ബെംഗളൂരു: ഇന്ത്യൻ ഹോക്കി ടീം മുൻനായകൻ എം.എം. സോമയ്യയുടെ വസതിയിൽ നടന്ന മോഷണത്തിൽ ഒളിമ്പിക്സിൽ നേടിയ മെഡൽ അടക്കം നഷ്ടമായി. ബെംഗളൂരു ഇന്ദിരാനഗർ ന്യൂതിപ്പസാന്ദ്രയിലെ വീട്ടിലാണ് മോഷണം നടന്നത്. സോമയ്യയും കുടുംബവും സ്വന്ത സ്ഥലമായ കുടകിൽ പോയിരുന്നപ്പോഴായിരുന്നു കവർച്ച.
1980-ലെ മോസ്‌കോ ഒളിമ്പിക്സിൽ ലഭിച്ച സ്വർണ മെഡൽ, ഏഷ്യൻ ഗെയിംസുകളിലെ മെഡലുകൾ, ആംസ്റ്റർഡാം ചാമ്പ്യൻസ് ട്രോഫിയിൽ നേടിയ വെങ്കല മെഡൽ എന്നിവ കൂടാതെ സ്വർണ നാണയം, സ്വർണാഭരണങ്ങൾ, 30,000 രൂപ എന്നിവ മോഷണം പോയവയിൽ ഉൾപ്പെടുന്നു. വെള്ളിപ്പാത്രങ്ങളും നഷ്ടമായിട്ടുണ്ട്. ആകെ 3.15 ലക്ഷം രൂപയുടെ സാധനങ്ങളാണ് കവർന്നത്.
ഒക്ടോബർ 25-ന് കുടകിലേക്ക് പോയ സോമയ്യയും കുടുംബവും 28-ന് തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വീട്ടിൽ നിന്നുള്ള സി.സി.ടി.വി. ക്യാമറ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. രണ്ട് പേർ വാതിൽ കുത്തിത്തുറന്ന് വീട്ടിനുള്ളിൽ കടന്നു മോഷണം നടത്തിയെന്നാണ് സൂചന.






