നർക്കിലക്കാട് (കാസർകോട്) ∙ പുലർച്ചെ ലോറി വീടിനു മുകളിലേക്കു മറിഞ്ഞ് രണ്ടുപേർ മരിച്ച അപകടത്തിൽ വീട്ടുകാരുടെ രക്ഷകയായത് വളർത്തുപൂച്ച. ലോറിയിലുണ്ടായിരുന്ന രണ്ട് അതിഥിത്തൊഴിലാളികൾ മരിച്ചു. ഇന്നലെ പുലർച്ചെ 2നു വരക്കാട് വെസ്റ്റ് എളേരി സഹകരണ ബാങ്കിനു സമീപത്തായിരുന്നു അപകടം. ചീർക്കയംഭാഗത്ത് കുഴൽക്കിണർകുഴിച്ച് ചെറുപുഴ ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയാണ് കുത്തിറക്കത്തിൽ നിയന്ത്രണംവിട്ട് വീടിനുമുകളിലേക്കു പതിച്ചത്. ഇറക്കമിറങ്ങി ഭീമനടി – ചിറ്റാരിക്കാൽ റോഡിലേക്ക് തിരിയേണ്ട ലോറി നേരെ വീടിനു മുകളിലേക്കു പതിക്കുകയായിരുന്നു.
ഈ വീട്ടിൽ വാടകയ്ക്കു താമസിക്കുന്ന കുടുംബത്തിലെ ഗൃഹനാഥൻ ജയ്സനും ഭാര്യ ഏലിയാമ്മയും, പൂച്ച പിടിച്ചുകൊണ്ടുവന്ന എലിയെ കളയാനായി പുറത്തേക്കിറങ്ങിയ സമയത്തായിരുന്നു അപകടം. നല്ല ചൂടായതിനാൽ വീട്ടിലെ ഹാളിലാണ് ഇവർ കിടന്നത്. എലിയുമായെത്തിയ പൂച്ചയുടെ ബഹളംകേട്ടാണ് ഉണർന്നത്. എലിയെ കളഞ്ഞ് തിരിച്ചുകയറുംമുൻപേ അപകടമുണ്ടായി. ഹാളിനു മുകളിലേക്കു ലോറി വീണ് ഭിത്തിതകർന്ന് ചെങ്കല്ലുകളുംമറ്റും ഹാളിൽ പതിച്ചു. തൊട്ടടുത്ത മുറികളിൽ മകൻ ജസ്റ്റിനും ഏലിയാമ്മയുടെ സഹോദരി ശാന്തമ്മയുമുണ്ടായിരുന്നു. ശബ്ദം കേട്ടാണ് ഇവർ ഉണർന്നത്.
വാഹനത്തിലുണ്ടായിരുന്ന മധ്യപ്രദേശ് സ്വദേശി ദേവേന്ദ്ര (29), ഛത്തീസ്ഗഡ് സ്വദേശി മനാസർ (25) എന്നിവർ അപകടസ്ഥലത്തുതന്നെ മരിച്ചു. ജയ്സന്റെയും ഭാര്യയുടെയും നിലവിളി കേട്ട നാട്ടുകാർ ഓടിയെത്തിയാണു രക്ഷാപ്രവർത്തനം നടത്തിയത്.







