കടുത്തുരുത്തി ∙ ആഴ്ചകൾക്ക് മുൻപ് വീട്ടിൽനിന്നു ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യം തിരിയുന്നതിനിടെ ലഭിച്ച സ്വർണമോതിരം ഉടമയ്ക്ക് തിരികെനൽകി കടുത്തുരുത്തി പഞ്ചായത്ത് ഹരിതകർമ സേനാംഗങ്ങളുടെ നന്മ. സേനാംഗങ്ങളായ ഷീബ രമേശനും ജിജിയുമാണ് മാലിന്യച്ചാക്കിൽനിന്നു ലഭിച്ച മോതിരം ഉടമ അഞ്ജു ഭവൻ ബിന്ദു മന്മഥന് കൈമാറിയത്.
ആഴ്ചകൾക്ക് മുൻപാണ് ബിന്ദുവിന്റെ വീട്ടിൽനിന്ന് ഇവർ പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചത്. മാവടി ഇടമ്പാടത്തുള്ള തിരയൽ കേന്ദ്രത്തിൽ ഇന്നലെ മാലിന്യം വേർതിരിക്കുമ്പോഴാണ് മോതിരം കിട്ടിയത്. പഞ്ചായത്തംഗം എം.ആർ.അനിൽകുമാറിനെ വിവരം അറിയിച്ചു.
മോതിരം നഷ്ടമായ വിവരം ബിന്ദു പഞ്ചായത്തംഗം അനിൽകുമാറിനെ അറിയിച്ചിരുന്നു. മാലിന്യം ചാക്കിൽ നിറയ്ക്കുന്നതിനിടെ വിരലിൽനിന്നു മോതിരം വീണുപോകുകയായിരുന്നു. അനിൽകുമാറിന്റെ സാന്നിധ്യത്തിൽ ബിന്ദു മന്മഥന് ഷീബ രമേശൻ മോതിരം കൈമാറി. നാലു ഗ്രാമിന്റേതാണ് മോതിരം.






