ദുബായ് ∙ ഉമ്മറപ്പടി കടന്ന് അകത്തേക്ക് കയറുന്ന അതിഥികൾക്ക് ആദ്യം ലഭിക്കുന്നത് നനുത്ത സുഗന്ധം പരത്തുന്ന തണുത്ത വെറ്റ് ടവലാണ്. പശ്ചാത്തലത്തിൽ വിമാനത്തിനുള്ളിൽ കേൾക്കുന്ന മനോഹരമായ അതേ ബോർഡിങ് സംഗീതം. ആഡംബരം തുളുമ്പുന്ന ക്രീം നിറത്തിലുള്ള ലെതർ സീറ്റുകൾ, വിമാനത്തിന്റെ കോക്പിറ്റുകളെ അനുസ്മരിപ്പിക്കുന്ന ജനാലകൾ, വലിയ എന്റർടെയ്ൻമെന്റ് സ്ക്രീൻ, എയർലൈൻ ആക്സസറികൾ… കണ്ടുനിൽക്കുന്ന ആരും അല്പസമയത്തേക്ക് ഒന്നു സംശയിക്കും; ഇതിപ്പോൾ ആകാശത്ത് പറക്കുന്ന ഏതെങ്കിലും സൂപ്പർ ജംബോ വിമാനത്തിനുള്ളിലാണോ നിൽക്കുന്നത്? എന്നാൽ തെറ്റി, പ്രവാസിയായ മലയാളി അരുൺ രാജഗോപാലിന്റെ ദുബായിലെ ഫ്ലാറ്റിലെ ലിവിങ് റൂമാണിത്.
ആകാശത്തിലെ ഏറ്റവും ആഡംബരപൂർണമായ യാത്രയായി ലോകം വാഴ്ത്തുന്ന ഇത്തിഹാദ് എയർവേയ്സിന്റെ എയർബസ് എ380 വിമാനത്തിലെ ‘ദ് റസിഡൻസ്’ എന്ന മൂന്ന് മുറികളുള്ള അതിപ്രശസ്തമായ വിഐപി സ്യൂട്ടിന്റെ ലിവിങ് ഏരിയയാണ് അരുൺ തന്റെ വീട്ടിനുള്ളിൽ പുനഃസൃഷ്ടിച്ചിരിക്കുന്നത്. ഒരു വിമാനത്തിന്റെ അകത്തളം വീടിന്റെ വരാന്തയിലേക്ക് പറിച്ചുനടുകയെന്നത് ഏതൊരാൾക്കും സങ്കല്പിക്കാൻ പോലും കഴിയാത്ത ഒന്നാണെങ്കിൽ, അരുണിന് അത് തന്റെ ചോരയിലലിഞ്ഞ വ്യോമയാന അഭിനിവേശത്തിന്റെ സ്വാഭാവികമായ അടയാളപ്പെടുത്തൽ മാത്രമാണ്.
∙ 224 തവണ ആകാശക്കൊട്ടാരത്തിൽ യാത്ര; വിമാനത്തിന്റെ ചക്രം ടീ ടേബിൾ
കേവലമൊരു കൗതുകത്തിനപ്പുറം കൊച്ചിയിൽ വളർന്ന അരുണിന്റെ സ്വകാര്യ ജീവിതത്തിന്റെ പ്രധാന വശങ്ങളിലൊന്നാണ് എയർബസ് എ380 എന്ന അത്ഭുത വിമാനം. ലോകത്താകെ നിർമിക്കപ്പെട്ട 251 എയർബസ് എ380 വിമാനങ്ങളിൽ 97 എണ്ണത്തിലായി 224 തവണയാണ് അരുൺ സഞ്ചരിച്ചിട്ടുള്ളത്. അതായത് 116 ലക്ഷം കിലോമീറ്ററിലേറെ ദൂരം ഈ ഒരൊറ്റ മോഡൽ വിമാനത്തിൽ മാത്രം സഞ്ചരിച്ചു കഴിഞ്ഞുവെന്ന് ഇദ്ദേഹം പറയുന്നു. ജീവിതത്തിലെ 60 ദിവസത്തിലേറെ സമയം ഈ ഭീമൻ വിമാനത്തിനുള്ളിൽ ആകാശത്ത് ചെലവഴിച്ച വ്യക്തി കൂടിയാണ് അരുൺ.
വർഷങ്ങൾ നീണ്ട ഈ അപൂർവ പ്രേമമാണ് ദുബായിലെ തന്റെ ഫ്ലാറ്റിലേക്ക് വിമാനത്തിന്റെ അകത്തളം അതേപടി ആവാഹിക്കാൻ അരുണിന് പ്രചോദനമായത്. ഇത്തിഹാദ് വിമാനത്തിലെ ലെതർ സോഫയോടുള്ള അടങ്ങാത്ത ഇഷ്ടത്തിലാണ് ഈ സ്വപ്ന പദ്ധതിയുടെ തുടക്കം. യുഎഇ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഏവിയേഷൻ അപ്സൈക്ലിങ് കമ്പനിയായ ‘വിങ്സ് ക്രാഫ്റ്റി’ന്റെ സഹായത്തോടെ ഒരു വർഷത്തോളം നീണ്ട കഠിനാധ്വാനത്തിനൊടുവിലാണ് സ്യൂട്ടിന്റെ ലിവിങ് ഏരിയ അരുൺ വീട്ടിനുള്ളിൽ അക്ഷരംപ്രതി തയാറാക്കിയെടുത്തത്.
