spread the love

    Spread the loveസിംഗപ്പൂർ സിറ്റി ∙ ഫോർമുല 1 ഡ്രൈവർ ലാൻഡോ നോറിസുമായി ബോളിവുഡ് താരം കരീന കപൂർ നടത്തിയ അഭിമുഖം സമൂഹമാധ്യമങ്ങളിൽ വൈറൽ. സിംഗപ്പൂർ ഗ്രാൻപ്രിക്കു മുന്നോടിയായിട്ടാണ് അഭിമുഖം പുറത്തുവന്നത്. ഇതിലെ പ്രസക്തഭാഗങ്ങൾ ഗൂഗിൾ ഇന്ത്യ തങ്ങളുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം…

    Leave a Reply

    Your email address will not be published. Required fields are marked *