കട്ടപ്പന ∙ കൊച്ചറ ശ്രീധർമശാസ്താ ക്ഷേത്രത്തിൽ നിന്ന് നഷ്ടപ്പെട്ട 7.3 പവന്റെ സ്വർണ തിരുവാഭരണങ്ങൾ മോഷ്ടിച്ച പൂജാരിയെ പൊലീസ് പിടികൂടിയപ്പോൾ തെറ്റു ചെയ്യാതെ പഴികേൾക്കേണ്ടി വന്ന ക്ഷേത്രം സെക്രട്ടറി സുരേന്ദ്രൻ നായർക്ക് അഗ്നിശുദ്ധി. സ്വന്തം പേരിലുള്ള ഒരേക്കർ കൃഷിയിടം വിറ്റ് 60 ഗ്രാം ആഭരണങ്ങൾ ക്ഷേത്രത്തിനു വാങ്ങി നൽകിയ ശേഷം പ്രതീക്ഷയർപ്പിച്ചിരുന്ന നിയമമാണ് ഇദ്ദേഹത്തിന്റെ നിരപരാധിത്വം തെളിയിച്ചിരിക്കുന്നത്.
ഏഴുവർഷക്കാലം ക്ഷേത്രസെക്രട്ടറിയായിരുന്ന ഇദ്ദേഹമാണ് ക്ഷേത്രത്തിലെ തിരുവാഭരണങ്ങൾ സംരക്ഷിച്ചു പോന്നിരുന്നത്. ഈ വർഷം ആദ്യം ക്ഷേത്രത്തിലെ പൂജാരി മറ്റൊരിടത്തേക്ക് പോയതോടെ പകരം ആളെ കണ്ടെത്താൻ ശ്രമം ആരംഭിച്ചു. അങ്ങനെയാണ് കൊല്ലം സ്വദേശിയായ കെ.യു.മിഥുൻ പൂജാരിയായി എത്തുന്നത്. അഭിമുഖം നടത്തി പൂജാരിയായി നിയമിച്ചു. പൂജാരിക്ക് താമസിക്കാനുള്ള സ്ഥലത്ത് പണികൾ നടക്കുന്നതിനാൽ താൽക്കാലികമായി ക്ഷേത്രത്തിന്റെ ഓഫിസ് ഉപയോഗിക്കാൻ അനുമതി നൽകി. അതിനായി സെക്രട്ടറിയുടെ പക്കൽ ഉണ്ടായിരുന്ന താക്കോൽ പൂജാരിക്ക് നൽകി. തിരുവാഭരണം സൂക്ഷിച്ചിരുന്ന അലമാരയുടെ താക്കോലും ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നു.
ജനുവരി ആറിന് ചുമതലയേറ്റ മിഥുൻ 18നു സ്വദേശത്തേക്ക് മടങ്ങി. പിന്നീട് തിരികെയെത്തിയില്ല. അതിനിടെ ക്ഷേത്രത്തിന്റെ അലമാര തുറന്നിരുന്നെങ്കിലും അതിൽ സൂക്ഷിച്ചിരുന്ന പണം നഷ്ടപ്പെടാതിരുന്നതിനാൽ സംശയം തോന്നിയില്ല. ആഭരണങ്ങൾ ഡപ്പിയിൽ അടച്ച് തുണികൊണ്ട് പൊതിഞ്ഞാണ് അലമാരയിൽ സൂക്ഷിച്ചിരുന്നത്. ക്ഷേത്ര ചടങ്ങുമായി ബന്ധപ്പെട്ട് ഫെബ്രുവരിയിൽ ഇത് പരിശോധിച്ചപ്പോഴാണ് തിരുവാഭരണങ്ങൾ നഷ്ടപ്പെട്ടതായി ബോധ്യമായത്.
താക്കോൽ സെക്രട്ടറിയുടെ പക്കലായതിനാൽ സുരേന്ദ്രൻ നായർ സംശയ നിഴലിലായി. പലരും സംശയം പ്രകടിപ്പിക്കുകയും ചെയ്തതോടെ മറ്റു മാർഗങ്ങൾ ഇല്ലാതെ സ്വന്തമായുള്ള ഒരേക്കർ കൃഷിയിടം വിറ്റ് ഇദ്ദേഹം 60 ഗ്രാമിന്റെ ആഭരണങ്ങൾ ക്ഷേത്രത്തിനു വാങ്ങി നൽകി. നഷ്ടപ്പെട്ടത് 59 ഗ്രാം ആണെങ്കിലും നിരപരാധിയായ തന്റെ വകയായി ഒരുഗ്രാം സ്വർണം അധികമായും ഇദ്ദേഹം നൽകുകയായിരുന്നു. തുടർന്ന് വണ്ടൻമേട് പൊലീസിനെ സമീപിച്ചു. പ്രതിയെ പിടികൂടണമെന്നും തന്റെ നിരപരാധിത്വം തെളിയിക്കണമെന്നുമായിരുന്നു ആവശ്യം. പലപ്പോഴും ആത്മഹത്യയെക്കുറിച്ചുപോലും ചിന്തിച്ചെങ്കിലും പൊലീസ് ഉദ്യോഗസ്ഥർ നൽകിയ പിന്തുണയാണ് മുന്നോട്ടുപോകാൻ പ്രേരണയായതെന്ന് സുരേന്ദ്രൻ നായർ പറയുന്നു.
പൊലീസിന്റെ പ്രാഥമികാന്വേഷണത്തിൽതന്നെ താൻ നിരപരാധിയാണെന്ന് അവർക്ക് ബോധ്യമായത് ആശ്വാസമേകി. അന്വേഷണത്തിലൊടുവിൽ പ്രതിയെ പിടികൂടിയപ്പോൾ സുരേന്ദ്രൻ നായർക്ക് പറയാനുള്ളത് നന്ദിമാത്രം. നിരപരാധിത്വം തെളിഞ്ഞതിനാൽ വാങ്ങി നൽകിയ സ്വർണം തിരികെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇദ്ദേഹം.








