വിമാനത്തിലും ‘ഹരിത ഇന്ധനം’ നിര്‍ബന്ധമാക്കും; 2027 മുതല്‍ പുതിയ നിബന്ധന

Spread the love

ന്യൂഡല്‍ഹി: വിമാനയാത്ര മൂലമുള്ള കാര്‍ബണ്‍ ബഹിർഗമനം കുറയ്ക്കുന്നതിനായി സുസ്ഥിര വ്യോമയാന ഇന്ധനം (സസ്റ്റെയിനബിള്‍ ഏവിയേഷന്‍ ഫ്യുവല്‍ – എസ്എഎഫ്) നിര്‍ബന്ധമാക്കാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഇതിനായുള്ള എസ്എഎഫ് നയത്തിന്റെ കരട് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ തയ്യാറാക്കി. 2027 മുതല്‍ വിമാന ഇന്ധനമായ ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യൂവലില്‍ ഒരു ശതമാനം എസ്എഎഫ് കലര്‍ത്താനാണ് നിര്‍ദേശം. 2030ഓടെ ഇത് അഞ്ച് ശതമാനമായും 2040ഓടെ 20 ശതമാനമായും ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്.

 

നയത്തിന്റെ കരട് തയ്യാറായെങ്കിലും വ്യോമയാന മന്ത്രാലയത്തിന്റെ അന്തിമ അംഗീകാരം ലഭിച്ചിട്ടില്ല. മന്ത്രാലയത്തിന്റെ അംഗീകാരം ലഭിക്കുന്നതോടെ നയം ഔദ്യോഗികമായി നിലവില്‍ വരും. ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്റെ അന്താരാഷ്ട്ര വ്യോമയാന കാര്‍ബണ്‍ ഓഫ്‌സെറ്റിങ് ആന്‍ഡ് റിഡക്ഷന്‍ പദ്ധതിയായ കോര്‍സിയയില്‍ 2027 മുതല്‍ ഇന്ത്യ പങ്കാളിയാകും. ഇതിന്റെ ഭാഗമായാണ് എസ്എഎഫ് ഉപയോഗത്തിന് ലക്ഷ്യങ്ങള്‍ നിശ്ചയിക്കുന്നത്.

 

ആദ്യഘട്ടത്തില്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകളില്‍ എസ്എഎഫ് ഉപയോഗം നിര്‍ബന്ധമാക്കാനാണ് നിര്‍ദേശം. 2027ല്‍ ഒരു ശതമാനം, 2028ല്‍ രണ്ട് ശതമാനം, 2030ല്‍ അഞ്ച് ശതമാനം എന്നിങ്ങനെയാണ് ലക്ഷ്യമിടുന്നത്. 2031 മുതല്‍ 2040 വരെയുള്ള രണ്ടാം ഘട്ടത്തില്‍ എസ്എഎഫ് ഉപയോഗം കൂടുതല്‍ വര്‍ധിപ്പിക്കും. 2040ഓടെ 20 ശതമാനത്തിലെത്തിക്കാനാണ് ലക്ഷ്യമിടുന്നത്. ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്ന എസ്എഎഫ് മാത്രമേ പരമ്പരാഗത വിമാന ഇന്ധനമായ എടിഎഫില്‍ കലര്‍ത്താന്‍ അനുവദിക്കൂ. എസ്എഎഫ് ഉത്പാദന കേന്ദ്രങ്ങളിലോ റിഫൈനറികളിലോ ഇടക്കാല സംഭരണ കേന്ദ്രങ്ങളിലോ ഇന്ധനം കലര്‍ത്തി വിമാനത്താവളങ്ങളിലേക്ക് വിതരണം ചെയ്യാനാണ് നിര്‍ദേശം.

 

പരമ്പരാഗത ജെറ്റ് ഇന്ധനത്തേക്കാള്‍ രണ്ടുമുതല്‍ മൂന്നുമടങ്ങ് വരെ വില എസ്എഎഫിന് ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. അതിനാല്‍ ആദ്യഘട്ടത്തില്‍ ഇന്ധന വിതരണക്കാര്‍ക്ക് ആവശ്യമായ പ്രോത്സാഹനങ്ങള്‍ നല്‍കുന്നതിനുള്ള സംവിധാനങ്ങളും നയത്തിന്റെ കരടില്‍ നിര്‍ദേശിച്ചിട്ടുണ്ട്. നിര്‍ദേശങ്ങള്‍ പാലിക്കാത്ത ഇന്ധന വിതരണക്കാര്‍ക്കും വിമാന കമ്പനികള്‍ക്കും പിഴ ചുമത്താനും വ്യവസ്ഥയുണ്ടാകും. എസ്എഎഫ് സംഭരിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വിമാനത്താവള അധികൃതര്‍ ഉറപ്പാക്കണം.

