കൊല്ലം ∙ ജില്ലാ ആശുപത്രിയിൽ കൊണ്ടുവന്ന മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാൻ വിസമ്മതിച്ച് പൊലീസ് സർജൻ. അപകടത്തിൽ പരുക്കേറ്റ് ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച ആളുടെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കാൻ തയാറാകാതെ ജില്ലാ ആശുപത്രിയിലെ ജീവനക്കാരും. ആശുപത്രിയിലെ ജീവനക്കാരുടെ നിലപാടുകളിൽ പ്രതിഷേധവുമായി മരിച്ചവരുടെ ബന്ധുക്കളും നാട്ടുകാരും ജനപ്രതിനിധികളും.
ഇന്നലെ രാവിലെ 10.45 മുതലാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. പട്ടത്താനം നഗർ 237ൽ ജെയ് കോട്ടേജിൽ കെ.വി.മാത്യൂസിന്റെ(67) മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യുന്നതിനായി കോർപറേഷൻ കൗൺസിലർ ഡി.കൃഷ്ണകുമാറും പൊലീസും ജില്ലാ ആശുപത്രിയിൽ എത്തിയപ്പോഴാണ് പ്രശ്നങ്ങളുടെ തുടക്കം. മൃതദേഹത്തിനു പഴക്കമുണ്ടെന്നും അതിനാൽ പോസ്റ്റ്മോർട്ടം ഇവിടെ ചെയ്യില്ലെന്നുമായിരുന്നു പൊലീസ് സർജന്റെ നിലപാട്. തുടർന്ന് മൃതദേഹവുമായി ആംബുലൻസ് രണ്ട് മണിക്കൂറോളം കാത്തുകിടന്നു.
12.30ന് ജില്ലാ ആശുപത്രിയിൽ മറ്റൊരു കാര്യത്തിനായി എത്തിയ കലക്ടർ ആനി ജൂല തോമസിനെ കൗൺസിലർ കാര്യങ്ങൾ ധരിപ്പിച്ചു. കലക്ടർ ഇടപെടുകയും ഇൻക്വസ്റ്റ് തയാറാക്കിയ ശേഷം മൃതദേഹം സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്കു മാറ്റാനും നിർദേശിക്കുകയായിരുന്നു. മാത്യൂസ് വീട്ടിൽ തനിച്ചാണ് താമസിക്കുന്നത്. ഭാര്യ: ജെയ്മോൾ, മക്കൾ: പിനു, വിനു (ഇരുവരും യുകെയിൽ). മുംബൈയിലുള്ള ഭാര്യയും യുകെയിലുള്ള മക്കളും അടുത്ത ദിവസം നാട്ടിൽ എത്തും. മൃതദേഹം ഇന്ന് ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്യുമെന്നാണ് പൊലീസ് പറഞ്ഞത്.
ഉച്ചയ്ക്ക് ഒന്നരയോടെയാണ് രണ്ടാമത്തെ സംഭവം. ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരുന്ന ഒാട്ടോ ഡ്രൈവർ കൊട്ടിയം തഴുത്തല പുഞ്ചിരിച്ചിറ ഉന്നതിയിലുള്ള ശിവദാസൻപിള്ളയാണ്(58) ഉച്ചയ്ക്ക്12.45ന് മരിച്ചത്. പോസ്റ്റ്മോർട്ടത്തിന് മോർച്ചറിയിലേക്കു മാറ്റാൻ ഡോക്ടർ നിർദേശിച്ചെങ്കിലും പറ്റില്ലെന്നായി ജീവനക്കാർ. തർക്കമായതോടെ ശിവദാസൻപിള്ളയുടെ നാട്ടിലെ പഞ്ചായത്തംഗം ഒ.എസ്.ബിജി എത്തി ജീവനക്കാരുമായി ചർച്ച നടത്തി.
ഒടുവിൽ അഞ്ചരയോടെ താക്കോൽ കൊണ്ടുവന്നു മോർച്ചറി തുറക്കുകയായിരുന്നു. മൃതദേഹം ശുചിയാക്കുന്ന ജോലികൾ പഞ്ചായത്തംഗവും ബന്ധുക്കളും ചേർന്നാണ് ചെയ്തത്. 10 ദിവസമായി ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ:ഗീത. മകൾ:ലക്ഷ്മി. അതേസമയം രണ്ടു സംഭവങ്ങളിലും വ്യക്തമായി പ്രതികരിക്കാൻ ജില്ലാ ആശുപത്രി അധികൃതർ തയാറായില്ല.






