ബേക്കറി വഴിയുള്ള ഹോർട്ടിവൈൻ വിൽപ്പന: ലൈസൻസ് റദ്ദാക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം

Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് ബേക്കറികൾ വഴി 15 ശതമാനം വരെ വീര്യമുള്ള ഹോർട്ടിവൈൻ വിൽക്കാൻ അനുമതി നൽകിയ നടപടി വൻ വിവാദമായതോടെ ലൈസൻസ് അടിയന്തരമായി റദ്ദാക്കാൻ സർക്കാർ തീരുമാനം. മുഖ്യമന്ത്രി വി.ഡി. സതീശനും എക്സൈസ് മന്ത്രി എം. ലിജുവും തമ്മിൽ നടത്തിയ നിർണായക ചർച്ചയ്ക്ക് ശേഷമാണ് ചാലക്കുടിയിലെ എംസിആർ ബേക്കറിക്ക് നൽകിയ വിൽപ്പനാനുമതി റദ്ദാക്കാൻ മുഖ്യമന്ത്രി കർശന നിർദേശം നൽകിയത്. മുഖ്യമന്ത്രിയോ വകുപ്പ് മന്ത്രിയോ അറിയാതെ നയപരമായ തീരുമാനമെടുത്ത് ലൈസൻസ് അനുവദിച്ച എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറെ ചുമതലയിൽനിന്ന് മാറ്റാനും നടപടിക്ക് ശുപാർശ ചെയ്യാനും തീരുമാനമായി.

 

ലൈസൻസ് റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് നികുതി സെക്രട്ടറിയോട് നിയമോപദേശം തേടാൻ എക്സൈസ് മന്ത്രി നിർദേശം നൽകിയിട്ടുണ്ട്. 15 ശതമാനം വരെ ആൽക്കഹോൾ അടങ്ങിയ ഹോർട്ടിവൈൻ സാധാരണ ബേക്കറികളിലൂടെ ശീതളപാനീയങ്ങൾക്കൊപ്പം വിൽക്കാൻ അനുവദിക്കുന്നത് യാതൊരു കാരണവശാലും അംഗീകരിക്കാനാകില്ലെന്ന ഉറച്ച നിലപാടിലാണ് സർക്കാർ. വിവാദത്തിൽ എക്സൈസ് കമ്മീഷണറോട് മന്ത്രി അടിയന്തര റിപ്പോർട്ട് തേടിയിട്ടുണ്ട്. റിപ്പോർട്ട് ഔദ്യോഗികമായി ലഭിച്ചാലുടൻ തുടർനടപടികളിലേക്ക് കടക്കും. ഹോർട്ടിവൈൻ വിൽപ്പനയ്ക്ക് വഴിയൊരുക്കിയ മുൻ എൽഡിഎഫ് സർക്കാരിന്റെ അബ്കാരി നിയമഭേദഗതി പുനഃപരിശോധിക്കാനും എക്സൈസ് മന്ത്രി ഉത്തരവിട്ടിട്ടുണ്ട്.

 

നിയമഭേദഗതിയും രാഷ്ട്രീയ വിവാദവും

ബേക്കറികൾ വഴി ഹോർട്ടിവൈൻ വിൽക്കാൻ അനുമതി നൽകുന്ന നിയമഭേദഗതി കൊണ്ടുവന്നത് മുൻ എൽഡിഎഫ് സർക്കാരിന്റെ കാലത്താണെന്നാണ് സർക്കാർ ചൂണ്ടിക്കാട്ടുന്നത്. 2024 ജനുവരി 24-ന് അബ്കാരി നിയമത്തിൽ വരുത്തിയ ഭേദഗതി പ്രകാരം സൂപ്പർമാർക്കറ്റുകൾ, ഷോപ്പിങ് മാളുകൾ, 100 ചതുരശ്ര മീറ്ററിൽ കുറയാത്ത വിസ്തീർണമുള്ള ബേക്കറികൾ എന്നിവയ്ക്ക് ഹോർട്ടിവൈൻ വിൽക്കാൻ വ്യവസ്ഥയുണ്ടായിരുന്നു.

 

തുടർന്ന് 2025 നവംബറിൽ ചാലക്കുടിയിലെ ബേക്കറി ലൈസൻസിനായി അപേക്ഷ നൽകിയെങ്കിലും അന്നത്തെ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് അനുമതി ലഭിച്ചിരുന്നില്ല. എന്നാൽ, പുതിയ സർക്കാർ അധികാരത്തിലെത്തിയ ശേഷം ജൂൺ 21-നാണ് ഉദ്യോഗസ്ഥ തലത്തിൽ ലൈസൻസ് അനുവദിച്ചതും ബെവ്കോ ഔട്ട്‌ലെറ്റിൽനിന്ന് വിൽപ്പനയ്ക്കുള്ള വൈൻ ബേക്കറിയിലേക്ക് എത്തിച്ചതും. 86 ശതമാനം നികുതി ഘടനയോടെയായിരുന്നു ഈ അനുമതി.