 

ആഭ്യന്തര വിമാന സര്‍വീസുകള്‍, നിശ്ചിത സമയക്രമമില്ലാത്ത അന്താരാഷ്ട്ര സര്‍വീസുകള്‍, മാനുഷിക സഹായം, മെഡിക്കല്‍, അടിയന്തര ആവശ്യങ്ങള്‍ക്കുള്ള വിമാനങ്ങള്‍ എന്നിവയ്ക്ക് നിബന്ധനകളില്‍ ഇളവ് നല്‍കും. യാത്രക്കാരെയോ ചരക്കുകളെയോ കൊണ്ടുപോകാത്ത അറ്റകുറ്റപ്പണി ആവശ്യങ്ങള്‍ക്കുള്ള വിമാന സര്‍വീസുകള്‍ക്കും ഇളവുണ്ടാകും. എസ്എഎഫ് ഉപയോഗവും ഇടപാടുകളും കാര്‍ബണ്‍ പുറന്തള്ളലിലെ കുറവും സുതാര്യമായി നിരീക്ഷിക്കുന്നതിനായി ഡിജിസിഎയുടെ കീഴില്‍ പ്രത്യേക ഡിജിറ്റല്‍ രജിസ്ട്രി സംവിധാനം ആരംഭിക്കാനും കരടില്‍ നിര്‍ദേശമുണ്ട്. ഇന്ധനത്തിന്റെ ഉത്പാദനം, വിതരണം, ഉപയോഗം എന്നിവ ഇതിലൂടെ നിരീക്ഷിക്കാനാകും.

 

നയത്തിന്റെ നടത്തിപ്പും ഏകോപനവും നിരീക്ഷിക്കുന്നതിനായി പ്രത്യേക സമിതി രൂപവത്കരിക്കാനും നിര്‍ദേശമുണ്ട്. പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയത്തിലെയും വ്യോമയാന മന്ത്രാലയത്തിലെയും സെക്രട്ടറിമാര്‍ സംയുക്തമായി സമിതിക്ക് നേതൃത്വം നല്‍കും. 2018ലെ ദേശീയ ജൈവ ഇന്ധന നയത്തിന്റെ ഭാഗമായിട്ടായിരിക്കും എസ്എഎഫ് നയം നടപ്പാക്കുക.

  • Related Posts

    പരിക്കേറ്റ കുട്ടിയാനയ വിദഗ്ധ ചികിത്സയ്ക്കായി ഗുജറാത്തിലെ വൻതാരയിലേക്ക് :എയർലിഫ്റ്റ് ചെയ്യും

    Spread the love

    Spread the loveകൊച്ചി: വീണ് തോളിന് ഗുരുതരമായി പരിക്കേറ്റ കോടനാട് അഭയാരണ്യത്തിലെ കുട്ടിയാനയെ വിദഗ്ധ ചികിത്സയ്ക്കായി ഇന്ന് ഗുജറാത്തിലെ വൻതാരയിലേക്ക് കൊണ്ടുപോകും. ജന്മനാ അസ്ഥിവൈകല്യമുള്ള ഈ കുട്ടിയാന കഴിഞ്ഞ ഏപ്രിലിലാണ് കോടനാട് എത്തുന്നത്. കേരളത്തിൽ ആവശ്യത്തിന് ചികിത്സാ സൗകര്യം ഇല്ലാത്തതിനെ തുടർന്ന്,…

    കിരൺ വീട്ടിലെത്തിയത് പെൺകുട്ടിയിൽ നിന്ന് 500 രൂപ കടം വാങ്ങാൻ; ബെംഗളൂരുവിലെ മലയാളിയുടെ മരണം ക്വട്ടേഷനെന്ന് സംശയം

    Spread the love

    Spread the loveബെംഗളൂരു / പാലക്കാട് ∙ മലയാളി യുവാവ് ബെംഗളൂരുവിലെ യെലഹങ്കയിൽ കൊല്ലപ്പെട്ടതിനു പിന്നിൽ ക്വട്ടേഷൻ സംഘമാണെന്ന ആരോപണം ശക്തമായി. പാലക്കാട് തിരുവേഗപ്പുറ സ്വദേശി കിരണിനെ ഇരുമ്പു പൈപ്പും ക്രിക്കറ്റ് ബാറ്റും ഉപയോഗിച്ച് അടിച്ചുകൊന്നതിനു തമിഴ്നാട് സ്വദേശിയായ ഫാക്ടറിയുടമ ആനന്ദ്…

    Leave a Reply

    Your email address will not be published. Required fields are marked *