തിരുവനന്തപുരം∙ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ ഡൽഹിയിൽ പ്രതിഷേധിച്ച മലയാളി വിദ്യാര്‍ഥിനി ആതിരയ്ക്ക് പൊലീസ് മര്‍ദനമേറ്റ സംഭവത്തിൽ കേസെടുത്ത് മ്യൂസിയം പൊലീസ്. ആതിരയുടെ പരാതിയിലാണ് കേസെടുത്തത്. കൊണോട്ട് പ്ലേസിലെ പ്രതിഷേധത്തിനിടെ പൊലീസ് കസ്റ്റഡിയിലെടുത്ത എന്‍എസ്‌യുഐ നേതാവ് ആതിരയെ ക്രൂരമായി മർദിക്കുകയായിരുന്നു.
കേരളത്തില്‍ കേസെടുത്തത് ആശ്വാസകരമാണെന്ന് ആതിര പ്രതികരിച്ചു. കേരളത്തില്‍ കേസ് നടപടികൾ മുന്നോട്ടുപോകുമെന്നാണ് പ്രതീക്ഷ. ഡല്‍ഹി പൊലീസ് ഇതുവരെയും കേസെടുത്തിട്ടില്ല. കേസുകളിലെ തുടര്‍നീക്കങ്ങള്‍ എന്‍എസ്‌യു നേതൃത്വം തീരുമാനിക്കുമെന്നും ആതിര പറഞ്ഞു.
അതേസമയം, തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഭരണഘടനാവിരുദ്ധമായ നടപടികൾ ചോദ്യം ചെയ്ത് ഇന്ത്യാസഖ്യം നേതാക്കൾ നൽകിയ സംയുക്തഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജഡ്ജിമാരായ ജോയ്മല്യ ബാഗ്ചി, വി.മോഹന എന്നിവരുടെ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. സമഗ്ര വോട്ടർപട്ടിക പരിഷ്കരണ (എസ്ഐആർ) നടപടികളിലെ ക്രമക്കേടുകൾ അന്വേഷിക്കണമെന്നും അർഹരായ വോട്ടർമാരുടെ പേരുകൾ ഒഴിവാക്കുന്നത് തടയണമെന്നുമാണ് ഹർജികളിലെ പ്രധാന ആവശ്യം. എസ്ഐആർ താൽക്കാലികമായി നിർത്തിവയ്ക്കാൻ ഇടക്കാല ഉത്തരവും ആവശ്യപ്പെടുന്നു.






