‘ഡേറ്റാ സ്വകാര്യതാ നിയമം പത്രസ്വാതന്ത്ര്യത്തിന് ഭീഷണി’; സുപ്രീംകോടതിയെ സമീപിച്ച് മാധ്യമ സ്ഥാപനങ്ങള്‍

Spread the love

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ ഡേറ്റാ സ്വകാര്യതാ നിയമത്തിനെതിരെ (ഡിപിഡിപി ആക്ട്) എന്‍ഡിടിവി, സിഎന്‍എന്‍-ന്യൂസ് 18 ഉള്‍പ്പെടെയുള്ള 21 പ്രമുഖ വാര്‍ത്താ സ്ഥാപനങ്ങളുടെ കൂട്ടായ്മ സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. നിയമം അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു. റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്നതിന് മുമ്പ് വ്യക്തികളില്‍ നിന്ന് മുന്‍കൂര്‍ അനുമതി തേടാന്‍ ഈ നിയമം മാധ്യമപ്രവര്‍ത്തകരെ നിര്‍ബന്ധിതരാക്കുമെന്നും, സര്‍ക്കാര്‍ ആവശ്യപ്പെടുമ്പോള്‍ രഹസ്യ വിവരങ്ങളുടെ ഉറവിടങ്ങള്‍ വെളിപ്പെടുത്താന്‍ ഇത് ഇടയാക്കുമെന്നും ഹര്‍ജിക്കാര്‍ ആശങ്ക പ്രകടിപ്പിച്ചു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ഹര്‍ജി പരിഗണിക്കും.

 

ഉപയോക്താക്കളുടെ ഡിജിറ്റല്‍ വ്യക്തിഗത ഡേറ്റ സംരക്ഷിക്കുന്നതിനായി നരേന്ദ്ര മോദി സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച ഡേറ്റാ സ്വകാര്യതാ നിയമത്തിന്റെ വ്യവസ്ഥകളെയാണ് ഹര്‍ജി ചോദ്യം ചെയ്യുന്നത്. മെറ്റ, ഗൂഗിള്‍ തുടങ്ങിയ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ക്ക് കര്‍ശന വ്യവസ്ഥകള്‍ ഈ നിയമം ഏര്‍പ്പെടുത്തുന്നുണ്ട്. എന്നാല്‍ മാധ്യമ സ്ഥാപനങ്ങള്‍ക്ക് ഇതില്‍ ഇളവുകള്‍ നല്‍കാത്തത് പത്രസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് ഹര്‍ജിക്കാര്‍ വാദിക്കുന്നു. ഡിജിറ്റല്‍ ന്യൂസ് പബ്ലിഷേഴ്സ് അസോസിയേഷന്റെ (ഡിഎന്‍പിഎ) നേതൃത്വത്തിലാണ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. നിയമം റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള ഉചിതമായ ഉത്തരവുകളും നിര്‍ദേശങ്ങളും പുറപ്പെടുവിക്കണമെന്ന് അസോസിയേഷന്‍ കോടതിയോട് അഭ്യര്‍ത്ഥിച്ചു.

 

ഡിപിഡിപി നിയമത്തിലെ സെക്ഷന്‍ 7, 17(2), 18, 19, 27, 29, 36, 37, 44(3) എന്നിവയും, സെക്ഷന്‍ 40 പ്രകാരം രൂപീകരിച്ച ചട്ടങ്ങളിലെ റൂള്‍ 16, 17, 23 എന്നിവ ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. ആര്‍ട്ടിക്കിള്‍ 14, 19(1)(a) എന്നിവ നല്‍കുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണിതെന്ന് അസോസിയേഷന്‍ വ്യക്തമാക്കുന്നു. മാധ്യമപ്രവര്‍ത്തനം, ഗ്രൗണ്ട് റിപ്പോര്‍ട്ടിങ്, പൗരന്മാര്‍, വിസില്‍ബ്ലോവര്‍മാര്‍, ആര്‍ടിഐ ആക്ടിവിസ്റ്റുകള്‍ തുടങ്ങിയവരുടെ പ്രവര്‍ത്തനങ്ങളെ ഈ നിയമം പ്രതികൂലമായി ബാധിക്കും.

 

പ്രസാധകര്‍, എഡിറ്റര്‍മാര്‍, റിപ്പോര്‍ട്ടര്‍മാര്‍ എന്നിവരെല്ലാം കര്‍ശനമായ നോട്ടീസ്, മുന്‍കൂര്‍ സമ്മതം, ഡേറ്റ നിര്‍ബന്ധിതമായി നീക്കം ചെയ്യല്‍ തുടങ്ങിയ ചട്ടക്കൂടുകള്‍ക്ക് കീഴിലാകും. ഇത് മാധ്യമങ്ങളുടെ സാധാരണ പ്രവര്‍ത്തനരീതിയുമായി പൊരുത്തപ്പെടുന്നതല്ല. പൊതുതാത്പര്യമുള്ള പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പോലും വെളിപ്പെടുത്തുന്നതില്‍ നിന്ന് തടയുന്ന സെക്ഷന്‍ 44(3) നിയമപരമായി നിലനില്‍ക്കില്ല. സ്വകാര്യതയ്ക്കുള്ള അവകാശവും വിവരങ്ങളറിയാനുള്ള അവകാശവും തമ്മില്‍ നിലനിന്നിരുന്ന സന്തുലിതാവസ്ഥയെയാണ് ഈ വ്യവസ്ഥകള്‍ തകിടം മറിക്കുന്നതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു.

  • Related Posts

    മനുഷ്യന് പകരം ആടിന് ചിതയൊരുക്കി; കുറുപ്പ് മോഡൽ പൊളിച്ചടുക്കി പൊലീസ്

    Spread the love

    Spread the loveലക്നൗ ∙ കൊലക്കേസ് പ്രതി മരിച്ചെന്ന് വരുത്തി തെളിവുകൾ ഹാജരാക്കി ശിക്ഷയിൽനിന്നും ഇളവ് നേടാൻ ശ്രമിച്ചു. എഐ സഹായത്തോടെ സംസ്കാരം അടക്കം നടത്തിയ തെളിവുകൾ ഹാജരാക്കി മരണ സർട്ടിഫിക്കറ്റ് നേടിയാണ് രക്ഷപ്പെടാൻ കരുക്കൾ നീക്കിയത്. എന്നാൽ പൊലീസിന്റെ ഇടപെടലിൽ…

    17 തടവുകാർ ജയിൽ ചാടി; ഒരാൾ പിടിയിലായി, കേരളത്തിലേക്ക് പ്രവേശിക്കാൻ സാധ്യത

    Spread the love

    Spread the loveചെന്നൈ ∙ തേനിയിൽ ജയിൽ ജീവനക്കാരനെ ആക്രമിച്ച ശേഷം 17 വിചാരണ തടവുകാർ കൂട്ടത്തോടെ രക്ഷപ്പെട്ടു. ആണ്ടിപ്പട്ടിക്ക് സമീപം തെക്കംപാട്ടയിലുള്ള ജില്ല ജയിലിൽ നിന്നാണ് ക്രിമിനൽ കേസ് പ്രതികൾ രക്ഷപ്പെട്ടത്. ഡ്യൂട്ടിക്കുണ്ടായിരുന്ന പൊലീസുകാരനെ ആക്രമിച്ച ശേഷമാണ് സംഘം ജയിൽ…

    Leave a Reply

    Your email address will not be published. Required fields are marked *