 

ആരോപണങ്ങളുമായി എം.ബി. രാജേഷ്; വിശദീകരണവുമായി ഉൽപ്പാദകർ

അതേസമയം, വിഷയം സർക്കാരുകൾ തമ്മിലുള്ള വാക്പോരിലേക്കും വഴിമാറി. ബേക്കറി വഴി ഹോർട്ടിവൈൻ വിൽക്കാൻ അനുമതി നൽകിയത് ഇപ്പോഴത്തെ സർക്കാരാണെന്ന് മുൻ എക്സൈസ് മന്ത്രി എം.ബി. രാജേഷ് ആരോപിച്ചു. ജൂൺ മാസത്തിൽ ലൈസൻസ് നൽകിയിട്ടും വകുപ്പ് മന്ത്രി ഇക്കാര്യം അറിഞ്ഞില്ലെന്ന് പറയുന്നത് വിശ്വസനീയമല്ലെന്നും, വിവാദമായപ്പോൾ ലൈസൻസ് റദ്ദാക്കി ജനങ്ങളുടെ കൈയടി നേടാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.

 

എന്നാൽ, നിലവിലെ എല്ലാ നിയമങ്ങളും ചട്ടങ്ങളും പൂർണ്ണമായി പാലിച്ചുകൊണ്ടാണ് തങ്ങൾ ബേക്കറി വഴി ഹോർട്ടിവൈൻ വിൽപ്പന നടത്തിയതെന്ന് ഉൽപ്പാദകരായ ഡിസ്റ്റിലറിയുടെ ഉടമ കൊച്ചേരി സുരേഷ് വ്യക്തമാക്കി. സർക്കാർ നിശ്ചയിച്ച മാനദണ്ഡങ്ങൾ അനുസരിച്ചാണ് പ്രവർത്തിച്ചതെന്നും ജൂൺ മാസത്തിലാണ് തങ്ങൾക്ക് വിൽപ്പനയ്ക്കുള്ള അനുമതി ലഭിച്ചതെന്നും പറഞ്ഞ അദ്ദേഹം, സർക്കാരിന്റെ ഏത് തുടർതീരുമാനവും അംഗീകരിക്കാൻ തയ്യാറാണെന്നും അറിയിച്ചു. നിലവിൽ ഉയർന്ന നികുതി ഘടനയിൽ ഇളവ് ആവശ്യപ്പെട്ട് സംരംഭകരും രംഗത്തുണ്ടായിരുന്നു. ബേക്കറികളിൽ ലഹരിപാനീയങ്ങൾ വിൽക്കുന്നത് സാമൂഹിക പ്രത്യാഘാതങ്ങൾക്ക് കാരണമായേക്കുമെന്ന വിമർശനവും ഉയർന്നിരുന്നു.

  • Related Posts

    ‘ആ വിറയല്‍ മാറിയിട്ടില്ല, മൂന്നുപേരും സ്പോട്ടില്‍ തീര്‍ന്നു, ഭയങ്കര സ്പീഡായിരുന്നു’; കുരുക്കായി ശബ്ദസന്ദേശം; ജാമ്യാപേക്ഷയില്‍ നാളെ വിധി

    Spread the love

    Spread the loveകൊച്ചി: നെടുമ്പാശേരി മിനി കൂപ്പര്‍ അപകടത്തില്‍ പ്രതികളായ സുഹൈല്‍ സജീവിന്റെയും കൂട്ടുപ്രതികളുടേയും ജാമ്യാപേക്ഷയില്‍ കോടതി നാളെ വിധി പറയും. എറണാകുളം ജില്ലാ കോടതിയാണ് വിധി പ്രസ്താവിക്കുക. പ്രതികളുടെ റിമാന്‍ഡ് കാലാവധി 14 ദിവസം പിന്നിട്ട സാഹചര്യത്തിലാണ് ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്.…

    ചായ കുടിക്കാനായി രാത്രി ബൈക്കുമായി പുറത്തിറങ്ങി; നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു മറിഞ്ഞു, 17കാരന് ദാരുണാന്ത്യം

    Spread the love

    Spread the loveകൊല്ലം∙ കുളത്തൂപ്പുഴയിൽ നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞു പ്ലസ് ടു വിദ്യാർഥിക്ക് ദാരുണാന്ത്യം. കുളത്തൂപ്പുഴ കല്ലുവെട്ടാൻകുഴി ചരുവിള പുത്തൻവീട്ടിൽ ആകാശാണ് (17) മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെയാണ് അപകടം നടന്നത്. കുളത്തൂപ്പുഴ സാംനഗർ റോഡിൽ നിന്നും കുളത്തൂപ്പുഴ…

    Leave a Reply

    Your email address will not be published. Required fields are marked *