ജില്ലയിൽ മൂന്നിടത്ത് (പഴകുളം, പന്തളം, കൊടുമൺ) കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമമെന്നു പരാതി. പഴകുളത്ത് മദ്രസ വിദ്യാർഥിനികളെ കാറിൽ എത്തിയ സംഘം തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്നാണു പരാതി. പഴകുളം ജുമാ മസ്ജിത്തിലെ മദ്രസ പഠനം കഴിഞ്ഞു സമീപത്തുള്ള കനാൽ റോഡിൽ കൂടി നടന്നു പോവുകയായിരുന്ന പെൺകുട്ടികളെയാണു തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്.
ഇവർ റോഡരികിൽ കൂടി നടന്നു പോകുമ്പോൾ ഒരു കാർ പെട്ടെന്നു വന്നു നിർത്തുകയും ബന്ധുക്കളാണു വീട്ടിൽ കൊണ്ടുവിടാം എന്നു പറഞ്ഞ് കാറിലേക്ക് കയറ്റാൻ ശ്രമിക്കുകയുമായിരുന്നു. ഇതു കണ്ടു നിന്ന സമീപത്തുള്ള വിട്ടമ്മ കുട്ടികളെ വിളിച്ചപ്പോൾ പെട്ടെന്നു സംഘം കാർ ഓടിച്ചു പോയി എന്നാണു പരാതിയിൽ പറയുന്നത്. സംഭവം സംബന്ധിച്ച് പൊലീസ് അന്വേഷണം തുടങ്ങി. കാറിൽ ഒരു സ്ത്രീയും പുരുഷനുമാണ് ഉണ്ടായിരുന്നത്.
പന്തളത്ത് ഇതര സംസ്ഥാന തൊഴിലാളികളുടെ ഒന്നര വയസ്സുള്ള കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച തമിഴ്‌നാട് രാമേശ്വരം സ്വദേശിയായ മുത്തുസ്വാമി എന്നയാളെ നാട്ടുകാർ പിടികൂടി പൊലീസിനു കൈമാറി. കൊടുമണ്ണിലും സമാനമായ രീതിയിൽ കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നതായി പരാതി ഉയർന്നിട്ടുണ്ട്.






