കൽപ്പറ്റ: സ്വകാര്യ ആശുപത്രികളിലെ ചികിത്സാക്കൊള്ള നിയന്ത്രിക്കാൻ സർക്കാർ തയ്യാറാകണമെന്നും വയനാട് മെഡിക്കൽ കോളേജിനെ പൂർണസജ്ജമായ ചികിത്സാ കേന്ദ്രമാക്കി മാറ്റണമെന്നും എസ്.ഡി.പി.ഐ സംസ്ഥാന പ്രവർത്തക സമിതി അംഗം ടി. നാസർ ആവശ്യപ്പെട്ടു. സ്വകാര്യ ആശുപത്രികളിലെ ചികിത്സാക്കൊള്ള അവസാനിപ്പിക്കുക, വയനാട് മെഡിക്കൽ കോളേജ് പൂർണസജ്ജമാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് എസ്.ഡി.പി.ഐ വയനാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കലക്ടറേറ്റ് മാർച്ചും ധർണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചികിത്സ ജനങ്ങളുടെ അവകാശമാണ്, കച്ചവടമല്ല. രോഗവും സാമ്പത്തിക പ്രതിസന്ധിയും ഒരേസമയം നേരിടേണ്ടിവരുന്ന സാധാരണക്കാരെ സ്വകാര്യ ആശുപത്രികളുടെ അമിത ചികിത്സാച്ചെലവിന് മുന്നിൽ സർക്കാർ കൈയൊഴിയരുത്. ചികിത്സയ്ക്കായി കടം വാങ്ങുകയും സ്വത്തുക്കൾ വിൽക്കുകയും ചെയ്യേണ്ടിവരുന്ന സാഹചര്യം പരിഷ്കൃത സമൂഹത്തിന് അപമാനമാണ്. സ്വകാര്യ ആശുപത്രികളിലെ ചികിത്സാനിരക്കുകൾക്ക് നിയന്ത്രണം ഏർപ്പെടുത്താനും അന്യായമായ ബില്ലിങ്ങും അനാവശ്യ പരിശോധനകളും തടയാനും സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കണം. ആരോഗ്യരംഗത്തെ ചൂഷണത്തിനെതിരെ ജനങ്ങളുടെ പക്ഷത്തുനിന്ന് ഇടപെടേണ്ട സർക്കാർ ഉത്തരവാദിത്തത്തിൽനിന്ന് ഒഴിഞ്ഞുമാറരുത്.
വയനാട് മെഡിക്കൽ കോളേജിന്റെ കാര്യത്തിൽ പ്രഖ്യാപനങ്ങളും രാഷ്ട്രീയ അവകാശവാദങ്ങളും മാത്രം മതിയാകില്ല. ജനങ്ങൾക്ക് പ്രയോജനപ്പെടുന്ന ചികിത്സാ സൗകര്യങ്ങളാണ് യാഥാർഥ്യമാകേണ്ടത്. ഗുരുതര രോഗങ്ങളുമായി മറ്റു ജില്ലകളിലെ ആശുപത്രികളെ ആശ്രയിക്കേണ്ടിവരുന്ന വയനാട്ടുകാരുടെ ദുരിതത്തിന് അറുതിവരുത്താൻ സർക്കാർ തയ്യാറാകണം. മെഡിക്കൽ കോളേജ് പൂർണസജ്ജമാക്കുന്നതിനുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കണം. ആവശ്യത്തിന് ഡോക്ടർമാരെയും ആരോഗ്യപ്രവർത്തകരെയും നിയമിക്കുകയും ഓപ്പറേഷൻ തിയേറ്ററുകൾ ഉൾപ്പെടെയുള്ള ചികിത്സാ സംവിധാനങ്ങൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കുകയും വേണം. കെട്ടിടങ്ങളും പേരും മാത്രമുള്ള മെഡിക്കൽ കോളേജല്ല, ജനങ്ങളുടെ ജീവൻ സംരക്ഷിക്കാൻ കഴിയുന്ന സമ്പൂർണ ചികിത്സാ കേന്ദ്രമാണ് വയനാടിന് ആവശ്യം.
വയനാട്ടിലെ സാധാരണക്കാർക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കുക എന്നത് സർക്കാരിന്റെ ഔദാര്യമല്ല, ഉത്തരവാദിത്തമാണ്. പൊതുജനാരോഗ്യ സംവിധാനം ദുർബലമാകുകയും ജനങ്ങൾ സ്വകാര്യ ആശുപത്രികളെ അമിതമായി ആശ്രയിക്കേണ്ടിവരികയും ചെയ്യുന്ന സാഹചര്യം അവസാനിപ്പിക്കണം. ചികിത്സയുടെ പേരിൽ ജനങ്ങളുടെ സാമ്പത്തിക സുരക്ഷ തകർക്കപ്പെടുമ്പോൾ സർക്കാർ കാഴ്ചക്കാരായി നിൽക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ടി. നാസർ പറഞ്ഞു.
എസ്.ഡി.പി.ഐ വയനാട് ജില്ലാ പ്രസിഡന്റ് എ. യൂസുഫ് അധ്യക്ഷത വഹിച്ചു. വിമൻ ഇന്ത്യ മൂവ്മെന്റ് ജില്ലാ കമ്മിറ്റി അംഗം സഫീന ഹംസ,എസ്.ഡി.ടി.യു ജില്ലാ പ്രസിഡന്റ് വി.കെ. മുഹമ്മദലി, യങ് ഡെമോക്രാറ്റ്സ് ജില്ലാ കൺവീനർ കെ.എസ്. മുഹമ്മദ് സകരിയ്യ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
ജില്ലാ വൈസ് പ്രസിഡന്റുമാരായ എൻ. ഹംസ, ഇ. ഉസ്മാൻ, ജനറൽ സെക്രട്ടറിമാരായ പി.ടി. സിദ്ധീഖ്, കെ. മഹ്‌റൂഫ്, സെക്രട്ടറിമാരായ എസ്. മുനീർ, സൽമ അഷ്‌റഫ്, ട്രഷറർ സുബൈർ കൽപ്പറ്റ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
ഫോട്ടോ ക്യാപ്ഷൻ
സ്വകാര്യ ആശുപത്രികളിലെ ചികിത്സാക്കൊള്ള അവസാനിപ്പിക്കുക, വയനാട് മെഡിക്കൽ കോളേജ് പൂർണസജ്ജമാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് എസ്.ഡി.പി.ഐ വയനാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കലക്ടറേറ്റ് മാർച്ചും ധർണയും സംസ്ഥാന പ്രവർത്തക സമിതി അംഗം ടി നാസർ ഉദ്ഘാടനം ചെയ്യുന്നു.