വിമാനത്തിന്റെ കൂറ്റൻ ഭാഗങ്ങൾ സാധാരണ ലിഫ്റ്റിൽ കയറ്റാൻ സാധിക്കാത്തതിനാൽ ആറോളം വരുന്ന വിദഗ്ധ തൊഴിലാളികൾ വിയർപ്പൊഴുക്കിയാണ് 7-ാം നിലയിലുള്ള അരുണിന്റെ ഫ്ലാറ്റിലേക്ക് ഇവ എത്തിച്ചത്. എയർക്രാഫ്റ്റ് നിലവാരത്തിലുള്ള സ്പീക്കറുകൾ, സ്ലൈഡിങ് ഡോറുകൾ, മൂഡ് ലൈറ്റിങ്, യുഎസ്ബി ചാർജിങ് പോർട്ടുകൾ, 32 ഇഞ്ച് പ്രത്യേക സ്ക്രീൻ എന്നിവയെല്ലാം ഇതിൽ തനിമ ചോരാതെ സജ്ജമാക്കിയിട്ടുണ്ട്. ഇതിനുപുറമെ, സേവനത്തിൽ നിന്ന് വിരമിച്ച എയർബസ് A380 വിമാനത്തിന്റെ ടയർ റീസൈക്കിൾ ചെയ്ത് നിർമിച്ച അത്യാകർഷകമായ കോഫി ടേബിളും, വിമാനത്തിന്റെ യഥാർഥ പാർക്കിങ് ബ്രേക്കും തുടങ്ങി ഒട്ടേറെ അപൂർവ ഏവിയേഷൻ സ്മാരകങ്ങളും അരുണിന്റെ സാലണിലെ പ്രധാന കാഴ്ചകളാണ്.
∙ ഇഷ്ടങ്ങളെല്ലാം സ്വന്തം പോക്കറ്റിൽ നിന്ന്
കുട്ടിക്കാലത്ത് നടത്തിയ ആദ്യ വിമാനയാത്ര മുതൽ തുടങ്ങിയ കമ്പമാണ് അരുണിനെ ഇവിടം വരെ എത്തിച്ചത്. പിന്നീട് വാണിജ്യ-മാർക്കറ്റിങ് മേഖലയിൽ ഉയർന്ന പദവിയിലെത്തിയ അരുൺ സ്വന്തം വരുമാനത്തിൽ നിന്നുള്ള സമ്പാദ്യം ഉപയോഗിച്ച് ഈ യാത്രകളിൽ ഭൂരിഭാഗവും പൂർത്തിയാക്കി. എയർലൈൻ മൈലുകളും പ്രത്യേക ടിക്കറ്റ് നിരക്കുകളും കൃത്യമായി വിശകലനം ചെയ്ത ശേഷമാണ് യാത്രകൾ ഉറപ്പിക്കുക. എയർപോർട്ടിൽ ചെന്നിറങ്ങുന്ന ലക്ഷ്യസ്ഥാനങ്ങളേക്കാൾ വിമാനത്തിനുള്ളിലെ ഓരോ നിമിഷങ്ങളുമാണ് അരുണിന് ഏറ്റവും പ്രിയപ്പെട്ടത്. സിനിമകൾ കാണുന്നതിന് പകരം വിമാനത്തിന് പുറത്തെ ക്യാമറാ കാഴ്ചകളും റൂട്ട് മാപ്പും നോക്കിയിരിക്കാനാണ് ഇദ്ദേഹത്തിന് താൽപര്യം. ഒരു ദിവസത്തിനിടെ മൂന്ന് എ380 വിമാനങ്ങളിൽ മാറിമാറി കയറി 22,148 കിലോമീറ്റർ സഞ്ചരിച്ച ചരിത്രവും അരുണിന്റെ പേരിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
വിമാനത്തിന്റെ അത്യാധുനിക ആഡംബരങ്ങളെക്കാൾ യാത്രകളിൽ നമ്മെ പരിചരിക്കുന്ന ജീവനക്കാരുടെ ആത്മാർഥമായ പെരുമാറ്റമാണ് ഓരോ യാത്രയെയും നെഞ്ചോട് ചേർത്തുനിർത്തുന്നതെന്ന് അരുൺ ഓർമിപ്പിക്കുന്നു. എയർബസ് എ380 എന്ന ഭീമൻ വിമാനത്തിന്റെ 100-ാമത്തെ വ്യത്യസ്ത പതിപ്പിലും 50-ാമത്തെ കന്നി സർവീസിലും പറക്കുക എന്ന സ്വപ്ന ലക്ഷ്യത്തിലേക്ക് ഇനി ഏറെ ദൂരമില്ലെന്ന് ഉറപ്പിച്ചു പറയുകയാണ് ഏവിയേഷൻ പ്രേമി.








