അറ്റ്ലാന്റ∙ അമേരിക്കയിലെ അറ്റ്‌ലാന്റയിൽ നാലു വയസ്സുകാരനായ കോബി കൂക്സ് എന്ന കുട്ടിയെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തി വീടിനുള്ളിലെ അലമാരയിൽ തുണികൾക്കടിയിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ രണ്ട് സ്ത്രീകളെ പൊലീസ് കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു.
911 നമ്പറിലേക്ക് ലഭിച്ച ഒരു ഫോൺ സന്ദേശത്തെ തുടർന്നാണ് പൊലീസ് വീട്ടിൽ എത്തിയത്. പരിശോധനയ്ക്കിടെ മുകൾ നിലയിലെ അലമാരയിൽ തുണികൾ കൂട്ടിയിട്ടിരിക്കുന്നതിനടിയിൽ ഒളിപ്പിച്ച നിലയിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കുട്ടിയുടെ ശരീരത്തിൽ ഗുരുതരമായ പരുക്കുകളും മർദനമേറ്റതിന്റെ പാടുകളും ഉണ്ടായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി.
കുട്ടിയുടെ കെയർടേക്കറായ സ്ത്രീയും ഇവരുടെ സുഹൃത്തുമാണ് അറസ്റ്റിലായത്. ഈ ടൗൺഹോമിൽ മറ്റ് നാല് കുട്ടികൾക്കുമൊപ്പമാണ് താമസിച്ചിരുന്നത്. കുട്ടികൾക്കെതിരെ കടുത്ത പീഡനങ്ങളും ക്രൂരതകളും നടന്നിരുന്നതായി അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
ഈ വീട്ടിലുണ്ടായിരുന്ന മറ്റൊരു അഞ്ച് വയസ്സുകാരനെ കടുത്ത പോഷകാഹാരക്കുറവും മുഖത്ത് പരുക്കുകളുമായി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടികൾ നേരിട്ട ദീർഘകാലത്തെ ക്രൂരമായ പീഡനങ്ങളുടെ വിവരങ്ങൾ അടിയന്തര അന്വേഷണത്തിൽ പുറത്തുവന്നിട്ടുണ്ട്. കേസിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.






