രാജ്യത്തെ ജനനനിരക്ക് കുറയുന്നു, രണ്ടിൽകൂടുതൽ കുട്ടികളുള്ളവരെ തിരഞ്ഞെടുപ്പിൽ വിലക്കുന്നതിൽ പ്രസക്തിയില്ല-സുപ്രീംകോടതി

Spread the love

ന്യൂഡൽഹി: ഇന്ത്യയിലെ ജനനനിരക്ക് കുറഞ്ഞുവരുന്ന സാഹചര്യത്തിൽ, രണ്ടിലധികം കുട്ടികളുള്ളവരെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിൽ നിന്ന് അയോഗ്യരാക്കുന്ന നിയമങ്ങളുടെ പ്രസക്തി നഷ്ടപ്പെട്ടുവെന്ന് സുപ്രീം കോടതി.

 

കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകൾക്കിടയിൽ ഇന്ത്യയുടെ ജനസംഖ്യാപരമായ ഘടനയിൽ വലിയ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. ജനസംഖ്യാപരമായ മാറ്റങ്ങൾ കാരണം ഇത്തരം നിയന്ത്രണങ്ങൾക്ക് പിന്നിലുള്ള യുക്തി തകർന്നുപോയെന്നും കോടതി നിരീക്ഷിച്ചു.

 

മഹാരാഷ്ട്രയിലെ കക്കോഡ പഞ്ചായത്ത് മുൻ സർപഞ്ച് മംഗല ഭിംറാവുവിനെതിരായ അയോഗ്യത റദ്ദാക്കിക്കൊണ്ടാണ് കോടതി ഈ നിരീക്ഷണങ്ങൾ നടത്തിയത്. മൂന്നാമത്തെ കുട്ടി ജനിച്ചതിനെത്തുടർന്ന് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് മംഗലയെ വിലക്കിയിരുന്നു. ജസ്റ്റിസുമാരായ പി.എസ്.നരസിംഹ, അലോക് ആരാധെ എന്നിവരുടെ ബെഞ്ചിന്റെതാണ് നടപടി. മഹാരാഷ്ട്ര ഗ്രാമപഞ്ചായത്ത് നിയമം ഭേദഗതി വരുത്തി 2000 സെപ്റ്റംബർ 13 മുതൽ രണ്ടിൽ കൂടുതൽ കുട്ടികളുള്ളവരെ തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്ന് വിലക്കിയിരുന്നു. സമാനമായ വിലക്ക് ഹരിയാണയിലുമുണ്ട്. ഇതിനെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിൽ 2003-ൽ സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച് വിലക്ക് ശരിവെക്കുകയാണ് ഉണ്ടായത്. പി.എസ്.നരസിംഹയുടെയും അലോക് ആരാധെയുടെ ബെഞ്ച് ഈ വിധി പുനഃപരിശോധിക്കുന്നതിന് വിശാല ബെഞ്ചിന്റെ പരിഗണനയ്ക്ക് വിടുകയും ചെയ്തു.

 

രണ്ടിൽ കൂടുതൽ കുട്ടികളുള്ളവരെ വിലക്കുന്ന നടപടി സുപ്രീംകോടതി ശരിവെക്കുന്ന ഘട്ടത്തിൽ ഇന്ത്യയിലെ പ്രത്യുൽപാദന നിരക്ക് (ഫെർട്ടിലിറ്റി നിരക്ക്) 3 ആയിരുന്നുവെന്നും ഇപ്പോഴത് 1.9 ആയി കുറഞ്ഞെന്നും കോടതി ചൂണ്ടിക്കാട്ടി. ഫെർട്ടിലിറ്റി നിരക്ക് 2.1 ആണ് ആവശ്യമായി വേണ്ടത്. അതിലും താഴേക്ക് കുറഞ്ഞത് വരുംകാലത്ത് ജനസംഖ്യാ ഘടനയിൽ വലിയ മാറ്റങ്ങൾക്ക് വഴിവെക്കുമെന്നും കോടതി നിരീക്ഷിച്ചു.

