കൊച്ചി ∙ രാസലഹരി ഉണ്ടെന്ന സംശയത്തിൽ കിലോമീറ്ററുകളോളം പിന്തുടര്‍ന്ന ഡാൻസാഫ് സംഘത്തെ ഇടിച്ചുവീഴ്ത്തിയ യുവാവ് എംഡിഎംഎയുമായി പിടിയിൽ. ഇന്നു രാവിലെ പത്തുമണിയോടെ എളമക്കരയിലായിരുന്നു സംഭവം. മൂത്തകുന്നം തുരുത്തിപ്പുറം പുലിക്കൽ വീട്ടിൽ പി. പ്രീതിഷ് (38) എന്നയാളാണ് അറസ്റ്റിലായത്. ഡാൻസാഫ് സംഘം ബൈക്കിൽ പിന്തുടരുന്നതിനിടെ ഇയാൾ സഞ്ചരിച്ചിരുന്ന കാറിനു വേഗം കൂട്ടുകയും പൊലീസ് വാഹനം തടയുന്നതിനിടയിൽ പുറകോട്ടെടുത്ത് ഡാൻസാഫ് ഉദ്യോഗസ്ഥരെ ഇടിച്ചുവീഴ്ത്തുകയുമായിരുന്നു. തുടർന്ന് കാറിൽ നടത്തിയ പരിശോധനയിൽ 33 ഗ്രാം എംഡിഎംഎ പിടികൂടി.
ലഹരി ഇടപാടുണ്ടെന്ന സംശയത്തിൽ ഏതാനും ദിവസങ്ങളായി ഡാൻസാഫ് സംഘത്തിന്റെ നിരീക്ഷണത്തിലുണ്ടായിരുന്ന ആളാണ് പ്രീതിഷ്. ഇന്നു രാവിലെ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഇയാൾ ഉണ്ടെന്ന വിവരം ലഭിച്ചതോടെ ഡാൻസാഫ് സംഘം രണ്ടു ബൈക്കുകളിലായി ഇയാളുടെ പുറകെ കൂടി. എന്നാൽ ഡാൻസാഫ് സംഘത്തെ കണ്ടതോടെ ഇയാൾ അതിവേഗം സ്ഥലംവിടാൻ ശ്രമിച്ചു. തുടർന്ന് കാർ എളമക്കര പൊലീസ് സ്റ്റേഷൻ പരിസരത്തുകൂടി വരുന്നുണ്ടെന്ന വിവരം സ്റ്റേഷനിൽ അറിയിച്ചതിനെ തുടർന്ന് പൊലീസ് ഉദ്യോഗസ്ഥർ പൊലീസ് വാഹനം റോഡിനു കുറുകെയിട്ട് തടയാൻ ശ്രമിച്ചു. ഇത് കണ്ടതോടെ പ്രതി, അമിതവേഗതയിൽ കാർ പിന്നോട്ടോടിച്ച് ബൈക്കിൽ വന്ന ഉദ്യോഗസ്ഥരെ ഇടിച്ചിടുകയായിരുന്നു. ഇവർ താഴെവീണിട്ടും ഇവരുടെ ബൈക്കിനു മേൽ ഇയാൾ വാഹനം ഓടിച്ചുകയറ്റി. ഉദ്യോഗസ്ഥർ സമയോചിതമായി ചാടി മാറിയതുകൊണ്ട് മാത്രമാണ് വൻ ദുരന്തം ഒഴിവായത്. സിപിഒമാരായ മധുസൂദനൻ, വിജയരാജ് എന്നിവരുടെ കൈകൾക്ക് ചതവ് ഉൾപ്പെടെ പരുക്കേറ്റിട്ടുണ്ട്.
പൊലീസ് ഉദ്യോഗസ്ഥർ കാറിന്റെ ചില്ലുപൊട്ടിച്ചാണ് പ്രതിയെ പുറത്തിറക്കി കസ്റ്റഡിയിലെടുത്തത്. തുടർന്നു നടത്തിയ പരിശോധനയിലാണ് കാറിന്റെ മുൻഭാഗത്തെ ഡാഷ്‌ബോർഡിൽ നിന്ന് പായ്ക്കറ്റിൽ പൊതിഞ്ഞ നിലയിൽ 33 ഗ്രാമോളം രാസലഹരിയായ എംഡിഎംഎ കണ്ടെത്തിയത്. പ്രതി ഉപയോഗിച്ചിരുന്നത് റെന്റ് എ കാർ ആണെന്നും കഴിഞ്ഞ രണ്ട് ദിവസമായി ഇയാൾ ഈ കാറുമായി കറങ്ങി നടക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. രാസലഹരി എവിടെ നിന്നാണ് കൊണ്ടുവന്നത് എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പ്രതിയെ കൂടുതൽ ചോദ്യം ചെയ്തതിനു ശേഷമേ വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു.





