മുംബൈ ∙ മുംബൈയിലെ ഗോരേഗാവിൽ ഒന്നരവയസ്സ് പ്രായമുള്ള കുഞ്ഞിനെ അയലത്തെ 10 വയസ്സുകാരി ഫ്ലാറ്റിന്റെ ആറാം നിലയിൽനിന്നും എറിഞ്ഞു കൊലപ്പെടുത്തി. ബുധനാഴ്ച രാത്രി 9 മണിയോടെയാണ് ആറാം നിലയിൽനിന്നും കുഞ്ഞ് താഴേക്ക് വീണത്. സംഭവം സിസിടിവി ക്യാമറയിൽ പതിഞ്ഞതിനെ തുടർന്ന് പൊലീസ് കുട്ടിയെയും അമ്മയേയും കസ്റ്റഡിയിൽ എടുത്തു. കുഞ്ഞിനെ ആറാം നിലയിൽനിന്നും താഴേക്ക് എറിഞ്ഞതിനു ശേഷം പെൺകുട്ടി ഇടനാഴിയുടെ മറുവശത്തേക്ക് ഓടിപ്പോകുന്നതാണ് കാണാനാവുന്നത്.
അപകടത്തെ കുറിച്ച് വിവരം ലഭിച്ചയുടൻ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കൊല്ലപ്പെട്ട കുഞ്ഞിന്റെ കുടുംബം ഒക്ടോബർ ഒന്നാം തീയതിയാണ് ഇവിടെ താമസത്തിനു എത്തിയത്. എന്നാൽ ഇരു കുടുംബങ്ങളും തമ്മിൽ വളർത്തുപൂച്ചയുടെ പേരിൽ തർക്കം ഉണ്ടായതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. അതേസമയം കുഞ്ഞിനെ താഴേക്ക് എറിഞ്ഞ പെൺകുട്ടി മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിട്ടിരുന്നതായും റിപ്പോർട്ടുകളുണ്ട്. അതേസമയം തെളിവുകൾ നശിപ്പിക്കാൻ പെൺകുട്ടിയുടെ കുടുംബം സിസിടിവി ക്യാമറ ഓഫ് ചെയ്യാൻ ശ്രമിച്ചെന്നും ആരോപണമുണ്ട്.







