കൊച്ചി: നെടുമ്പാശ്ശേരിയിൽ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ മിനി കൂപ്പർ കാറപകട കേസിലെ മുഖ്യപ്രതി സുഹൈലിനെ (19) സെൻട്രൽ ജയിലിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി കോടതി തള്ളി. കാക്കനാട് ബോസ്റ്റൽ സ്കൂൾ സൂപ്രണ്ട് സമർപ്പിച്ച ഹർജിയാണ് അങ്കമാലി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് സംയുക്ത എം.കെ. തള്ളിയത്.
18 മുതൽ 21 വയസ്സുവരെയുള്ള തടവുകാരെ പാർപ്പിക്കുന്ന കാക്കനാട് ബോർസ്റ്റൽ സ്കൂളിൽ സുഹൈലിനെ പാർപ്പിക്കുന്നത് സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നും അതിനാൽ സെൻട്രൽ ജയിലിലേക്ക് മാറ്റണമെന്നുമായിരുന്നു അധികൃതരുടെ ആവശ്യം. എന്നാൽ ഹർജിയിലെ വാദങ്ങൾ വിശദമായി പരിശോധിച്ച കോടതി ഈ ആവശ്യം നിരസിക്കുകയായിരുന്നു. നേരത്തെ, സുഹൈലിനെ ജയിലിനു പകരം ബോസ്റ്റൽ സ്കൂളിൽ പ്രവേശിപ്പിച്ച നടപടിക്കെതിരെ വ്യാപക വിമർശനങ്ങൾ ഉയർന്നിരുന്നു.
ഒക്ടോബർ 11-ന് പുലർച്ചെ നെടുമ്പാശ്ശേരി എയർപോർട്ട് റോഡിൽ വെച്ചായിരുന്നു നാടിനെ നടുക്കിയ കാറപകടം അരങ്ങേറിയത്. മദ്യലഹരിയിൽ അമിത വേഗതയിലെത്തിയ മിനി കൂപ്പർ കാർ, മൂന്ന് യുവാക്കൾ സഞ്ചരിച്ചിരുന്ന സ്കൂട്ടറിലേക്ക് ഇടിച്ച് കയറുകയായിരുന്നു. സ്കൂട്ടർ യാത്രക്കാരായ മൂന്നുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. പ്രതികളുടെ ജാമ്യാപേക്ഷകൾ നേരത്തെ മജിസ്‌ട്രേറ്റ് കോടതി തള്ളിയതിനെ തുടർന്ന് ഇവർ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയെ സമീപിച്ചിട്ടുണ്ട്.
അതേസമയം, അപകടത്തിൽ മരണപ്പെട്ട വയനാട് കൽപ്പറ്റ സ്വദേശിനി ദേവികയുടെ വീട്ടിൽ അന്വേഷണ സംഘം നേരിട്ടെത്തി വിവരങ്ങൾ ശേഖരിച്ചു. വ്യാഴാഴ്ച രാവിലെ അഞ്ചംഗ പൊലീസ് സംഘം കൽപ്പറ്റയിലെ ദേവികയുടെ വീട്ടിലെത്തുകയും കുടുംബാംഗങ്ങളിൽനിന്ന് വിശദമായ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. അന്വേഷണസംഘം കേസിൽ നിർണായക തെളിവുകൾ ശേഖരിച്ചിട്ടുണ്ടെന്നും തങ്ങളുടെ മകൾക്ക് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ദേവികയുടെ കുടുംബാംഗങ്ങൾ മാധ്യമങ്ങളോട് പ്രതികരിച്ചു.







