സിംഗപ്പൂർ സിറ്റി ∙ ഫോർമുല 1 ഡ്രൈവർ ലാൻഡോ നോറിസുമായി ബോളിവുഡ് താരം കരീന കപൂർ നടത്തിയ അഭിമുഖം സമൂഹമാധ്യമങ്ങളിൽ വൈറൽ. സിംഗപ്പൂർ ഗ്രാൻപ്രിക്കു മുന്നോടിയായിട്ടാണ് അഭിമുഖം പുറത്തുവന്നത്. ഇതിലെ പ്രസക്തഭാഗങ്ങൾ ഗൂഗിൾ ഇന്ത്യ തങ്ങളുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ചു. തന്റെ ഭർത്താവ് സെയ്ഫ് അലി ഖാൻ 19 വർഷം മുൻപ് ‘ലോക ചാംപ്യൻഷിപ്’ നേടിയിട്ടുണ്ടെന്ന് കരീന തമാശയായി പറഞ്ഞുകൊണ്ടാണ് വിഡിയോ ആരംഭിക്കുന്നത്. 2007ൽ പുറത്തിറങ്ങിയ ‘താ രാ റം പം’ എന്ന ഹിന്ദി ചിത്രത്തിൽ സെയ്ഫിന്റെ കഥാപാത്രത്തെ സൂചിപ്പിച്ചായിരുന്നു കരീനയുടെ ‘തള്ള്’. ‘അപ്പോൾ നമ്മൾ ഏറെക്കുറെ ഒരുപോലെയാണ്’ എന്നായിരുന്നു ലാൻഡോ നോറിസ് ഇതിനു നൽകിയ മറുപടി.
ലാൻഡോയുടെ റേസിങ് കരിയറിനെക്കുറിച്ചും ഫോർമുല 1ൽ മക്‌ലാരൻ ടീമിന്റെ നേട്ടങ്ങളെക്കുറിച്ചുമുള്ള ചില ചോദ്യങ്ങൾ കരീന ചോദിക്കുന്നതും വിഡിയോയിൽ കാണാം. കൂടാതെ, നടി അദ്ദേഹത്തിന് ഇന്ത്യൻ മസാല ചായ കുടിക്കാൻ നൽകുകയും, ചില പൊതുവായ ഇന്ത്യൻ ആംഗ്യങ്ങൾ ഊഹിക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്.
സിംഗപ്പൂർ ഗ്രാൻപ്രിയിൽ കരീനയുടെ പങ്കാളിത്തം നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നു. മക്‌ലാരൻ ഫോർമുല വണ്‍ ടീമിന്റെ ഔദ്യോഗിക ആഗോള ആരാധക കൂട്ടായ്‌മയായ ‘പപ്പായ ഫാമിലി’യുടെ ഭാഗമായാണ് കരീന പ്രവർത്തിക്കുക. ടീമിനൊപ്പമുള്ള ചിത്രങ്ങൾ കരീനയും തന്റെ പേജിൽ പങ്കുവച്ചിരുന്നു.
2025ൽ മക്‌ലാരൻ ടീമിനൊപ്പം എഫ്1 ലോക ചാംപ്യനായ താരമാണ് ലാൻഡോ നോറിസ്. 2019ലാണ് നോറിസ്, മക്‌ലാരനൊപ്പം ഫോർമുല വൺ റേസിനിറങ്ങുന്നത്. 2020ൽ ഓസ്ട്രേലിയയിൽ ആദ്യ പോഡിയം (മൂന്നാം സ്ഥാനം) നേടിയപ്പോൾത്തന്നെ നോറിസിന്റെ സാന്നിധ്യം ആരാധകർ തിരിച്ചറിഞ്ഞു. 2022, 23 സീസണുകളിൽ മക്‌ലാരന്റെ പ്രധാന താരം താൻ തന്നെയെന്നു തെളിയിക്കാനായി നോറിസിന്. 2024ൽ തന്റെ യഥാർഥ മികവു പുറത്തെടുത്ത നോറിസ് ചാംപ്യൻഷിപ്പിൽ രണ്ടാംസ്ഥാനത്തെത്തി. 2025ൽ അതിന്റെ തുടർച്ചയായി ചാംപ്യൻഷിപ് നേട്ടവും.







