ചെന്നൈ ∙ തേനിയിൽ ജയിൽചാടിയ 17 പ്രതികളിൽ 13 പേരെയും 24 മണിക്കൂറിനകം പിടികൂടാനായത് ഡ്രോൺ ഉപയോഗിച്ചുള്ള ദൗത്യത്തിലൂടെ. ജയിൽചാടിയവർ സമീപത്തെ മലഞ്ചെരിവിലെ മുൾക്കാട്ടിലാണ് ഒളിച്ചത്. പൊലീസിന്റെ തിരച്ചിൽ കുറയുമ്പോൾ അവിടെനിന്നു മാറാമെന്ന കണക്കുകൂട്ടലിലായിരുന്നു അത്. എന്നാൽ, ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധന ഈ നീക്കം പൊളിച്ചു.
ബാക്കിയുള്ളവരെ പിടികൂടാൻ പൊലീസ് 25 സംഘങ്ങൾ രൂപീകരിച്ച് പരിശോധന ശക്തമാക്കി. കേരളത്തിലേക്കു കടക്കാനുള്ള സാധ്യത കണക്കിലെടുത്ത് അതിർത്തികളിൽ വാഹനപരിശോധന കർശനമാക്കി. തേനി ജില്ലയിലെ ആണ്ടിപ്പട്ടിക്കടുത്തുള്ള തേക്കംപട്ടിയിലാണു ജില്ലാ ജയിൽ. 4 ബ്ലോക്കുകളിലായി മുന്നൂറിലേറെ തടവുകാരാണുള്ളത്. ഇതിൽ 3 ഡോർമിറ്ററി ബ്ലോക്കുകളിലൊന്നിലെ 17 തടവുകാരാണു കടന്നത്.
ഇവരുടെ ആക്രമണത്തിൽ പരുക്കേറ്റ 4 പൊലീസ് ഉദ്യോഗസ്ഥർ ചികിത്സയിലാണ്. ജയിൽച്ചാട്ടസമയത്തു ഡ്യൂട്ടിയിലുണ്ടായിരുന്ന 9 ഉദ്യോഗസ്ഥരെ ഡിജിപി സന്ദീപ് റായ് റാത്തോഡ് സസ്പെൻഡ് ചെയ്തു. ജയിൽചാടിയവരിൽ 7 പേർ കൊലക്കേസ് പ്രതികളാണ്. 6 പേർ കവർച്ചക്കേസിലും 2 പേർ ലഹരിക്കേസിലും പ്രതികൾ. മോഷണക്കേസിലും ആയുധം കൈവശംവച്ച കേസിലും പ്രതികളായ ഓരോരുത്തരാണു മറ്റുള്ളവർ. കറുപ്പസാമി, തരുൺകുമാർ, രാജ‌്കുമാർ, പാണ്ടിചെൽവം, ശബരീനാഥൻ, നിഷാന്ത്, മുത്തു ഇളങ്കോവൻ, കാർത്തിക് രാജ, ലിംഗപ്രസാദ്, രാജാ സിക്കന്ദർ, സിലമ്പരശൻ, സോളൈ മുകിലേശ്വരൻ, പ്രവീൺകുമാർ എന്നിവരെയാണു പിടികൂടിയത്. തിരുപ്പതി, പൊൻമുത്തുസെൽവം, മീനാക്ഷിസുന്ദരം, റെജിൻ എന്നിവരെയാണു പിടികൂടാനുള്ളത്.
വൻ സുരക്ഷാവീഴ്ച
18 അടി ഉയരമുള്ള ചുറ്റുമതിലാണ് ജയിലിനുള്ളത്. മുൻഭാഗത്തെ കൂറ്റൻ ഗേറ്റിൽ ആളുകൾക്കു പ്രവേശിക്കാനും പുറത്തുകടക്കാനും 8 അടി ഉയരമുള്ള ചെറിയ ഗേറ്റുണ്ട്. ബ്ലോക്കുകളിൽനിന്ന് 2 ഗേറ്റുകൾ കടന്നുവേണം പ്രവേശനകവാടത്തിലെ ഗേറ്റിൽ എത്താൻ. ഈ മൂന്നു ഗേറ്റുകളിലും കാവൽക്കാർ ഉണ്ടാകും.
40 തടവുകാർക്ക് ഒരു ഗാർഡ് എന്ന അനുപാതത്തിൽ 10 ഗാർഡുകൾ ഡ്യൂട്ടിയിൽ ഉണ്ടായിരിക്കണം. എന്നാൽ, സംഭവസമയത്ത് 3 പേർ മാത്രമേ ഡ്യൂട്ടിയിലുണ്ടായിരുന്നുള്ളൂ. 5 പേർ ജോലിക്കു ഹാജരായിരുന്നെങ്കിലും ഒരാൾ ഭക്ഷണം വാങ്ങാൻ പോയി; മറ്റൊരാൾ മറ്റു കാര്യങ്ങൾക്കും. ജയിലിന്റെ മുൻവശത്തും പിൻവശത്തും മധ്യത്തിലുമായി 3 വാച്ച്‌ടവറുകൾ നിർമിച്ചത് 60 ലക്ഷം രൂപ വീതം ചെലവിലാണ്. എന്നാൽ, ഇതുവരെ വാച്ച്‌ടവറിൽ ഡ്യൂട്ടി ചെയ്തിട്ടില്ലെന്ന് ജീവനക്കാർതന്നെ പറയുന്നു.
∙ വമ്പൻ ജയിൽചാട്ടങ്ങൾ
1995 ഓഗസ്റ്റ് 15ന് തമിഴ്നാട്ടിലെ വെല്ലൂർ സ്പെഷൽ ക്യാംപിൽനിന്ന് 43 എൽടിടിഇ ഭീകരർ തുരങ്കത്തിലൂടെ കടന്നതാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽപേർ ഉൾപ്പെട്ട ജയിൽചാട്ടം. ഇതിനായി 153 അടി നീളമുള്ള തുരങ്കമാണ് ഇവർ രഹസ്യമായി നിർമിച്ചത്.
1995 ഫെബ്രുവരിയിൽ മദ്രാസ് സെൻട്രൽ ജയിലിൽനിന്ന് 27 എൽടിടിഇക്കാർ ജയിൽ ചാടിയിരുന്നു. 2002 സെപ്റ്റംബറിൽ ഛത്തീസ്ഗഡിലെ ദുർഗ് ജില്ലയിൽ കോടതി ലോക്കപ്പിൽനിന്ന് 23 വിചാരണത്തടവുകാർ ഭിത്തിയിൽ ദ്വാരമുണ്ടാക്കി രക്ഷപ്പെട്ടിരുന്നു. 1986 മാർച്ചിൽ രാജ്യാന്തര കുറ്റവാളി ചാൾസ് ശോഭരാജ് 6 തടവുകാർക്കൊപ്പം തിഹാർ ജയിലിൽനിന്നു കടന്നതാണ് രാജ്യത്തെ ഏറ്റവും കുപ്രസിദ്ധമായ ജയിൽചാട്ടം. 2005 നവംബറിൽ ബിഹാറിലെ ജഹനാബാദ് ജില്ലാ ജയിലിൽ മാവോയിസ്റ്റുകൾ നടത്തിയ മിന്നലാക്രമണത്തെത്തുടർന്ന് 389 പേർ രക്ഷപ്പെട്ടിരുന്നു.







