മൃഗശാലയിലെ സന്ദർശകൻ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു

Spread the love

ലണ്ടൻ∙ യുകെയിലെ യോർക്ക്ഷയർ വൈൽഡ് ലൈഫ് പാർക്കിൽ കടുവയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. മരിച്ചയാളുടെ പേരും മറ്റ് വിവരങ്ങളും അധികൃതർ പുറത്തുവിട്ടിട്ടില്ല. കൊല്ലപ്പെടുന്നതിന് മുൻപ് കടുവയുടെ കൂടിന് സമീപത്ത് വച്ച് ഇയാൾ ചിത്രം പകർത്താൻ ആവശ്യപ്പെട്ടിരുന്നതായാണ് റിപ്പോർട്ട്. ശനിയാഴ്ച ഉച്ചയ്ക്ക് ഡോൺകാസ്റ്ററിന് സമീപമുള്ള മൃഗശാലയിലാണ് സംഭവം. അൽതായ് എന്ന സൈബീരിയൻ കടുവയാണ് ഇയാളെ ആക്രമിച്ചത്

 

കടുവയ്ക്കൊപ്പം ചിത്രം പകർത്തുന്നതിന് ഇയാൾ മറ്റ് സന്ദർശകരോട് ആവശ്യപ്പെടുന്നതിന്റെ ദൃശ്യങ്ങൾ ഓൺലൈനിൽ പ്രചരിക്കുന്നുണ്ട്. ‘കടുവയ്ക്കൊപ്പം ഒരു ഫോട്ടോ എടുക്കാമോ?’ എന്ന് ചോദിക്കുന്നതും ഒരു സ്ത്രീ സമ്മതിക്കുന്നതും ദൃശ്യങ്ങളിലുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഫോട്ടോ എടുത്തുനൽകിയതിന് ഇയാൾ നന്ദി പറയുന്നതും വിഡിയോയിലുണ്ടെന്നാണ് റിപ്പോർട്ട്.

 

മിനിറ്റുകൾക്കുശേഷം ഇയാൾ കടുവയെ പാർപ്പിച്ചിരുന്ന ചുറ്റുമതിൽ ചാടിക്കടന്ന് അകത്തേക്ക് പ്രവേശിച്ചതായാണ് ദൃക്സാക്ഷികളുടെ മൊഴി. തുടർന്നാണ് കടുവ ഇയാളെ ആക്രമിച്ചത്. ആക്രമണത്തിനിടെ ഇയാൾ സഹായത്തിനായി നിലവിളിച്ചു. തുടർന്ന് സന്ദർശകർ കടുവയുടെ ശ്രദ്ധ തിരിക്കാൻ ശ്രമിച്ചെങ്കിലും രക്ഷിക്കാനായില്ല.

 

സംഭവത്തെ തുടർന്ന് യോർക്ക്ഷയർ ആംബുലൻസ് സർവീസ് രണ്ട് റോഡ് ആംബുലൻസുകളും ഒരു എയർ ആംബുലൻസും സ്ഥലത്തെത്തിച്ചു. പാരാമെഡിക്കുകൾ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഉച്ചയ്ക്ക് 1.35ഓടെ ഒരാൾ കടുവയുടെ ചുറ്റുമതിലിലേക്ക് കടന്നതായി വിവരം ലഭിച്ചെന്ന് സൗത്ത് യോർക്ക്ഷയർ പൊലീസ് അറിയിച്ചു. കടുവയുടെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ ഇയാൾ സംഭവസ്ഥലത്തുതന്നെ മരിച്ചതായി മെഡിക്കൽ സംഘം സ്ഥിരീകരിച്ചു.

 

മരിച്ചയാളുടെ കുടുംബത്തെ വിവരം അറിയിച്ചിട്ടുണ്ടെന്നും പ്രത്യേക പരിശീലനം ലഭിച്ച ഉദ്യോഗസ്ഥർ കുടുംബത്തിന് പിന്തുണ നൽകുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കരുതെന്നും അധികൃതർ ജനങ്ങളോട് അഭ്യർഥിച്ചു.

