തിരുവനന്തപുരം∙ ശ്രീകാര്യം പാങ്ങപ്പാറയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി അഭിരാമിനെ കൊലപ്പെടുത്തി ചാക്കില്‍കെട്ടി തള്ളിയ കേസില്‍ അന്വേഷണം ചില വിഡിയോകളിലേക്കും. പ്രണയപ്പകയ്ക്കപ്പുറം, കൊലയിലേക്കു നയിക്കാന്‍ പാകത്തില്‍ ശക്തമായ കാരണങ്ങള്‍ ഉണ്ടോയെന്നാണു പൊലീസ് പരിശോധിക്കുന്നത്. ചില സ്വകാര്യ വിഡിയോ ദൃശ്യങ്ങള്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളും കൊലയ്ക്കു പിന്നിലുണ്ടെന്ന സൂചനയാണു പൊലീസിനു ലഭിച്ചിരിക്കുന്നത്.
പിടയിലായവരുടെ വാട്‌സാപ്പ് ചാറ്റുകളും ഫോണിലെ ഫോള്‍ഡറുകളും പരിശോധിച്ചതില്‍നിന്നാണ് പൊലീസിന് ഇതു സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചത്. കൊല്ലപ്പെട്ട അഭിരാമിന്റെ സുഹൃത്തിനെ പ്രതികള്‍ വിളിച്ചുവരുത്താന്‍ ശ്രമിച്ചത് ഇതേക്കുറിച്ച് സംസാരിക്കാനാണെന്നും പൊലീസ് കരുതുന്നു. എന്നാല്‍ സുഹൃത്ത് വരാന്‍ കൂട്ടാക്കാതിരുന്നതോടെയാണ് അഭിരാമിനെ ഉപയോഗിച്ചു വിളിച്ചുവരുത്താനുള്ള നീക്കം നടത്തിയത്. ഒന്നാം പ്രതിയായ പതിനേഴുകാരന്‍ മൂന്നാം പ്രതിയും സുഹൃത്തുമായ ആനന്ദയോട് അഭിരാമിന്റെ സുഹൃത്തിനെ ആക്രമിക്കാന്‍ പോകുന്നുവെന്ന കാര്യം രണ്ടാഴ്ച മുന്‍പ് തന്നെ പങ്കുവച്ചിരുന്നുവെന്നു പൊലീസ് കണ്ടെത്തി.
ആനന്ദയുടെ ഫോണിലേക്ക് ഒന്നാം പ്രതി ഒരു മഴുവിന്റെ ചിത്രം അയച്ചുകൊടുക്കുകയും ആക്രമിക്കുമെന്നു പറയുകയും ചെയ്തിരുന്നു. കൃത്യമായ ആസൂത്രണത്തോടെയാണ് പ്രതികള്‍ കെണിയൊരുക്കിയത്. എന്നാല്‍ വിഷയത്തില്‍ നേരിട്ടു ബന്ധമില്ലാത്ത അഭിരാമാണ് പ്രതികളുടെ കൊടുംക്രൂരതയ്ക്ക് ഇരയായത്. പൊലീസിനെ വട്ടംചുറ്റിക്കുന്ന തരത്തിലുള്ള മൊഴികളാണ് പ്രതികള്‍ നല്‍കിയത്. യാതൊരു കുറ്റബോധവുമില്ലാതെയാണ് പ്രതികളുടെ പെരുമാറ്റം.
ഒന്നാം പ്രതിയെ പൂജപ്പുര ഒബ്‌സര്‍വേഷന്‍ ഹോമിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. അഭിരാമിന്റെ ഫോണ്‍ തോട്ടിലേക്കു വലിച്ചെറിഞ്ഞുവെന്ന പ്രതികളുടെ മൊഴി പൊലീസ് മുഖവിലയ്‌ക്കെടുത്തിട്ടില്ല. സ്‌കൂബ ടീം ഉള്‍പ്പെടെ എത്തി പരിശോധന നടത്തിയെങ്കിലും ഫോണ്‍ കിട്ടിയില്ല. മൃതദേഹം കണ്ടെത്തിയ കാടുപിടിച്ച പ്രദേശത്ത് ഇന്നും വിശദമായ പരിശോധന നടത്തി.






