കാസർകോട് ∙ കാഷ് കൗണ്ടറിൽ പണമടച്ചതായുള്ള വ്യാജബിൽ ഡെലിവറി കൗണ്ടറിൽ കാണിച്ച് 38 കോടിയുടെ ഐ ഫോണുകൾ തട്ടിയെടുത്തെന്ന പരാതിയിൽ 5 മലയാളികൾക്കെതിരെ കാസർകോട് പൊലീസ് കേസെടുത്തു. കാസർകോട്ടെ നെല്ലിക്കുന്ന് വീട്ടിൽ എൻ.എ.അബ്ദുൽ റൗഫിന്റെയും ബന്ധുവിന്റെയും ഉടമസ്ഥതയിൽ ദുബായ് ദെയ്റയിലുള്ള മില്ലേനിയം ഗിഫ്റ്റ് ട്രേഡിങ് എന്ന സ്ഥാപനത്തിൽനിന്ന് 2022 ഒക്ടോബർ 22 മുതൽ 2023 ഒക്ടോബർ 28 വരെയുള്ള കാലയളവിൽ തട്ടിപ്പുനടത്തിയെന്നാണ് പരാതി.
കോഴിക്കോട് സ്വദേശി റമീസ്, മലപ്പുറം വളാഞ്ചേരിയിലെ യൂസഫ്, ഈരാറ്റുപേട്ടയിലെ സജിൽ, ഫരീദ്, തിരുവനന്തപുരം കാട്ടക്കടയിലെ നിസാം എന്നിവർക്കെതിരെയാണ് കേസെടുത്തത്. ഇവിടെനിന്ന് ഹോൾസെയിലായി ഇവർ ദുബായിൽ വിൽക്കുകയായിരുന്നു. കാസർകോട് ഇൻസ്പെക്ടർ മെൽബിൻ ജോസിന്റെ നേതൃത്വത്തിലാണ് കേസന്വേഷിക്കുന്നത്.





