തിരുവനന്തപുരം∙ ശ്രീകാര്യം പാങ്ങപ്പാറയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി അഭിരാമിനെ കൊലപ്പെടുത്തിയ കേസില്‍ പൊലീസിനെ കുഴയ്‌ക്കാന്‍ ഫോണ്‍ കോള്‍ തന്ത്രവുമായി പ്രതികള്‍. ഞായറാഴ്ച ഫോണ്‍ വീട്ടില്‍ വച്ച ശേഷമാണ് രണ്ടാം പ്രതി ഉമര്‍ കൊലപാതകം നടന്ന സ്ഥലത്തേക്ക് എത്തിയത്. ഉമറിന്റെ കാമുകി ഐശ്വര്യ ഈ സമയം ഫോണിലേക്കു വിളിച്ചുകൊണ്ടിരുന്നു. ടവര്‍ ലൊക്കേഷന്‍ തെറ്റിദ്ധരിപ്പിക്കാനും സംഭവസമയം ഉമര്‍ വീട്ടിലുണ്ടായിരുന്നുവെന്നു വരുത്തിത്തീര്‍ക്കാനുമായിരുന്നു പ്രതികളുടെ ശ്രമം.
കൊലപാതകത്തിനു ശേഷം വീട്ടിലെത്തിക്കഴിഞ്ഞ്, ‘പതിനേഴുകാരന്‍ അഭിരാമിനെ കൊന്നെന്നും അവന്‍ അനുഭവിക്കട്ടെ’ എന്നുമുള്ള സന്ദേശം ഉമർ ഫോണില്‍നിന്ന് ഇന്‍സ്റ്റഗ്രാം വഴി കാമുകിക്ക് അയച്ചു. പ്രായപൂര്‍ത്തിയാകാത്ത ഒന്നാം പ്രതിയാണ് കൊലപാതകം ചെയ്തതെന്നു വരുത്തി ശിക്ഷ കുറയ്ക്കാനുള്ള നീക്കമായാണ് പൊലീസ് ഇതിനെ കാണുന്നത്. ഐശ്വര്യ ഇതിനെല്ലാം ഒത്താശ ചെയ്തുവെന്നും അവര്‍ക്ക് കൊലപാതകത്തെ കുറിച്ച് അറിവുണ്ടായിരുന്നുവെന്നുമാണ് പൊലീസ് പറയുന്നത്.
കസ്റ്റഡിയിലുളള ഐശ്വര്യയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഒന്നാം പ്രതിയായ പതിനേഴുകാരന്‍ ഉള്‍പ്പെടെയുള്ളവർ കൃത്യമായി ആസൂത്രണം ചെയ്ത ശേഷമാണ് തെളിവു നശിപ്പിക്കാനുള്ള ശ്രമം നടത്തിയിരിക്കുന്നത്. ഉമറിന് രണ്ടു ഫോണുകളുണ്ടെന്നാണ് പൊലീസിനു ലഭിച്ച വിവരം. ഒരു ഫോണില്‍ നിര്‍ണായകമായ പല വിഡിയോകളും തെളിവുകളും ഉള്ള സാഹചര്യത്തില്‍ അതു നശിപ്പിച്ചുകളഞ്ഞിരിക്കാനുള്ള സാധ്യതയാണു പൊലീസ് കാണുന്നത്.
ഉമറിന്റെയും അഭിരാമിന്റെയും ഫോണുകള്‍ കണ്ടെത്തി വിവരശേഖരണം നടത്തിയാല്‍ കൊലയുടെ കാരണത്തെക്കുറിച്ചു കൂടുതല്‍ വ്യക്തത വരുമെന്നു പൊലീസ് പറയുന്നു. കൊലപാതകത്തിനു തൊട്ടുമുന്‍പുള്ള ദിവസങ്ങളില്‍ അഭിരാമും മറ്റു ചില കുട്ടികളും തമ്മില്‍ വക്കേറ്റമുണ്ടായതിന്റെ വിഡിയോ പൊലീസിനു ലഭിച്ചിരുന്നു. ഇതിലുണ്ടായിരുന്ന കുട്ടികളെക്കുറിച്ചുള്ള വിവരങ്ങള്‍ പൊലീസ് ശേഖരിക്കുന്നുണ്ട്.






