ആഘോഷ ദിവസങ്ങളിൽ സമ്മാനങ്ങൾ കിട്ടുന്നത് ആർക്കാണ് ഇഷ്ടമില്ലാത്തത് അല്ലേ?. അത് ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ഉടമയാണ് തരുന്നതെങ്കിൽ ഡബിൾ ഹാപ്പിയായിരിക്കും. ഇത്തരത്തിലൊരു കമ്പനിയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവുന്നത്.
ഡൽഹി രോഹിണി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു കമ്പനിയാണ് തങ്ങളുടെ ജീവനക്കാർക്ക് ദീപാവലി സമ്മാനമായി ഐഫോൺ 16 നൽകി ഞെട്ടിപ്പിച്ചിരിക്കുന്നത്. സംഭവത്തിന്റെ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. കമ്പനിയുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് ആഘോഷത്തിന്റെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ജീവനക്കാരുടെ ഡെസ്കുകളിൽ റിബൺ കൊണ്ട് അലങ്കരിച്ച ഐഫോൺ 16 ഫോണുകൾ വെച്ചിരിക്കുന്നത് വിഡിയോയിൽ കാണാം. സാധാരണയായി ദീപാവലിക്ക് കമ്പനികൾ മധുരപലഹാരങ്ങളോ ഗിഫ്റ്റ് ഹാംപറുകളോ നൽകാറുള്ള സ്ഥാനത്താണ് ഈ വേറിട്ട സമ്മാനം നൽകി ജീവനക്കാരെ ഹാപ്പിയാക്കിയിരിക്കുന്നത്.
15 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ വെളുപ്പ്, പച്ച, നീല, കറുപ്പ് തുടങ്ങിയ വിവിധ നിറങ്ങളിലുള്ള റിബൺ കൊണ്ട് കെട്ടിയ ഐഫോണുകൾ കമ്പ്യൂട്ടറുകൾക്ക് മുന്നിൽ നിരത്തിവെച്ചിരിക്കുന്നത് കാണാം. ജീവനക്കാർ ഈ ദീപാവലി സമ്മാനം കണ്ടുള്ള സന്തോഷം പങ്കുവെക്കുന്നതും വീഡിയോയുടെ അവസാനത്തിൽ കാണാം.
നിങ്ങൾക്ക് എന്ത് കിട്ടി? എന്ന ക്യാപ്ഷനോടെയാണ് കമ്പനി വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതാണ് യഥാർഥ കമ്പനി എന്നതരത്തിലെല്ലാം നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്. പോസ്റ്റ് നിമിഷനേരം കൊണ്ട് വൈറലാവുകയും ഐഫോൺ നൽകാൻ കാണിച്ച മനസിന് നിരവധി പേർ കമന്റുമായി സന്തോഷവും പങ്കുവെച്ചു. സംഭവം വൈറലായതിന് പിന്നാലെ കമ്പനിയിൽ ജോലി ഒഴിവുകളുണ്ടോ എന്ന് ചോദിച്ച് നിരവധി പേരും കമന്റ് ചെയ്യുന്നുണ്ട്. മറ്റുചിലരാവട്ടെ ഞങ്ങൾക്ക് കമ്പനിയിൽ നിന്നും സോൻ പപ്പടി പോലും കിട്ടിയില്ലെന്നും കമന്റുകൾ പങ്കുവെച്ചിട്ടുണ്ട്.