 

‘രണ്ടിൽ കൂടുതൽ കുട്ടികളുണ്ടാകുന്നതിനെ ശിക്ഷാർഹമാക്കുന്ന നിയമങ്ങളുടെ പ്രസക്തി നഷ്ടപ്പെട്ടിരിക്കുന്നുവെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. അമിത ജനസംഖ്യയെക്കുറിച്ചുള്ള ഭയമാണ് ഇത്തരം നിയമങ്ങളുടെ അടിസ്ഥാനം. എന്നാൽ കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളിലുണ്ടായ ജനസംഖ്യാപരമായ മാറ്റങ്ങൾ ഈ അടിസ്ഥാനത്തെത്തന്നെ തകർത്തിരിക്കുന്നു. ഇന്ത്യയിലെ നിലവിലുള്ള ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ് റീപ്ലേസ്മെന്റ് റേറ്റിനേക്കാൾ താഴേക്ക് പോയിരിക്കുന്നു. ഭാവിയിൽ ജനസംഖ്യയിൽ പ്രായമായവരുടെ എണ്ണം കൂടുന്നതിനും, തൊഴിലെടുക്കുന്നവരുടെ (ജോലി ചെയ്യാൻ പ്രാപ്തിയുള്ളവരുടെ) അനുപാതം കുറയുന്നതിനും കാരണമാകും. അതുകൊണ്ട്, ജനസംഖ്യാ വളർച്ചയെ നിയന്ത്രിക്കുന്ന നിയമങ്ങൾക്ക് അവയുടെ പ്രസക്തി നഷ്ടപ്പെട്ടിരിക്കുന്നു. ഇത്തരത്തിലുള്ള ജനസംഖ്യാപരമായ മാറ്റങ്ങൾ ശ്രദ്ധിക്കാൻ നാം പരാജയപ്പെട്ടാൽ, ഇന്ത്യ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരും. ഇക്കാരണത്താൽ, ഈ നടപടികൾ താൽക്കാലികമായി നിർത്തിവെക്കാൻ ഞങ്ങൾ നിർബന്ധിതരായിരിക്കുന്നു. ഞങ്ങൾ ഈ വിഷയം ഒരു വിശാല ബെഞ്ചിന്റെ പരിഗണനയ്ക്കായി വിട്ടിരിക്കുന്നു’ ജസ്റ്റിസ് നരസിംഹ വിധി പ്രസ്താവത്തിൽ പറഞ്ഞു.

 

ഹരിയാണ കേസിൽ വിലക്കിനെ ന്യായീകരിക്കാനുള്ള വാദങ്ങളിലും കോടതി ആശങ്ക രേഖപ്പെടുത്തി. ഒരു വിഭാഗം പൗരന്മാരെ രാഷ്ട്രീയ പ്രാതിനിത്യത്തിൽ നിന്ന് ഒഴിവാക്കുമെന്നും കോടതി നിരീക്ഷിച്ചു. ഇത് ഭരണഘടനയുടെ ആർട്ടിക്കിൾ 21 ന്റെ ലംഘനമാണെന്നും കോടതി വ്യക്തമാക്കി.

  • Related Posts

    പരിക്കേറ്റ കുട്ടിയാനയ വിദഗ്ധ ചികിത്സയ്ക്കായി ഗുജറാത്തിലെ വൻതാരയിലേക്ക് :എയർലിഫ്റ്റ് ചെയ്യും

    Spread the love

    Spread the loveകൊച്ചി: വീണ് തോളിന് ഗുരുതരമായി പരിക്കേറ്റ കോടനാട് അഭയാരണ്യത്തിലെ കുട്ടിയാനയെ വിദഗ്ധ ചികിത്സയ്ക്കായി ഇന്ന് ഗുജറാത്തിലെ വൻതാരയിലേക്ക് കൊണ്ടുപോകും. ജന്മനാ അസ്ഥിവൈകല്യമുള്ള ഈ കുട്ടിയാന കഴിഞ്ഞ ഏപ്രിലിലാണ് കോടനാട് എത്തുന്നത്. കേരളത്തിൽ ആവശ്യത്തിന് ചികിത്സാ സൗകര്യം ഇല്ലാത്തതിനെ തുടർന്ന്,…

    കിരൺ വീട്ടിലെത്തിയത് പെൺകുട്ടിയിൽ നിന്ന് 500 രൂപ കടം വാങ്ങാൻ; ബെംഗളൂരുവിലെ മലയാളിയുടെ മരണം ക്വട്ടേഷനെന്ന് സംശയം

    Spread the love

    Spread the loveബെംഗളൂരു / പാലക്കാട് ∙ മലയാളി യുവാവ് ബെംഗളൂരുവിലെ യെലഹങ്കയിൽ കൊല്ലപ്പെട്ടതിനു പിന്നിൽ ക്വട്ടേഷൻ സംഘമാണെന്ന ആരോപണം ശക്തമായി. പാലക്കാട് തിരുവേഗപ്പുറ സ്വദേശി കിരണിനെ ഇരുമ്പു പൈപ്പും ക്രിക്കറ്റ് ബാറ്റും ഉപയോഗിച്ച് അടിച്ചുകൊന്നതിനു തമിഴ്നാട് സ്വദേശിയായ ഫാക്ടറിയുടമ ആനന്ദ്…

    Leave a Reply

    Your email address will not be published. Required fields are marked *