കള്ളനോട്ട് കേസിലെ പ്രതിയുടെ ഉടമസ്ഥതയിലുള്ള, മത്സ്യബന്ധനസാമഗ്രികൾ സൂക്ഷിക്കുന്ന ലോക്കറിൽ നിന്ന് വൻതോതിൽ തിമിംഗിലഛർദ്ദി കണ്ടെത്തി. കൊല്ലം വെസ്റ്റ് കൈക്കുളങ്ങര കല്ലേലിവയൽ പുരയിടത്തിൽ സിബിയോൺ(37)-ന്റെ ഉടമസ്ഥതയിലുള്ള വാടി ഹാർബറിലെ ലോക്കറിൽ നിന്നാണ് 22.480 കിലോഗ്രാം തമിംഗിലഛർദ്ദി പള്ളിത്തോട്ടം പൊലീസ് പിടിച്ചെടുത്തത്. 4 പൊതികളിലായി ചാക്കിൽ സൂക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്.
വിപണിയിൽ 25 കോടിയോളം രൂപ വിലവരും. ഞായറാഴ്ച രാത്രി ഒൻപതരയോടെയാണ് പള്ളിത്തോട്ടം എസ്എച്ച്ഒ പ്രതിഭ. ജി. നായരുടെ നേതൃത്വത്തിലുള്ള സംഘം വാടിയിലെത്തി പരിശോധന നടത്തിയത്. സിബിയോണിന്റെ ഉടമസ്ഥതയിലുള്ള 10-ാം നമ്പർ ലോക്കറിന്റെ പൂട്ട് പൊളിച്ച് പരിശോധിച്ചപ്പോൾ ചാക്കുകെട്ടിൽ നാലു കവറുകളിലാക്കിയ നിലയിലായിരുന്നു ഇവ ഉണ്ടായിരുന്നത്. ഇവ സ്റ്റേഷനിലേക്ക് എത്തിച്ച ശേഷം അഞ്ചലിൽ നിന്നുള്ള ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് കൈമാറി.