 

ആക്രമണത്തിൽ കടുവയ്ക്ക് പരുക്കേറ്റിട്ടില്ലെന്നും അത് ചുറ്റുമതിലിനുള്ളിൽത്തന്നെ തുടരുകയാണെന്നും പൊലീസ് അറിയിച്ചു. സംഭവത്തെ തുടർന്ന് മൃഗശാലയിലെ ഈ ഭാഗം ഒഴിപ്പിച്ചു. സന്ദർശകരുടെയും ജീവനക്കാരുടെയും മൃഗങ്ങളുടെയും സുരക്ഷയ്ക്കാണ് മുൻഗണനയെന്നും സംഭവത്തിന്റെ സാഹചര്യങ്ങൾ വ്യക്തമാക്കാൻ ബന്ധപ്പെട്ട അധികാരികളുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്നും യോർക്ക്ഷയർ വൈൽഡ് ലൈഫ് പാർക്ക് പ്രസ്താവനയിൽ അറിയിച്ചു. സംഭവത്തെ തുടർന്ന് പാർക്ക് അടച്ചിടുകയും ചെയ്തു.

 

2025 ഫെബ്രുവരിയിൽ നോർവേയിലെ ഡൈർപാർക്കൻ മൃഗശാലയിൽനിന്നാണ് അൽതായ് എന്ന കടുവയെ യോർക്ക്ഷയർ വൈൽഡ് ലൈഫ് പാർക്കിലെത്തിച്ചത്. 2009ൽ തുറന്ന പാർക്കിൽ 2011ലാണ് ‘ലാൻഡ് ഓഫ് ദി ടൈഗേഴ്സ്’ എന്ന വിഭാഗം ആരംഭിച്ചത്. വംശനാശഭീഷണി നേരിടുന്ന സൈബീരിയൻ കടുവകൾക്കായി ഒരുക്കിയ രണ്ടേക്കർ വിസ്തൃതിയുള്ള മേഖലയാണിത്. ലോകത്ത് ഏകദേശം 500 സൈബീരിയൻ കടുവകൾ മാത്രമാണ് കാട്ടിൽ അവശേഷിക്കുന്നതെന്നാണ് റിപ്പോർട്ട്.

  • Related Posts

    4 ഭാര്യമാർ, 58 മക്കൾ, ചുറ്റും ദാരിദ്ര്യം മാത്രം; അഫ്ഗാനിലെ നരകജീവിതത്തെക്കുറിച്ച് ഒരു പിതാവിന്റെ തുറന്നുപറച്ചിൽ!

    Spread the love

    Spread the loveകാബൂൾ: ‘എനിക്ക് 70 മക്കൾ ഉണ്ടായിരുന്നു, 12 പേർ മരിച്ചു. ചെറിയ പ്രായമായതിനാൽ കുട്ടികളെ എങ്ങനെയാണ് പരിചരിക്കേണ്ടത് എന്ന് എന്റെ ഭാര്യമാർക്ക് അറിയില്ലായിരുന്നു..’ – അഫ്ഗാനിസ്താനിലെ, 58 മക്കളുള്ള ഒരു പിതാവിന്റെ തുറന്നുപറച്ചിലാണ്. കേൾക്കുമ്പോൾ അദ്ഭുതവും അസ്വസ്ഥതയും ഒരുപോലെ…

    വീടുകളുടെ ഗേറ്റിലും വാഹനങ്ങളിലും പ്ലാസ്റ്റിക് ടൈ: സർവത്ര ദുരൂഹം; ഇരുപതോളം വീടുകളിൽ അജ്ഞാതൻ

    Spread the love

    Spread the loveവീടുകളുടെ ഗേറ്റുകളിലും മുറ്റത്തു നിർത്തിയിട്ടിരുന്ന ഇരുചക്രവാഹനങ്ങളിലും കറുത്ത പ്ലാസ്റ്റിക് ടൈകൾ കൂട്ടിക്കെട്ടിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പൊലീസ്. നഗരസഭയിലെ 9,10 വാർഡുകളിലെ ഇരുപതോളം വീടുകളിലാണ് അസാധാരണ സംഭവം. സംഭവത്തിനു പിന്നിലെ ഉദ്ദേശ്യം വ്യക്തമാകാത്തതും അന്വേഷണത്തിൽ നിർണായകസൂചനകൾ…

    Leave a Reply

    Your email address will not be published. Required fields are marked *