പൊന്നാനി (മലപ്പുറം) ∙ നിയമസഭാ സ്പീക്കറുടെ പഴ്സനൽ സ്റ്റാഫ് ആണെന്നു തെറ്റിദ്ധരിപ്പിച്ച്, സർക്കാർ സ്ഥാപനങ്ങളിൽ ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയ കേസിൽ പാലക്കാട് സ്വദേശിയെ പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് കോതക്കുറുശ്ശി കുമുളംകാറ്റിൽ മുഹമ്മദ് അലി (40) യെയാണ് പൊന്നാനി എസ്എച്ച്ഒ എം.വി.വിഷ്ണുവും സംഘവും അറസ്റ്റ് ചെയ്തത്. സർക്കാരിന്റെ ബോർഡുകളിലും കോർപറേഷനുകളിലുമാണ് ജോലി വാഗ്ദാനം ചെയ്തത്.
പൊന്നാനി സ്വദേശിയുടെ പരാതിയിലാണ് അലിയെ ഒറ്റപ്പാലത്തുവച്ച് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ സെക്രട്ടേറിയറ്റിൽ താൽക്കാലികമായി ജോലി ചെയ്തിരുന്നതായും എംഎൽഎ ഹോസ്റ്റലിൽ താമസിച്ചതായും പൊലീസ് കണ്ടെത്തി. സ്പീക്കറുടെ പഴ്സനൽ സ്റ്റാഫ് ആണെന്നു പരിചയപ്പെടുത്തി ഇത്തരത്തിൽ പലരിൽനിന്നു ലക്ഷക്കണക്കിനു രൂപ വാങ്ങിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പൂന്തുറ, ചെർപ്പുളശ്ശേരി പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ സമാനമായ കേസുകൾ ഉണ്ടെന്നും പൊലീസ് അറിയിച്ചു.








